രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രം​ഗത്ത്, സോണിയ ഗാന്ധിക്കും കെപിസിസി പ്രസിഡൻ്റിനും പരാതി

Published : Dec 02, 2025, 03:32 PM ISTUpdated : Dec 02, 2025, 06:33 PM IST
rahul mamkoottathil

Synopsis

ബെം​ഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. വളരെനാൾ മുമ്പ് നടന്ന സംഭവമാണ്. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചും വിവരം ശേഖരിച്ചിരുന്നു. എന്നാൽ നിയമനടപടിക്ക് പെൺകുട്ടി തയ്യാറല്ലെന്ന് അറിയിക്കുകയായിരുന്നു.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രം​ഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ചാണ് കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ പുതിയ പരാതി എത്തിയിരിക്കുന്നത്. മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും കെപിസിസി പ്രസിസൻ്റിനും യുവതി പരാതി അയച്ചതായാണ് വിവരം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമതൊരു പരാതി കൂടി വന്നതോടെ കോൺഗ്രസ് കൂടുതൽ വെട്ടിലായി. കൂടുതൽ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നു.

രാഹുലിനെതിരെ ഗുരുതര പരാതിയാണ് കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ ഉച്ചയോടെ എത്തിയത്. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. കേരളത്തിന് പുറത്തുതാമസിക്കുന്ന 23 കാരിയാണ് ഇ മെയിൽ വഴി സോണിയ ഗാന്ധിക്കും കെപിസിസി അധ്യക്ഷനും പരാതി നൽകിയത്. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിലാണ് പെണ്‍കുട്ടിയുടെ പരാതി. നേരത്തെ, ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നു. എന്നാൽ നിയമനടപടിക്ക് തയ്യാറല്ലെന്ന് പെൺകുട്ടി അറിയിക്കുകയായിരുന്നു. 

രാഹുലിന് സ്ഥിരം ജോലി ഇല്ലാത്തത് കാരണം വിവാഹ വാഗ്ദാനത്തോട് കുടുംബത്തിന് ആദ്യം താല്പര്യം ഉണ്ടായിരുന്നില്ല. രാഹുൽ യൂത്ത് കോൺ സംസ്ഥാന പ്രസിഡന്‍റായതോടെ കുടുംബം സമ്മതിച്ചു. വീട്ടിലെത്തി വിവാഹക്കാര്യം കുടുംബവുമായി സംസാരിക്കാമെന്ന് രാഹുൽ ഉറപ്പ് നൽകി. ഇതിന് മുമ്പ് തനിച്ച് കാണണമെന്ന് പറഞ്ഞ് രാഹുൽ വിളിച്ചുവരുത്തി. രാഹുലിന്‍റെ സുഹൃത്ത് ഫെനി നൈനാൻ നഗരത്തിൽ നിന്ന് ദൂരെയുളള സ്ഥലത്തേക്ക് കൊണ്ടുപോയി. അനുവാദം കൂടാതെ ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് പരാതി. വിവാഹം കഴിച്ചാൽ അത് രാഷ്ട്രീയഭാവിയെ ബാധിക്കുമെന്ന് പറഞ്ഞ് രാഹുല്‍ പിന്മാറിയെന്നും പരാതിയിലുണ്ട്. ഒരു പരാതിയും രാഹുലിനെതിരെ കിട്ടിയിട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞത് ശരിയല്ലെന്ന് കാണിച്ചാണ് ഇ മെയിൽ. ക്രൈംബ്രാഞ്ചും തന്നിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ടെന്ന് യുവതി പറയുന്നു. മേൽവിലാസമില്ലാത്ത പരാതി കെപിസിസി നേതൃത്വം പൊലീസ് മേധാവിക്ക് കൈമാറി. ഇക്കാര്യം യുവതിക്ക് ഇ മെയിലിലൂടെ അറിയിച്ചു.

