
കൊച്ചി: കോറോ ഹെൽത്തിന് പിന്നാലെ ജീവനക്കാരെ വഴിയാധാരമാക്കി ടാൽറോപ്. കൊച്ചി ആസ്ഥാനമായ ടാൽറോപ് കമ്പനിയിലാണ് കൂട്ടപ്പിരിച്ചുവിടൽ നടന്നിരിക്കുന്നത്. ശമ്പളവും ജോലിയും ഇല്ലാതെ 300 ഓളം ജീവനക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. എഐ മൂലം കമ്പനി പൂട്ടുകയാണെന്നാണ് ഉടമകളുടെ വിശദീകരണം. നിയമ പഴുതുകൾ ഉപയോഗിച്ചായിരുന്നു പിരിച്ചുവിടൽ നടത്തിയത്. 19 കമ്പനികളിലായിട്ടാണ് ജീവനക്കാർ ജോലിയെടുത്തത്. അതേ സമയം പുതിയ ഇൻവെസ്റ്റ്മെൻറ് നീക്കവുമായി മുന്നോട്ട് പോകാനുള്ള നിലപാടിലാണ് കമ്പനി ഉടമകൾ. പരാതികളിൽ നടപടിയില്ലാതെ വന്നതോടെ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ജോലി നഷ്ടപ്പെട്ടവർ. ഘട്ടംഘട്ടമായിട്ടാണ് ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.
തിരുവനന്തപുരം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ടാൽറോപ്പ്. പല തരത്തിലുള്ള ഐടി സര്‍വീസ് നൽകുന്ന കമ്പനിയാണിത്. ഘട്ടംഘട്ടമായിട്ടാണ് മൂന്നൂറോളം ജീവനക്കാരെ ഇവര്‍ പിരിച്ചുവിട്ടുകൊണ്ടിരുന്നത്. മൂന്ന് മാസത്തെ സാലറിയും സെറ്റിൽമെന്‍റ് തുകയും നൽകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇവയൊന്നും ലഭിക്കാതെ വന്നതോടെയാണ് ജീവനക്കാരായിരുന്നവര്‍ പരസ്യ പ്രതിഷേധത്തിലേക്ക് കടക്കുന്നത്. ഇവര്‍ക്ക് മറ്റൊരു ജോലി ലഭിക്കാത്ത സാഹചര്യമാണ് ഉള്ളത്. കമ്പനി പറയുന്നത് എഐ വന്നത് കൊണ്ട് കമ്പനി തുടരുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നാണ് ഉടമകള്‍ പറയുന്നത്.
എന്നാൽ ഇവര്‍ മറ്റ് പല ഇൻവെസ്റ്റ്മെന്‍റുകളുമായി മുന്നോട്ട് പോകുന്നുണ്ട്. ഇതോടെയാണ് ജീവനക്കാര്‍ക്ക് സംശയം തോന്നിയത്. തൊഴിൽ വകുപ്പിന് പരാതി നൽകിയിരുന്നെങ്കിലും ഇടപെടാൻ കഴിയില്ലെന്നാണ് പ്രതികരണം. ലേബര്‍ കോടതിയിലേക്ക് കൈമാറണമെന്നും അറിയിച്ചിട്ടുണ്ട്. നിലവിൽ സര്‍ക്കാര്‍ തലത്തിൽ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍. മൂന്നൂറിന് മുകളിൽ ആളുകള്‍ വളരെ ആശങ്കയിലാണുള്ളത്. ഈ സാഹചര്യത്തിലാണ് പരസ്യ പ്രതിഷേധത്തിന് ഇവര്‍ തയ്യാറെടുക്കുന്നത്. കോറോ ഹെൽത്തിൽ സമാനമായ കൂട്ടപ്പിരിച്ചുവിടലിൽ എണ്ണൂറിലധികം പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam