നിർണായക തീരുമാനം ഇന്നുണ്ടാകുമോ? മുകേഷിന്‍റെ രാജിക്കായി സമ്മർദമേറുന്നു, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്
അതേസമയം, എം.മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.
തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ കൊല്ലം എംഎൽഎ മുകേഷിന്‍റെ രാജിക്ക് സമ്മർദ്ദം ഉയരുന്നതിനിടെ നിര്‍ണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത്. ധാർമ്മികത മുൻനിർത്തി മുകേഷ് മാറി നിൽക്കണമെന്ന സിപിഐ നിലപാട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചിരുന്നു. സമാന കേസുകളിൽ പ്രതികളായ രണ്ട് കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ മുകേഷിന്‍റെ രാജി ആവശ്യമില്ലെന്നുമാണ് സിപിഎമ്മിന്‍റെ നിലപാട്.
അനാവശ്യമായ ഒരു കീഴ്വഴക്കം ഉണ്ടാക്കി വഴങ്ങേണ്ടതില്ലെന്നാണ് ഇന്നലെ ചേർന്ന അവൈലബിൾ സെക്രട്ടറിയേറ്റും വിലയിരുത്തിയത്. വിഷയത്തിൽ സിപിഐ അടക്കമുള്ള ഘടകക്ഷി നിലപാടുകളോട് എന്ത് നിലപാട് സ്വീകരിക്കണമെന്നത് സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. സിപിഐ വിഷയത്തില്‍ സമ്മര്‍ദം ശക്തമാക്കിയതോടെ ഇന്ന് ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗം നിര്‍ണായകമാണ്.അതേസമയം, എം.മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.
മഹിളാ കോൺഗ്രസ് ഇന്ന് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനന്ദവല്ലീശ്വരത്തെ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തും. വനിതാ കൂട്ടായ്മയായ വിമൺ കളക്ടീവും എംഎൽഎ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും. മുകേഷിന്‍റെ പട്ടത്താനത്തെ വീട്ടിലേക്ക് ബിജെപിയും പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മുകേഷ് രാജി വയ്ക്കും വരെ സമരം തുടരാനാണ് തീരുമാനം. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ എംഎൽഎ ഓഫീസിനും വീടിനും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, മലയാള സിനിമയിലെ മീ ടു വിവാദത്തിൽ കൊച്ചിയിൽ രജിസ്റ്റർ ചെയ്ത ഏഴു കേസുകളിലും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നടപടികൾ ഇന്ന് തുടങ്ങും. ഓരോ കേസിനും ഓരോ അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് ടീമിനെ നിശ്ചയിച്ചിരിക്കുന്നത്. ഡിഐജി പൂങ്കുഴലിക്കാണ് കൊച്ചിയിലെ കേസുകളുടെ ചുമതല. ഇന്നുതന്നെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് തീരുമാനം. രഞ്ജിത്തിനെതിരായ കേസിലും തുടർ നടപടികൾ ഉണ്ടാകും.