ദുഷ്പ്രചാരണങ്ങൾക്ക് പിന്നിൽ മാറ്റങ്ങളിൽ വിറളി പിടിച്ചവരെന്ന് ജലീൽ; വിവാദങ്ങൾ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം

By Web TeamFirst Published Oct 16, 2019, 3:43 PM IST
Highlights

എംജി സർവകലാശാലക്ക് പിന്നാലെ കേരള സർവകലാശാല പരീക്ഷാമൂല്യ നിർണ്ണയത്തിലും മന്ത്രി കെ.ടി.ജലീലിന്റെ ഇടപെടൽ. ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ജലീൽ. ഒന്നൊന്നായി ഉയരുന്ന വിവാദങ്ങൾ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം

തിരുവനന്തപുരം:മാർക്കുദാന വിവാദത്തിൽ സർക്കാരിനെതിരെ തുറന്ന പോര് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവിന് മറുപടിയുമായി മന്ത്രി കെ ടി ജലീൽ. ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളിൽ വിറളി പിടിച്ചവരാണ് ദുഷ്പ്രചാരണം നടത്തുന്നതെന്ന് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് കെ ടി ജലീൽ മറുപടി നൽകി. എംജി സർവകലാശാല പരീക്ഷാ മാർക്ക് ദാന വിവാദത്തിന് പിന്നാലെ കേരള സർവകലാശാലയുടെ മൂല്യനിർണയ കാര്യങ്ങളിലും ചട്ടം ലംഘിച്ച് മന്ത്രി കെ ടി ജലീൽ ഇടപെട്ടതിന്റെ തെളിവ് പുറത്തു വന്നിരുന്നു. 

മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരം മൂല്യനിർണയത്തീയതികളിലും പരീക്ഷാ കലണ്ടറിലും മാറ്റം വരുത്താൻ തീരുമാനിച്ചതായുള്ള കേരള സർവകലാശാലയുടെ സിൻഡിക്കേറ്റ് തീരുമാനങ്ങളടങ്ങിയ മിനിറ്റ്‍സ് ആണ് ഇന്ന് പുറത്തുവന്നത്. ഇതിന് തുടർച്ചയായി ആണ് ആരോപണങ്ങൾക്ക് മന്ത്രി കെ ടി ജലീൽ മറുപടി നൽകിയത്. ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് മന്ത്രി പ്രതികരിച്ചു.

Read More: കേരള സർവകലാശാലാ മൂല്യനിർണയത്തിലും മന്ത്രി ജലീലിന്‍റെ 'കൈ', ചട്ടം ലംഘിച്ച് ഇടപെട്ടു

മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട അദാലത്തിൽ ഇരുന്നെങ്കിലും തന്റെ സെക്രട്ടറിമാർ അഭിപ്രായമോ, നിർദേശമോ നൽകിയിട്ടില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തത് അദാലത്തിന്റെ ഉദ്‌ഘാടന ചടങ്ങിലാണ്. അവിടെ ഇരുന്നത് കൊണ്ടാണ് പ്രൈവറ്റ് സെക്രട്ടറി, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എന്നിവരുടെ പേരുകൾ മിനിട്സിൽ പേര് വന്നത്.  'ആവശ്യമില്ലാത്തവരുടെ പേരുകൾ മിനിട്സിൽ ഉൾപ്പെടുത്തരുതായിരുന്നു. ഇക്കാര്യത്തിൽ രജിസ്ട്രാർക്ക് വീഴ്ച പറ്റി. എങ്കിലും നിലവിൽ നടത്തുന്ന തരത്തിൽ അദാലത്തുകൾ ഓരോ മൂന്ന് മാസത്തിലും തുടരു'മെന്നും മന്ത്രി വ്യക്തമാക്കി. പരീക്ഷയിൽ തോറ്റ ബിടെക്ക് വിദ്യാർത്ഥിയെ ജയിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ ഇടപെട്ടെന്നാണ് ആരോപണം. 

2012  ഇൽ കാലിക്കറ്റ് സ‍ർവകലാശാലയിലെ ബിടെക് പരീക്ഷയിലും 20 മാർക്ക് മോഡറേഷൻ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ മോഡറേഷൻ നൽകുന്നത് പതിവാണ്. മോഡറേഷൻ എപ്പോൾ നൽകണം എന്ന് സർവകലാശാല നിയമങ്ങളിൽ നിഷ്കർഷിക്കുന്നില്ല. ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പും ശേഷവും നൽകാം. അധികാരം വിസിയിൽ നിക്ഷിപ്‌തം ആണ്. അടിയന്തര ഘട്ടങ്ങളിൽ വിസിക്ക് അധികാരം ഉപയോഗിക്കാം. സിൻഡിക്കേറ്റ് തീരുമാനം തെറ്റെങ്കിൽ ചാൻസലർ നടപടി എടുക്കട്ടെ എന്നും മന്ത്രി പറഞ്ഞു.മാർക്ക് ദാനത്തിൽ മന്ത്രിയുടെ ഓഫീസും ഇടപെട്ടു എന്നതിന് ഒരു തെളിവും ആരും ഹാജരാക്കിയിട്ടില്ലെന്നും കെ ടി ജലീൽ രമേശ് ചെന്നിത്തലക്ക് മറുപടി നൽകി. 

Read More:'ജലീല്‍ രാജിവയ്ക്കണം'; കെഎസ്‍യു മാര്‍ച്ച് സംഘര്‍ഷഭരിതം; ലാത്തിച്ചാര്‍ജ്, ജലപീരങ്കി പ്രയോഗിച്ചു

മറുവശത്ത് മാർക്ക് ദാന വിവാദത്തിലടക്കം കെ ടി ജലീലിനെതിരായ പ്രതിഷേധം പ്രതിപക്ഷം കടുപ്പിക്കുകയാണ്. എംജി സർവകലാശാലയിലെ വിവാദത്തിന്  പിന്നാലെ കേരള സർവകലാശാലയിലെ പരീക്ഷാ മൂല്യനിർണയത്തിലും പരീക്ഷാ കലണ്ടറിലും മാറ്റം വരുത്താൻ മന്ത്രിയുടെ ഓഫീസ് നേരിട്ട് നിർദേശിച്ചു എന്ന് വ്യക്തമാകുന്ന രേഖകൾ പുറത്തു വന്നത് രാഷ്ട്രീയ ആയുധമാക്കാൻ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. 

മാർക്ക് ദാന വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സർവകലാശാലാ ചാൻസലർ കൂടിയായ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ നിഷ്പക്ഷമായ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. എം ജി സർവകലാശാലയിലും എഞ്ചിനീയറിംഗ് പരീക്ഷയിൽ മാർക്ക് ദാനം നടത്താൻ മന്ത്രി ഇടപെട്ടെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. 

Read More: ജലീലിനെതിരെ പ്രതിപക്ഷം കടുപ്പിച്ച് തന്നെ, രമേശ് ചെന്നിത്തല ഇന്ന് ഗവർണറെ കാണും

അതിനിടെ മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെ ടി ജലീലിനെതിരായ കെ എസ് യു മാർച്ച് സംഘർഷത്തിൽ കലാശിച്ചു. കെഎസ് യു പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മന്ത്രി കെ ടി ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് കെ എസ് യു സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. 26 കെ.എസ്.യു പ്രവർത്തകരെ ഏറെ പണിപ്പെട്ടാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.  ജലപീരങ്കിക്കിടെ തെന്നി വീണ്  രണ്ട് കെഎസ്‍യു പ്രവർത്തകർക്കു പരിക്കേറ്റു. കഴിഞ്ഞ ദിവസം എംജി സർവകലാശാലയിലും മന്ത്രി കെ ടി ജലീലിനെതിരെ കെ എസ് യു പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. 
 

click me!