
തൃശ്ശൂര്‍; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദം കൂടുതല്‍ ശക്തമാകുന്നു. അവാര്‍ഡ് നിര്‍ണ. രീതിക്കെതിരെ പരസ്യ പ്രതികരണവുമായി സംവിധായകന്‍ പ്രിയനന്ദന്‍ രംഗത്തെത്തി. സിനിമക്ക് പുരസ്കാരം കിട്ടാത്തതിന്‍റെ പേരിലല്ല പരാതി ഉന്നയിക്കുന്നത്. ജൂറിയുടെ തീരുമാനത്തെ മാനിക്കുന്നു. ധബാരി കുരുവി എന്ന തന്‍റെ ചിത്രം ആദ്യ റൗണ്ടിൽ തെരഞ്ഞെടുത്തു .എന്നാല്‍ അന്തിമ ജൂറിക്ക് മുന്നില്‍ ചിത്രം എത്തിയില്ല.ഗോത്ര വര്‍ഗ്ഗക്കാരെകുറിച്ചുള്ള സിനിമയാണിത്. ഇതുവരെക്യാമറക്കു മുന്നില്‍ വരാത്തവരാണ് അഭിനേതാക്കള്‍.അര്‍ഹമായ പരിഗണന സിനിമക്ക് കിട്ടിയില്ല. അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്.
ആദ്യ റൗണ്ടിൽ തെരഞ്ഞെടുത്തു എന്ന് ജ്യൂറി അംഗം പറയുന്ന ഓഡിയോ എൻ്റെ പക്കലുണ്ട്.സർക്കാർ ഇടപെട്ടു എന്ന് കരുതുന്നില്ല. .ഇടക്കാരാണ് ഇടപെട്ടത് എന്നറിയണം.ആർട്ടിസ്റ്റിനോട് ചെയ്ത നിന്ദ്യമായ പ്രവൃത്തിയാണിത്.: മുഖ്യമന്ത്രിക്കടക്കം പരാതി നൽകും.പ്രാഥമിക കമ്മിറ്റി തെരഞ്ഞെടുത്ത സിനിമ എന്തുകൊണ്ട് അന്തിമ കമ്മിറ്റിക്ക് മുന്നിൽ വച്ചില്ല?അതറിഞ്ഞേ പറ്റൂ. അന്വേഷണം വേണമെന്നും പ്രിയനന്ദന്‍ ആവശ്യപ്പെട്ടു.
ഹോം സിനിമക്ക് പുരസ്കാരം ലഭിക്കാത്തതിലും പ്രിയനന്ദന്‍ പ്രതികരിച്ചു സിനിമ എന്താണെന്നാണ് നോക്കേണ്ടത്.മുതലിറക്കുന്നവരെ നോക്കിയല്ല സിനിമ വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര പുരസ്കാരം(Kerala State Film Awards 2022) പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ജൂറിക്കെതിരെ വിമർശനം ഉയര്‍ന്നിരുന്നു. ഇന്ദ്രൻസിനും ഹോം എന്ന സിനിമയ്ക്കും അവാർഡുകൾ ലഭിക്കാത്തതിലുള്ള പ്രതിഷേധമാണ് നടന്നത്. ഇതിന്റെ ഭാഗമായി ഇന്ദ്രൻസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ നിരവധിപ്പേര്‍ വിമർശനവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തുകയും ചെയ്തു. പിന്നാലെ മലയാള സിനിമാ മേഖലയിലെ പുതിയ വിവാദങ്ങൾക്ക് ഹോം വഴിതുറക്കുകയായിരുന്നു.
ജൂറി സിനിമ കണ്ടില്ലെന്ന് ഉറപ്പാണെന്നും നിർമ്മാതാവ് വിജയ് ബാബുവിനെതിരായ കേസ് സിനിമക്കെതിരെ ആയുധമാക്കിയിട്ടുണ്ടാകാമെന്നുമാണ് ഇന്ദ്രൻസ് പ്രതികരിച്ചത്. 'ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു, ജൂറി സിനിമ കണ്ട് കാണില്ല. ഹൃദയം സിനിമയും മികച്ചതാണ്. അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോം. അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം, വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാല്‍ ജൂറി തിരുത്തുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു. സിനിമയ്ക്കും ഇന്ദ്രൻസിനും മഞ്ജു പിള്ളക്കും അവാർഡ് പ്രതീക്ഷിച്ച ആരാധാകർ നിരാശ മുഴുവൻ സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുമ്പോഴാണ് ഗുരുതര ആരോപണവുമായി ഇന്ദ്രൻസും രംഗത്തെത്തിയിരിക്കുന്നത്.
ഇത്തരത്തിൽ ഹോമിനെ ബോധപൂർവ്വം തഴഞ്ഞെന്ന ആക്ഷേപം ഉയരുമ്പോൾ സിനിമ അവസാനഘട്ടത്തിൽ എത്തിയിരുന്നില്ലെന്നാണ് ജൂറി ചെയർമാൻ സയിദ് മിർസ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. എല്ലാ ജൂറി അംഗങ്ങളും 'ഹോം' സിനിമ കണ്ടതാണ്. വിവാദം അനാവശ്യമാണ്. ഇന്ദ്രൻസിന്റെ ആരോപണം തെറ്റാണ്. ഒരു വിഭാഗത്തിലും അവസാന ഘട്ടത്തിലേക്ക് 'ഹോം' എത്തിയിട്ടില്ല എന്നും ജൂറി ചെയർമാൻ വ്യക്തമാക്കി. അവാർഡുകൾ നിർണയിച്ചതിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും പൂർണമായും ജൂറിയാണ് അവാർഡുകളെല്ലാം തീരുമാനിച്ചതെന്നുമാണ് സയിദ് മിർസ വ്യക്തമാക്കിയത്.