
ദില്ലി : കേരളത്തിൽ പാർട്ടിയുടെ ശക്തി കൂട്ടാനും ദേശീയതലത്തിൽ രാഹുൽ ഗാന്ധി ഉയർത്തുന്ന വെല്ലുവിളിയിൽ നിന്ന് ശ്രദ്ധ തിരിക്കാനും അനിൽ ആൻറണിയുടെ പ്രവേശനം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അനിൽ ആൻറണിക്ക് ദേശീയതലത്തിൽ പദവി നല്കാനാണ് ആലോചന. അപ്രതീക്ഷിതമല്ലെങ്കിലും എകെ ആൻറണിയുടെ മകൻ ബിജെപിയിലെത്തിയത് കോൺഗ്രസ് ദേശീയ നേതൃത്വത്തെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ത്രിപുരയിലെ വിജയത്തിനു ശേഷം നരേന്ദ്ര മോദി അടുത്ത ലക്ഷ്യമായി മുന്നോട്ടു വച്ചത് കേരളമാണ്. കേരളത്തിൽ പാർട്ടിക്ക് ഊർജ്ജം നല്കാനും കോൺഗ്രസിനെ ഞെട്ടിക്കാനുമുള്ള 'സർജിക്കൽ സ്ട്രൈക്ക്' എന്നാണ് ഇന്നത്തെ അനിലിന്റെ പ്രവേശനത്തെ ബിജെപി വിശേഷിപ്പിക്കുന്നത്. ബിബിസി വിവാദം മുതൽ അനിൽ ആൻറണി തുടർച്ചയായി ബിജെപി അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. അനിൽ ആൻറണിയുടെ ട്വീറ്റുകൾ ബിജെപി ആയുധമാക്കി. എന്നാൽ നാല്പത്തിനാലാം സ്ഥാപക ദിനം കൂടിയായ പെസഹ വ്യഴാഴ്ച അനിൽ ആൻറണിയെ പാർട്ടിയിലേക്ക് കൊണ്ടു വന്ന ബിജെപി രാഹുൽ ഗാന്ധിക്ക് കിട്ടുന്ന സ്വീകാര്യതയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം കൂടിയാണ് നടത്തുന്നത്.
കോൺഗ്രസിൻറെ ഏറ്റവും മുതിർന്ന നേതാവും ഗാന്ധി കുടുംബത്തിൻറെ വിശ്വസ്തനുമായ എകെ ആൻറണിയുടെ മകന് പോലും ബിജെപിയോട് അകൽച്ചയില്ലെന്ന സന്ദേശം നല്കാൻ പാർട്ടിക്ക് ഇതിലൂടെ കഴിഞ്ഞു. രാഹുൽ ഗാന്ധി രാജ്യവിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന വാദം ശക്തമാക്കാനും അനിൽ ആൻറണിയുടെ സാന്നിധ്യം ബിജെപി പ്രയോജനപ്പെടുത്തും.
കേരളത്തിൽ ക്രിസ്ത്യൻ വോട്ടുകൾ ആകർഷിക്കാൻ ബിജെപി നീക്കം തുടങ്ങിയിരുന്നു. അനിൽ ആൻറണിയുടെ പ്രവേശനം ക്രൈസ്തവർക്കുള്ള സന്ദേശം കൂടിയായാണ് പാർട്ടി കാണുന്നത്. അനിൽ ആൻറണി കോൺഗ്രസുമായി ഇടഞ്ഞിട്ട് എറെ നാളായെങ്കിലും എകെ ആൻറണിയുടെ മകൻ ബിജെപിയിലേക്ക് ചേക്കേറിയത് പാർട്ടി ക്യാംപിൽ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്. ശശി തരൂർ മല്ലികാർജ്ജുൻ ഖാർഗെയ്ക്കെതിരെ മത്സരിച്ചപ്പോൾ അനിൽ ആൻറണി തരൂരിൻറെ കൂടെ ഉണ്ടായിരുന്നു. അതിനാൽ പാർട്ടിയിൽ രാഹുലിനെ എതിർക്കുന്ന ക്യാംപിലും അനിൽ ആൻറണിയുടെ ഈ ചാട്ടം ചലനത്തിന് ഇടയാക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam