
കണ്ണൂർ: സിപിഎം നേതാക്കളുടെ ധനരാജ് രക്തസാക്ഷിത്വദിന പോസ്റ്റിനു താഴെ വിമർശനവുമായി അണികൾ. കെകെ രാഗേഷിൻ്റെയും, ടിഐ മധുസൂദനൻ്റെയും പോസ്റ്റുകൾക്ക് താഴെയുള്ള കമൻ്റുകളിലാണ് വിമർശനം ശക്തമാവുന്നത്. ധനരാജ് രക്തസാക്ഷിത്വ ഫണ്ട് തിരിമറി ആരോപണം ഉയർത്തിയാണ് വിമർശനം. വിമർശനം രൂക്ഷമായതോടെ ടിഐ മധുസൂദനൻ കമന്റുകൾ നീക്കി കമന്റ് ബോക്സ് പൂട്ടുകയായിരുന്നു. പാർട്ടിയെ തകർക്കാൻ യഥാർഥ കമ്മ്യൂണിസ്റ്റുകൾ എന്ന് അവകാശപ്പെടുന്നവർ വർഗ്ഗീയ ശക്തികൾക്കൊപ്പം ചേർന്നെന്ന് കെകെ രാഗേഷ് ഫേസ് ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു. ധനരാജ് രക്തസാക്ഷിത്വ ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് പാർട്ടി വിട്ട വി കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയത്. പിന്നീട് യുഡിഎഫ് പിന്തുണയോടെ മത്സരിച്ച കുഞ്ഞികൃഷ്ണൻ പയ്യന്നൂരിൽ നിന്ന് നിയമസഭയിലേക്കും എത്തി.
അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എന്ത് തെറ്റാണ് താൻ ചെയ്തതെന്ന് സിപിഎം പറയണമെന്നും, പുതിയ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കുന്നതിൽ തടസ്സമില്ലെങ്കിലും അത് ഇപ്പോൾ വ്യക്തമാക്കേണ്ട കാര്യമല്ലെന്നും വി കുഞ്ഞികൃഷ്ണൻ. എന്ത് തെറ്റാണു ചെയ്തതെന്ന് സിപിഎം പറഞ്ഞാൽ അതനുസരിച്ചു പ്രതികരിക്കാം. തന്നെ ബോധപൂർവ്വം യുഡിഎഫുകാരനാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. എന്നാൽ താൻ എല്ലാകാലത്തും കമ്മ്യൂണിസ്റ്റുകാരനായി നിലനിൽക്കുമെന്നും വേറെ ഒരു പാർട്ടിയിലേക്കും പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റു തിരുത്തി തിരികെ വന്നാൽ സ്വീകരിക്കുമെന്ന സിപിഎം നേതാവ് എംവി ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അച്ചടക്കലംഘനം കാണിക്കുന്നവർക്ക് നേരെ പ്രയോഗിക്കാൻ സിപിഎമ്മിന്റെ നിഘണ്ടുവിൽ ചില പ്രത്യേക പദാവലികളുണ്ട്. കോടാലിക്കൈ, വർഗ വഞ്ചകൻ, ഒറ്റുകാരൻ തുടങ്ങിയ പദാവലികൾ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്ന നിലയാണ് സിപിഎമ്മിൽ ഉള്ളത്. വർഗ്ഗ വഞ്ചകൻ എന്നത് വ്യാഖ്യാനം മാത്രമാണ്. തന്റെ പേരിലുള്ള അച്ചടക്കനടപടിയിൽ പിഎംശ്രീയും വിഴിഞ്ഞവുമില്ല. തന്നെ പാർട്ടി പുറത്താക്കിയതാണ്, അല്ലാതെ താൻ സ്വയം പുറത്ത് പോയതല്ല. താൻ ഇപ്പോൾ സ്വതന്ത്ര എംഎൽഎയാണ്. പാർട്ടിയിലേക്ക് തിരിച്ചു പോക്കുണ്ടാകുമോ എന്ന കാര്യത്തിൽ പാർട്ടിയാണ് തീരുമാനിക്കേണ്ടത്.
യുഡിഎഫിന്റെ പിന്തുണ കൊണ്ടാണ് താൻ പയ്യന്നൂരിൽ ജയിച്ചുവന്നത്. പിഎംശ്രീ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മുഖ്യമന്ത്രി നിയമസഭയിൽ രേഖകൾ വെച്ച് കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പിഎംശ്രീ ഒപ്പുവെച്ചത് യുഡിഎഫ് അല്ല, എൽഡിഎഫ് ആണ് ഒപ്പിട്ടത്. അതിനാൽ പിഎംശ്രീ ഒപ്പിട്ടത് മുതലുള്ള കാര്യങ്ങളാണ് ചർച്ച ചെയ്യേണ്ടത്. ഇക്കാര്യം ആദ്യം സിപിഎം വിശദീകരിക്കണം. അത് വിശദീകരിച്ച ശേഷം യുഡിഎഫിന്റെ നിലപാടിനെ കുറിച്ച് പറയാം. പിഎംശ്രീയിൽ യുഡിഎഫ് ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല. പയ്യന്നൂരിൽ സ്ഥാനാർത്ഥി നിർണയം തെറ്റാണെന്ന് സിപിഎം നേതൃത്വം തന്നെ ഇപ്പോൾ പറയുന്നുണ്ട്. താൻ തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് പരോക്ഷമായി ഇപ്പോൾ സിപിഎം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam