ഓണം അടുത്തെത്തും മുൻപേ കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുകയാണ്. അയൽ സംസ്ഥാനങ്ങളിലെ മോശം കാലാവസ്ഥ കാരണം സവാള, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയവയുടെ വില ഗണ്യമായി വർധിച്ചു. ഈ വിലക്കയറ്റം ഓണക്കാലത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്
കോഴിക്കോട്: ഓണം എത്തും മുൻപേ സംസ്ഥാനത്ത് പച്ചക്കറികൾക്ക് തീവില. സവാള കിലോക്ക് 35 മുതൽ 50 രൂപ വരെയാണ് വില. ഇഞ്ചിക്കും വെളുത്തുള്ളിക്കും കിലോയ്ക്ക് 250 മുതൽ 300 വരെ നൽകണം. അയൽ സംസ്ഥാനങ്ങളിൽ കാലാവസ്ഥ ചതിച്ചതാണ് കേരളത്തിൽ വില ഉയരാൻ കാരണം. ഒരുമാസം മുമ്പ് വരേ നൂറ് രൂപക്ക് നാല് കിലോയും അഞ്ച് കിലോയും കിട്ടിയിരുന്ന സാവാളക്ക് 35 രൂപയാണ് കോഴിക്കോട് പാളയം മാർക്കറ്റിലെ ഇന്നത്തെ വില. ചില്ലറ വിപണിയിൽ കിലോയ്ക്ക് 50 രൂപ വരേ ഈടാക്കുന്നുണ്ട്. ഇഞ്ചി വിലയിലാണ് എരിവേറിയത്. ഒരുകിലോ ഇഞ്ചിക്ക് 250 മുതൽ 350 വരേ നൽകണം. ഗുണം കുറഞ്ഞ മൂപ്പെത്താത്ത ഇഞ്ചിക്കും 150 മുതൽ 250 വരേ വിലയുണ്ട്. അതും കിട്ടാനില്ല. വെളുത്തുള്ളിക്കും നൽകണം ഇത്രയും തുക.
കാലാവസ്ഥ ചതിച്ചത് പണിയായി
അയൽ സംസ്ഥാനങ്ങളിൽ മഴ കനത്തതും, സാധനങ്ങൾ കിട്ടാനില്ലാത്തതുമാണ് വിലകൂടാൻ കാരണം. ഉള്ളിയോളം വരില്ലെങ്കിലും, തക്കാളി, കോളിഫ്ളവർ, കാബേജ് എന്നിവക്കും വില വർധിച്ചിട്ടുണ്ട്. കോളി ഫ്ലവറിനും കാബേജിനും കിലോക്ക് 44 മുതൽ 56 രൂപ നൽകണം. ഉൾനാടൻ വിപണിയിലാണ് വൻ വിലക്കയറ്റം. ട്രോളിംഗ് നിരോധനകാലമായതിനാൽ പച്ചക്കറിക്ക് ആവശ്യക്കാർ ഏറെയാണ്. ഇന്ധന പ്രതിസന്ധിയിൽ പലചരക്കുകൾക്കും വില കൂടി. എല്ലാം തൊട്ടാൽ പൊള്ളുമെന്നായതോടെ ഓണക്കാലം എങ്ങനെയാകും എന്ന ചിന്തയിലാണ് മലയാളി അടുക്കള.
