
മലപ്പുറം: നിലമ്പൂർ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധത്തില്‍ ഒരാൾ കൂടി അറസ്റ്റിൽ. വണ്ടൂർ സ്വദേശി മിഥുൻ (28) ആണ് പിടിയിലായത്. ഒളിവിൽ കഴിയുന്ന പ്രതിയെ സഹായിച്ചതിനാണ് അറസ്റ്റ്. അതേസമയം ഷാബാ ഷെരീഫിന്‍റെ മൃതദേഹ ആവശിഷ്ടങ്ങൾക്കായി ചാലിയാർ പുഴയിൽ എടവണ്ണ പാലത്തിന് സമീപം നേവി സംഘം നടത്തിയ തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. തെരച്ചിലിൽ ലഭിച്ച പ്ലാസ്റ്റിക് കവറുകളും എല്ലുകളോട് സാമ്യമുള്ള വസ്തുവും കോടതി അനുമതിയോടെ പരിശോധനക്ക് അയച്ചിട്ടുണ്ട് . പാലത്തിനു താഴെ അറവ് മാലിന്യങ്ങൾ ഉൾപ്പടെ തള്ളുന്ന സ്ഥലത്തു നിന്നാണ് ഈ വസ്തുക്കൾ ലഭിച്ചത് എന്നതിനാൽ വിശദ ഫോറൻസിക് പരിശോധനകൾ നടത്തണമെന്ന് പൊലീസ് അറിയിച്ചു.
2019 ലാണ് മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫിന്‍റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ട് വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരിൽ ചികിത്സാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യപ്രതിയുടെ ലക്ഷ്യം. ഒന്നേ കാൽ വര്‍ഷത്തോളം നിലമ്പൂരിലെ വീട്ടിൽ തടവിലിട്ട് വൈദ്യനെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു. വീട്ടിൽ ശുചിമുറിയോട് കൂടിയ മുറി പ്രത്യേകം സജ്ജമാക്കിയാണ് ഒറ്റമൂലി വൈദ്യനെ തടവിൽ പാർപ്പിച്ചത്. 2020 ഒക്ടോബറിൽ ചികിത്സാ രഹസ്യം ചോർത്തിയെടുക്കാനുള്ള മർദ്ദനത്തിനിടെ ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. തുടർന്ന് ഷൈബിനും കൂട്ടാളികളും മൃതദേഹം പല കഷ്ണങ്ങളാക്കി മലപ്പുറം എടവണ്ണ സീതിഹാജി പാലത്തിൽ നിന്നും ചാലിയാറിലേക്ക് എറിയുകയായിരുന്നെന്ന് പൊലീസ് പറയുന്നു.