നേരത്തെ തന്നെ പരാതി നൽകിയിരുന്നു

പാർട്ടി നേതൃത്വത്തിന് നേരത്തെ തന്നെ പരാതി നൽകിയിരുന്നു. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പെൺകുട്ടി വീണ്ടും പരാതി നൽകുകയായിരുന്നു. സോണിയാ​ഗാന്ധിക്ക് ഇമെയിൽ വഴിയാണ് പരാതി നൽകിയിരിക്കുന്നത്. രാഹുലുമായി പത്തനംതിട്ടയിൽ ഏറ്റവും അടുപ്പമുള്ള വ്യക്തിയേയും കുറിച്ച് പരാതിയിൽ പറയുന്നു. അയാളുടെ അറിവോട് കൂടിയാണ് പീഡനം നടന്നതെന്നും സുഹൃത്തിൻ്റെ വീട്ടിൽ വെച്ചാണ് പീഡനം നടന്നതെന്നും പരാതിയിൽ പറയുന്നു. ഇതിന് ശേഷം മാനസികമായും ശാരീരികമായും തകർന്നു. ​ഗർഭിണിയാവണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ലൈം​ഗികമായി പീഡിപ്പിച്ച ശേഷം രാഹുൽ ബന്ധത്തിൽ നിന്നും പിൻമാറിയെന്നും പരാതിയിൽ പറയുന്നു. അതേസമയം, പരാതി കിട്ടിയ കാര്യം പാർട്ടി നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12.47ന് പരാതി ലഭിച്ചു. എന്നാൽ ഇത്തരത്തിലുള്ള പരാതി പൊലീസിനാണ് നൽകേണ്ടത്. പരാതിയിൽ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് നിയമവി​ദ​ഗ്ധരുമായി സംസാരിക്കുമെന്നും കോൺ​ഗ്രസ് വ്യക്തമാക്കുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തന്നെ

അതേസമയം, ആദ്യത്തെ ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇപ്പോഴും ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കി. ഒളിവിലുള്ള രാഹുൽ താമസിച്ചത് തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരിലെ റിസോർട്ടിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ബാഗലൂരിലെ റിസോർട്ടിൽ പൊലീസ് എത്തുന്നതിന് മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങി. ഞായറാഴ്ചയാണ് രാഹുൽ റിസോർട്ടിലെത്തിയതെന്നും അതിന് ശേഷം കർണാടകയിലേക്ക് കടന്നെന്നുമാണ് സൂചന. ഒളിവിലുള്ള രാഹുൽ കാറുകൾ മാറി മാറി ഉപയോഗിക്കുന്നതായും സംശയമുണ്ട്. ബുധനാഴ്ചയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. രാഹുൽ പാലക്കാടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. രാഹുലിനൊപ്പം കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫും ഉണ്ടെന്നും വിവരമുണ്ട്.  

അതേസമയം, പാലക്കാട് നിന്ന് രാഹുൽ മുങ്ങിയ ചുവന്ന പോളോ കാർ സിനിമാ നടിയുടെ തന്നെയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ദിവസങ്ങൾക്ക് മുമ്പ് രാഹുലിൻ്റെ ഭവന നിർമ്മാണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ നടിയുടേതാണ് കാർ എന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. ഈ കാറിൽ തന്നെയാണ് നടി പാലക്കാട് പരിപാടിയ്ക്ക് എത്തിയതെന്ന വിവരവും ലഭിച്ചു. പിന്നീട് ഏത് സാഹചര്യത്തിലാണ് കാർ രാഹുലിനെ ഏൽപ്പിച്ചതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ബംഗലൂരുവിലുള്ള നടിയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. കാർ രണ്ട് ദിവസം കിടന്നത് പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവിൻ്റേ വീട്ടിലാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. രാഹുലിനെ രക്ഷപ്പെടാൻ നേതാവ് സഹായം ചെയ്തോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. ഇതോടെ രാഹുലിനെ ഒളിവിൽ കഴിയാൻ സഹായിക്കുന്നത് മുതിർന്ന കോൺഗ്രസ് നേതാക്കളാണെന്ന ആരോപണം ശക്തമാക്കുകയാണ് ബിജെപി. ആരോപണം നിഷേധിച്ച് കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രനും രംഗത്തെത്തി. 

PREV
Read more Articles on
click me!

Recommended Stories

ഇരട്ടപ്പദവി: സര്‍ക്കാര്‍ പദവിയിലിരിക്കെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി, കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ഹർജി
ദിലീപ് കാവ്യയുടെ നമ്പറുകള്‍ സേവ് ചെയ്തത് പല പേരുകളിൽ, ക്വട്ടേഷന് കാരണം നടിയുടെ വെളിപ്പെടുത്തൽ; നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