
കണ്ണൂർ: കണ്ണൂർ മോറാഴ വെള്ളിക്കീലിൽ കുന്നിടിച്ച് തന്നെയാണ് ആയുർവേദ റിസോർട്ടിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടന്നതെന്ന് സ്ഥിരീകരിച്ച് ആന്തൂർ നഗരസഭ. റോഡിനായി കുന്നിടിച്ച മണ്ണ് പുറത്ത് കൊണ്ടുപോകില്ല എന്ന ഉറപ്പ് കിട്ടിയതുകൊണ്ടാണ് നടപടി എടുക്കാഞ്ഞതെന്നും ചെറിയ കെട്ടിടങ്ങളായതിനാൽ അഗ്നിരക്ഷ അനുമതി വേണ്ടിയിരുന്നില്ലെന്നും നഗരസഭ അധ്യക്ഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, റിസോർട്ടിലെ പാരിസ്ഥിതിക ലംഘന വിഷയത്തിൽ അഭിപ്രായം പറഞ്ഞ സജിൻ കാനൂലിനെ വിലക്കി ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്തെത്തി.
2014 ൽ രജിസ്റ്റർ ചെയ്ത കണ്ണൂർ ആയുർവേദ കെയർ ലിമിറ്റഡ് എന്ന കമ്പനിക്ക് ആയുർവേദ റിസോർട്ട് നിർമ്മിക്കാനുള്ള അനുമതി 2017ലാണ് ആന്തൂർ നഗരസഭ നൽകുന്നത്. ഇ പി ജയരാജന്റെ മകൻ പി കെ ജെയ്സണും തലശ്ശേരിയിലെ വ്യവസായി കെ പി രമേഷ് കുമാറും സ്ഥാപക ഡയറക്ടറായ കമ്പനി വെള്ളിക്കീലിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഉടുപ്പ കുന്നിടിച്ച് നിർമ്മാണം തുടങ്ങി. പിന്നാലെ ശാസ്ത്ര സാഹിത്യ പരിഷത്ത് കുന്നിടിക്കുന്നതിനെതിരെ രംഗത്തെത്തി. അഗ്നി സുരക്ഷ അനുമതിയില്ലെന്നും കുന്നിടിക്കാനും കുഴൽകിണർ കുത്താനും ജിയോളജി വകുപ്പിന്റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി കളക്ടർക്ക് പരാതി നൽകി. കുന്നിടിച്ച മണ്ണ് പുറത്ത് കൊണ്ടുപോകുന്നില്ലല്ലോ എന്ന വിചിത്ര വാദം ഉന്നയിച്ചാണ് നഗരസഭ ഇതിനെ നേരിട്ടത്.
പരിസ്ഥിതി ലംഘനം ചൂണ്ടിക്കാട്ടി അന്ന് കളക്ടർക്ക് പരാതി നൽകിയ ശാസ്ത്ര സാഹിത്യ പരിഷത്ത് ബക്കളം യൂണിറ്റ് സെക്രട്ടറി സജിൻ കാനൂൽ തഹസിൽദാർ റിസോർട്ടിന് അനുകൂലമായ റിപ്പോർട്ട് നൽകിയതിനെ പറ്റി ന്യൂസ് അവറിൽ പ്രതികരിച്ചിരുന്നു. സജിനെ തള്ളി ശാസ്ത്ര സാഹിത്യ പരിഷത്ത് തളിപ്പറമ്പ് മേഖല കമ്മറ്റി രംഗത്തുവന്നു. റിസോർട്ട് വിഷയത്തിൽ പരിഷത്ത് അന്ന് തന്നെ സമരം അവസാനിപ്പിച്ചതാണെന്നും വിവാദത്തിൽ അഭിപ്രായം പറയാൻ ആരെയും ചുമതപ്പെടുത്തിയിട്ടില്ലെന്നും കാട്ടിയാണ് പരിഷത്തിന്റെ വാർത്താകുറിപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam