ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ കേസ് അനിൽ അക്കര എംഎൽഎയുടെ പരാതിയിൽ

By Web TeamFirst Published Sep 25, 2020, 8:38 PM IST
Highlights

ലൈഫ് മിഷൻ പദ്ധതിയിൽ സ്വർണക്കത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കമ്മീഷൻ കൈപ്പറ്റിയെന്ന വെളിപ്പെടുത്തൽ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഫോറിൻ കോണ്ട്രിബൂഷൻ റെഗുലേഷൻ ആക്ട് പ്രകാരം ആണ് സിബിഐ കേസ് എടുത്തിരിക്കുന്നത്

കൊച്ചി: ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സിബിഐ കേസ് എടുത്തത് വടക്കാഞ്ചേരിയിലെ കോൺഗ്രസ് എംഎൽഎ അനിൽ അക്കരയുടെ പരാതിയിൽ. കേസിൽ എറണാകുളം സിജെഎം കോടതിയിലാണ് സിബിഐ എഫ്ഐആർ സമർപ്പിച്ചത്. ഇതിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. യുണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ, സെയ്ൻ വെഞ്ച്വേർസ്, ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഉന്നതർക്കും എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ലൈഫ് മിഷൻ പദ്ധതിയിൽ സ്വർണക്കത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കമ്മീഷൻ കൈപ്പറ്റിയെന്ന വെളിപ്പെടുത്തൽ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഫോറിൻ കോണ്ട്രിബൂഷൻ റെഗുലേഷൻ ആക്ട് പ്രകാരം ആണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. പിന്നാലെ തൃശൂരിലും എറണാകുളത്തും സിബിഐ പരിശോധന നടത്തി. യൂണിടാക് ബിൽഡേഴ്സിന്‍റെ ഓഫീസിലും ഉയർന്ന ഉദ്യോഗസ്ഥരുടെ വീടുകളിലുമാണ് റെയ്ഡ്. തിരുവനന്തപുരത്തെ  ലൈഫ് മിഷൻ ഓഫീസിലും അടുത്ത് തന്നെ സിബിഐ പരിശോധന നടത്തുമെന്നാണ് വിവരം. സ്വർണക്കടത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെ വൻ പ്രതിരോധത്തിലാക്കുന്നത് ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണം. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ ചോദ്യം ചെയ്തിരുന്നു.

സിബിഐ അന്വേഷണം ആരംഭിച്ചത് രാഷ്ട്രീയപ്രേരിതമായാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് കുറ്റപ്പെടുത്തി. കോൺഗ്രസ് എംഎൽഎയുടെ പരാതിയിൽ സിബിഐ കേസെടുത്തത് അസാധാരണമാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ പരസ്യ പ്രസ്താവന നടപ്പിലാക്കിയ മട്ടിലാണ് സിബിഐ പ്രവർത്തിച്ചത്. ഈ നടപടി അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്താനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബിജെപി-കോൺഗ്രസ്സ് കൂട്ട്കെട്ട് ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണിത്. വിവാദങ്ങളിൽ ഏതന്വേഷണവും ആകാമെന്നാണ് സർക്കാർ നിലപാട്. അഖിലേന്ത്യാ തലത്തിൽ സിബിഐക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ്, കേരളത്തിൽ സ്തുതിപാഠകരാണ്. കോൺഗ്രസ്-മുസ്ലിം ലീഗ് നേതാക്കൾ പ്രതികളായ ടൈറ്റാനിയം, മാറാട് കലാപ കേസുകൾ സിബിഐ ഏറ്റെടുക്കാത്തത് ബിജെപി-കോൺഗ്രസ് സഖ്യത്തിന്റെ തീരുമാനപ്രകാരമാണെന്നും സെക്രട്ടേറിയേറ്റ് കുറ്റപ്പെടുത്തി.

click me!