സ്ത്രീകള്‍ അഴിഞ്ഞാടുന്നുവെന്ന് പിസി ജോര്‍ജ്, പ്രതിഷേധവുമായി വനിതാ എംഎല്‍എമാര്‍, നിയമസഭയില്‍ ബഹളം

By Asianet MalayalamFirst Published Nov 11, 2019, 5:20 PM IST
Highlights

പുരുഷന്‍മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും രാജ്യത്തെ നിയമങ്ങളെല്ലാം സ്ത്രീകളെ മാത്രം സംരക്ഷിക്കുന്ന തരത്തിലാണെന്നും പിസി ജോര്‍ജ് പറഞ്ഞു. 

തിരുവനന്തപുരം: രാജ്യത്ത് സ്ത്രീകള്‍ അഴിഞ്ഞാടുകയാണെന്നും പുരുഷന്‍മാര്‍ക്ക് അരക്ഷിതരാണെന്നുമുള്ള പിസി ജോര്‍ജ് എംഎല്‍എയുടെ പരാമര്‍ശം നിയമസഭയില്‍ വലിയ ബഹളത്തിന് ഇടയാക്കി. ജോര്‍ജിന്‍റെ പരാമര്‍ശനത്തിന് എതിരെ ഇഎസ് ബിജിമോളുടെ നേതൃത്വത്തില്‍ വനിത എംഎല്‍എമാര്‍ പ്രതിഷേധിച്ചു. 

നിയമസഭയില്‍ അംഗനവാടികളിലെ ആശവര്‍ക്കമാരുടെ വേതനവര്‍ധനവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് പിസി ജോര്‍ജ് വിവാദപരാമര്‍ശം നടത്തിയത്. പുരുഷന്‍മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും നിയമങ്ങളെല്ലാം സ്ത്രീകളെ മാത്രം സംരക്ഷിക്കുന്ന തരത്തിലാണെന്നും പിസി ജോര്‍ജ് പറഞ്ഞു. രാജ്യത്ത് സ്ത്രീകള്‍ അഴിഞ്ഞാടുകയാണെന്നും  പുരുഷന്‍മാരുടെ സംരക്ഷണത്തിനായി നിയമം വേണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു. 

ഇതോടെ ഭരണപക്ഷത്തുള്ള ഇഎസ് ബിജിമോള്‍ എംഎല്‍എ അടക്കമുള്ളവര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി രംഗത്തു വന്നു. പിസി ജോര്‍ജിന്‍റെ പരാമര്‍ശങ്ങള്‍ സ്ത്രീകളെയാകെ അപമാനിക്കുന്നതാണെന്നും ആ വാക്കുകള്‍ സഭാ രേഖയില്‍ ഉണ്ടാവാന്‍ പാടില്ലെന്നും ബിജിമോള്‍ ആവശ്യപ്പെട്ടു. ബിജിമോള്‍ യു.പ്രതിഭ അടക്കമുള്ള എംഎല്‍എമാരും ബിജി മോള്‍ക്ക് പിന്നാലെ ജോര്‍ജിനെതിരെ പ്രതിഷേധവുമായി എഴുന്നേറ്റു. ഒടുവില്‍ വിഷയത്തില്‍ സ്പീക്കര്‍ ഇടപെട്ടതോടെ സ്ത്രീകള്‍ അഴിഞ്ഞാടുകയാണ് എന്ന പരാമര്‍ശം ജോര്‍ജ് പിന്‍വലിച്ചു. എന്നാല്‍ രാജ്യത്തെ പുരുഷന്‍മാര്‍ അരക്ഷിതരാണ് എന്ന വാദത്തില്‍ അദ്ദേഹം ഉറച്ചു നിന്നു. 
 

click me!