
തിരുവനന്തപുരം:ഈ മാസം 25 ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിക്കൊപ്പം അനിൽ ആന്‍റണിയേയും പങ്കെടുപ്പിക്കാൻ ബിജെപി. യുവാക്കളുമായുള്ള മോദിയുടെ സംവാദ പരിപാടി സംസ്ഥാനത്ത് അനിലിന്‍റെ പാർട്ടിയിലെ അരങ്ങേറ്റ വേദിയാക്കി മാറ്റാനാണ് തീരുമാനം.എകെ ആൻറണിയുടെ മകനെ കേരളത്തിൽ ബിജെപി എങ്ങിനെയാകും രംഗത്തിറക്കുക എന്ന ആകാംക്ഷ ഇന്നലെ മുതൽ ഉണ്ടായിരുന്നു. മോദിക്കൊപ്പം തന്നെ വൻ പ്രാധാന്യത്തോടെ അനിലിനെ അവതരിപ്പിക്കാനാണ് ബിജെപി തീരുമാനം. യുവാക്കളുമായുള്ള കൊച്ചിയിലെ പ്രധാനമന്ത്രിയുടെ സംവാദ പരിപാടി യുവം നേരത്തെ നിശ്ചയിച്ചതാണ്. പക്ഷെ തിയ്യതി 25 എന്ന് തീരുമാനിച്ചത് ഇന്ന്. യുവാക്കളുടെ പ്രതിനിധി എന്ന നിലയിൽ അനിൽ ആൻറണിയെ കൂടി വേദിയിലെത്തിക്കുന്നത് വലിയ നേട്ടമാകുമെന്നാണ് പാർട്ടി കണക്ക് കൂട്ടൽ.
ശരിക്കും യുവം രാഷ്ട്രീയപരിപാടിയായല്ല ബിജെപി ആസൂത്രണം ചെയ്തത്. വിവിധ മേഖലകളിലെ ആളുകളെ സംസ്ഥാനത്തുടനീളം പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള നീക്കത്തിനറെ ഭാഗമാണ് യുവം . കൊച്ചിയിൽ യുവാക്കളും പ്രൊഫഷണലുകളെയുമാണ് പങ്കെടുപ്പിക്കുന്നതെങ്കിൽ പിന്നാലെ തൃശൂരിൽ സ്മൃതി ഇറാനി പങ്കെടുക്കുന്ന വനിതാ സംഗമവും കോഴിക്കോട് രാജ് നാഥ് സിംഗ് നയിക്കുന്ന വിമുക്ത ഭടന്മാരുടെ കൂട്ടായ്മയും സംഘടിപ്പി്കുന്നുണ്ട്. അനിൽ ഒരു തുടക്കം മാത്രമെന്നാണ് ബിജെപി പറയുന്നത്.എതിർചേരിയിലെ കൂടുതൽ പ്രമുഖർ, മറ്റ് രംഗത്തെ വിഐപികൾ അങ്ങിനെ ലോക് സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അമ്പരിപ്പിക്കുന്ന വരവുകൾ ഇനിയുമേറെയുണ്ടെന്നാണ് അവകാശവാദം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam