
തിരുവനന്തപുരം: നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. ജയസൂര്യക്കെതിരെ കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ദുരനുഭവം പറഞ്ഞ് നടിമാര്‍ രംഗത്തെത്തിയത്. തിരുവനന്തപുരം സ്വദേശിയായ നടി 2013 തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ ദുരനുഭവം നേരത്തെ തുറന്ന് പറഞ്ഞിരുന്നു. മേക്കപ്പ് ചെയ്ത് ടോയലറ്റിൽ നിന്ന് പുറത്തേക്ക് വരുന്നതിനിടെ യുവ നടൻ പിന്നിൽ നിന്ന് കടന്ന് പിടിച്ചെനനാണ് പരാതി. ആദ്യം നടന്‍റെ പേര് വെളിപ്പെടുത്താതിരുന്ന നടി ഇന്നലെ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പേര് വെളിപ്പെടുത്തി. ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലും ജയസൂര്യയണ് തന്നോട് ലൈംഗിക അതിക്രമം നടത്തിയതെന്ന് നടി വെളിപ്പെടുത്തി.
നടിയുടെ പരാതിയിൽ ഇന്നലെ രാത്രിയാണ് കരമന പൊലീസ് കേസെടുക്കുന്നത്. കുറ്റകൃത്യം നടന്നത് തൊടുപുഴ ആയതിനാലാണ് കേസ് തൊടുപുഴയിലേക്ക് കൈമാറുന്നത്. തൊടുപുഴയിലെ കേസും നിലവിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന സമയത്ത് ദുരനുഭവം ഉണ്ടായ കാര്യം നടി വെളിപ്പെടുത്തിയിരുന്നു. ഈ പരാതിയിലാണിപ്പോള്‍ പൊലീസ് കേസെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തിലെ തൃശൂരിലെ ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ഇതേക്കുറിച്ച് അന്വേഷിക്കുക.പ്രത്യേക അന്വേഷണ സംഘം ഇന്നലെ നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
നേരത്തെ കൊച്ചി സ്വദേശിനിയായ മറ്റൊരു നടിയുടെ പരാതിയിലും തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസും ലൈംഗിക അതിക്രമത്തിന് ജയസൂര്യയ്ക്കെതിരെ കേസ് എടുത്തിരുന്നു.സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയെന്നാണ് കൊച്ചി സ്വദേശിനിയായ നടിയുടെ പരാതി. ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ലൈംഗികാതിക്രമം, സ്ത്രീസ്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.
കൊച്ചി സ്വദേശിയായ നടിയുടെ 7 പരാതികളിൽ രജിസ്റ്റർ ചെയ്തതും ജയസൂര്യക്കെതിരായ കേസാണ്. ജയസൂര്യക്ക് പുറമേ മുകേഷ് എംഎൽഎ, ഇടവേള ബാബു, മണിയൻപിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ തുടങ്ങിയവർക്കെതിരെയും നടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam