
കോട്ടയം: മൊബൈൽ ഫോൺ വെട്ടത്തിൽ രോഗിയുടെ മുറിവിന് തുന്നിട്ട സംഭവത്തിൽ വിശദീകരമവുമായി ആശുത്രി സൂപ്രണ്ട്. വൈക്കം താലൂക്ക് ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ മൂന്നു വരെയും വൈകിട്ട് 6.45 മുതൽ 7.30 വരെയും രണ്ടു ഘട്ടങ്ങളിലായി ഉണ്ടായ വൈദ്യുതി മുടക്കം അപ്രതീക്ഷിതമായി ഉണ്ടായ സാങ്കേതിക തകരാർ അടിയന്തരമായി പരിഹരിക്കാൻ വേണ്ടി ആയിരുന്നുവെന്നാണ് ആശുപത്രി സൂപ്രണ്ട് ട്വിങ്കിൾ പ്രഭാകരന്റെ വിശദീകരണം.
വൈക്കം പ്രൈവറ്റ് സ്റ്റാൻഡിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റ് മാറ്റുന്ന സാഹചര്യത്തിൽ കെ.എസ്.ഇ.ബി ഫെബ്രുവരി ഒന്നിന് രാവിലെ ഒൻപതു മുതൽ ഉച്ചകഴിഞ്ഞ് 2.30 വരെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. ഈ സമയം ജനറേറ്റർ പ്രവർത്തിപ്പിച്ച് ആശുപത്രിയിൽ വൈദ്യുതി ഉറപ്പാക്കിയിരുന്നു. ഉച്ച കഴിഞ്ഞ് 2.30 ന് കെ.എസ്.ഇ.ബി. വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതോടെ ആശുപത്രിയിൽ വൈദ്യുതി കെ എസ് ഇ ബി. ലൈനിലേക്ക് ഘടിപ്പിക്കുന്ന സമയം ജനറേറ്ററിൽനിന്ന് വൈദ്യുതി ലൈൻ സാധാരണ നിലയിലേക്ക് മാറ്റുന്ന ഓട്ടോമാറ്റിക് ചേഞ്ച് ഓവർ സ്വിച്ചിനു തകരാർ കാണുകയും വൈദ്യുതി പ്രവഹിക്കുന്നതിൽ തടസം നേരിട്ട് ആശുപത്രിയിൽ ആദ്യഘട്ട വൈദ്യുതി മുടക്കം ഉണ്ടാവുകയുമായിരുന്നു.
തുടർന്ന് അരമണിക്കൂറിനകം ആശുപത്രിയിൽ ജനറേറ്റർ പ്രവർത്തിപ്പിച്ച് വൈദ്യുതി ലഭ്യമാക്കി. പൊതുമരാമത്ത് വകുപ്പ് എൻജിനീയറുടെ നിർദ്ദേശപ്രകാരം ബന്ധപ്പെട്ട കമ്പനിയെ വിവരം ധരിപ്പിച്ചു. വൈകിട്ട് 6.30 ന് തകരാർ പരിഹരിക്കാനാവശ്യമായ സ്പെയർ പാർട്സുകളും സാങ്കേതിക വിദഗ്ധരും എത്തി. എന്നാൽ തകരാർ പരിഹരിക്കുന്നതിന് ജനറേറ്ററിൽ നിന്നുള്ളത് ഉൾപ്പെടെ വൈദ്യുതി പൂർണമായും വിച്‌ഛേദിക്കേണ്ടതുണ്ടായിരുന്നു.
വൈദ്യുതി താൽക്കാലികമായി വിച്‌ഛേദിക്കുന്ന വിവരം ആശുപത്രിയിലെ അനൗൺസ്‌മെന്റ് സംവിധാനം ഉപയോഗിച്ച് രോഗികളെയും കൂട്ടിരിപ്പുകാരെയും മുൻകൂർ അറിയിക്കുകയും യു.പി.എസ്. വഴി അത്യാഹിത വിഭാഗം, നിരീക്ഷണ മുറികൾ എന്നിവയിൽ നേരിട്ട് വൈദ്യുതി ഉറപ്പാക്കുകയും ചെയ്തു. മറ്റ് വാർഡുകളിൽ ആവശ്യത്തിന് മെഴുകുതിരികൾ പരമാവധി ലഭ്യമാക്കി ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ സംവിധാനം ഒരുക്കിയിരുന്നു.
മുഴുവൻ സമയവും സൂപ്രണ്ട്, ആർ.എം.ഓ എന്നിവരുടെ നേതൃത്വത്തിൽ സാങ്കേതിക വിദഗ്ധരുടെ നിർദ്ദേശപ്രകാരമാണ് നടപടികൾ പൂർത്തിയാക്കിയത്. സാങ്കേതിക തകരാർ പരിഹരിക്കുന്നതിൻ്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങിയത്. ഡീസൽ ചെലവുമായോ ക്ഷാമവുമായോ ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും സൂപ്രണ്ട് പറഞ്ഞു.
ചെമ്പ് സ്വദേശി എസ്. ദേവതീർഥിനെയായിരുന്നു മൊബൈൽ ഫോൺ വെളിച്ചത്തിൽ തുന്നൽ ഇട്ടത്. വീണതിനെ തുടർന്നാണ് കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. മുറിവ് സ്റ്റിച്ചിടണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. ഈ സമയത്തായിരുന്നു ആശുപത്രിയില്‍ വൈദ്യുതി പോകുന്നത്. സ്റ്റിച്ചിടുന്ന റൂമില്‍ വൈദ്യുതി ഇല്ലാത്തത് എന്താണെന്ന് മാതാപിതാക്കള്‍ ചോദിക്കുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്.
എന്നാല്‍ ജനറേറ്ററ്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാന്‍ ഡീസലില്ല എന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന അറ്റന്‍ഡര്‍ മറുപടി നല്‍കുന്നത്. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളുടെ കൂടി സഹായത്തോടെയാണ് മൊബൈല്‍ ഫോണിന്‍റെ വെളിച്ചത്തില്‍ തലയില്‍ സ്റ്റിച്ചിടുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം തന്നെ അത്യാധുനിക സംവിധാനങ്ങളുണ്ടെന്ന് പറയുകയും അവകാശപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വൈക്കം താലൂക്ക് ആശുപത്രിയില്‍ ഗുരുതര വീഴ്ചയുണ്ടായതെന്ന ആരോപണം ഉയര്‍ന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam