
കൊച്ചി: മുണ്ടൻ വേലിയിൽ കേബിൾ കഴുത്തിൽ കുരുങ്ങി 11 വയസുകാരന് പരിക്കേറ്റു. ജോസഫ് ബൈജുവിൻ്റെ മകൻ സിയാൻ ആണ് പരിക്കേറ്റത്. പാൽ വാങ്ങാൻ സൈക്കിളിൽ പോയി വരുമ്പോൾ ആയിരുന്നു അപകടം. സൈക്കിളിൽ സഞ്ചരിക്കുന്നതിനിടെ താഴ്ന്നു കിടന്ന കേബിളിൽ സിയാൻ്റെ കഴുത്ത് കുരുങ്ങി വീഴുകയായിരുന്നു. ഇന്ന് വൈകിട്ടായിരുന്നു അപകടം. കേബിൾ കുരുങ്ങി ഇന്ന് നഗരത്തിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണ്.
എറണാകുളത്തെ അഭിഭാഷകനായ കുര്യനാണ് ഇന്ന് രാവിലെ നടന്ന മറ്റൊരു അപകടത്തിൽ പരിക്കേറ്റത്.രാവിലെ ആറ് മണിക്കായിരുന്നു അപകടം. മകളെ റയില്‍വേ സ്റ്റേഷനില്‍ കൊണ്ടുപോയി വിട്ട ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ എംജി റോഡില്‍ വച്ചാണ് അപകടമുണ്ടായത്. റോഡില്‍ താഴ്ന്ന് കിടന്ന കേബിള്‍ കഴുത്തില്‍ കുടങ്ങിയതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു. സ്പീഡ് കുറവായതിനാലും ഹെല്‍മറ്റ് ധരിച്ചതുകൊണ്ടുമാണ് ജീവൻ രക്ഷപെട്ടതെന്ന് കുര്യൻ പറഞ്ഞു.