സംയുക്ത പ്രക്ഷോഭം: പിണറായിക്ക് വിമർശനം, മുല്ലപ്പള്ളിയെ പിന്തുണച്ച് സുധീരനും മുരളീധരനും

By Web TeamFirst Published Dec 23, 2019, 11:22 AM IST
Highlights
  • മോദിയുടെ അതേ ആശയമാണ് പിണറായി പിന്തുടരുന്നതെന്ന് സുധീരൻ
  • സംസ്ഥാന സർക്കാരിനെതിരെ സമരം നടത്തുമ്പോൾ ഒരുമിച്ച് സമരം ബുദ്ധിമുട്ടാണെന്ന് മുരളീധരൻ

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് എൽഡിഎഫുമായി യോജിച്ചുള്ള സമരത്തിനെതിരായ മുല്ലപ്പള്ളിയുടെ നിലപാടിന് പിന്തുണയുമായി കൂടുതൽ നേതാക്കൾ. കെ മുരളീധരൻ എംപിയും വിഎം സുധീരനുമാണ് മുല്ലപ്പള്ളിയുടെ നിലപാടിനെ അനുകൂലിച്ച് രംഗത്ത് വന്നത്.

മോദിയുടെ അതേ ആശയമാണ് പിണറായി പിന്തുടരുന്നതെന്ന് സുധീരനും മോദിയുടെ നയം ഡിജിപിയിലൂടെ നടപ്പിലാക്കുകയാണ് പിണറായിയെന്ന് മുരളീധരനും വിമർശിച്ചു. കെ കരുണാകരൻ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

കരുണാകരനും ആൻറണിയും ഒന്നിച്ചെടുത്ത തീരുമാനങ്ങൾ ഹൈക്കമാന്റ് അംഗീകരിച്ചിരുന്നുവെന്ന് കെ മുരളീധരൻ എംപി ഓർമ്മിച്ചു. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം ആരും അറിയാതെയാണ് ഇപ്പോൾ തീരുമാനങ്ങൾ എടുക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുടക്കം മുതൽ പ്രക്ഷോഭം നയിച്ചത് കോൺഗ്രസാണ്. സംസ്ഥാന സർക്കാരിനെതിരെ സമരം നടത്തുമ്പോൾ ഒരുമിച്ച് സമരം ബുദ്ധിമുട്ടാണ്. യച്ചൂരിയും  സോണിയയും ഒന്നിച്ചിരുന്നാൽ അത് കേരളത്തിൽ പ്രായോഗികമല്ല. മോദിയുടെ നയം ഡി ജി പി യിലൂടെ കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ ചങ്ങലയിൽ ഒരുമിച്ച് നിൽക്കണോയെന്ന് ആലോചിച്ച് തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നിച്ചുള്ള സമരത്തിന് കളമൊരുക്കേണ്ടത് സർക്കാരാണെന്ന് വി എം സുധീരൻ പറഞ്ഞു. ഒന്നിച്ചുള്ള സമരം നല്ലത് തന്നെ. പക്ഷെ മോദിയുടെ അതേ ആശയവുമായി പിണറായിയും മുന്നോട്ട് പോകുന്നു. മോദിയുടെ നയങ്ങൾ അതേ പടി നടത്തിയിട്ട് ഒന്നിച്ച് സമരം നടത്തണമെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യോഗത്തിൽ കെ കരുണാകരന്റെ പേര് കേരളത്തിന് അവഗണിക്കാൻ കഴിയില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. രാജ്യത്തെ മറന്ന് ജനങ്ങളെ മറന്ന് പാർട്ടി അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അവസാനകാലത്ത് കെ കരുണാകരൻ പാർട്ടിയിൽ ഒറ്റപ്പെട്ടുവെന്ന് വിഎം സുധീരൻ പറഞ്ഞു. മുരളീധരനെ തിരിച്ചെടുക്കണമെന്ന് കരുണാകരൻ ആവശ്യപ്പെട്ടപ്പോൾ മൂന്ന് പേർ മാത്രമാണ് കെപിസിസിയിൽ പിന്തുണച്ചത്. അത് വലിയ ദുഖമുണ്ടാക്കിയെന്നും ഇതേ കാര്യം രോഗാവസ്ഥയിലിരിക്കെ ആവശ്യപ്പെട്ടിട്ടും പിന്തുണക്കാൻ ആളുണ്ടായില്ലെന്നും സുധീരൻ പറഞ്ഞു.

click me!