'പ്രേമനന്‍ സ്ഥിരം പ്രശ്നക്കാരൻ, ആളെക്കൂട്ടി വന്നു'; കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയിൽ

By Web TeamFirst Published Sep 29, 2022, 2:10 AM IST
Highlights

പ്രേമനന്‍ സ്ഥിരം പ്രശ്നക്കാരനാണെന്നാണ് പ്രതികളുടെ വാദം. പ്രശ്നമുണ്ടാക്കാനും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആളെയും കൂട്ടിയാണ് പ്രേമനന്‍ എത്തിയത്. മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണ് ജാമ്യമില്ലാ കുറ്റം പൊലീസ് ചുമത്തിയതെന്നും പ്രതികളുടെ ജാമ്യ ഹർജിയില്‍ ആരോപിക്കുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ അച്ഛനെയും മകളെയും മര്‍ദിച്ച കേസിലെ പ്രതികളായ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പരാതിക്കാരനായ പ്രേമനന്‍ സ്ഥിരം പ്രശ്നക്കാരനാണെന്നാണ് പ്രതികളുടെ വാദം. പ്രശ്നമുണ്ടാക്കാനും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആളെയും കൂട്ടിയാണ് പ്രേമനന്‍ എത്തിയത്. മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണ് ജാമ്യമില്ലാ കുറ്റം പൊലീസ് ചുമത്തിയതെന്നും പ്രതികളുടെ ജാമ്യ ഹർജിയില്‍ ആരോപിക്കുന്നു.

എന്നാല്‍, പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. മകളുടെ മുന്നിലിട്ട് അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ചവരാണ് പ്രതികള്‍. പ്രചരിക്കുന്ന ദൃശ്യങ്ങളും ശബ്ദവും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതിനാല്‍ പ്രതികളുടെ അറസ്റ്റ് അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കും. നിലവില്‍ കേസിലെ പ്രതികളായ അഞ്ച് കെഎസ്ആര്‍ടിസി ജീവനക്കാരും സസ്പെന്‍ഷനിലാണ്.ആക്രമണം നടന്ന് ഇന്നേക്ക് പത്ത് ദിവങ്ങളാകുമ്പോഴും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

കാട്ടാക്കടയിൽ തന്നെയും മകളെയും ആക്രമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരായ പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ മർദ്ദനത്തിനിരയായ പ്രേമനൻ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. പ്രതികൾക്കെതിരെ എസ് സി എസ് ടി അതിക്രമ വകുപ്പ് ചുമത്തണമെന്ന്  പ്രേമനൻ ആവശ്യപ്പെട്ടു. എന്നാൽ, ഈ വിഷയത്തെ ന്യായീകരിച്ച് സിഐടിയു രം​ഗത്ത് വന്നിരുന്നു.

കാട്ടാക്കടയിലെ അക്രമസംഭവം ദൗർഭാഗ്യകരമായ സംഭവമാണെന്നും എന്നാൽ ജീവനക്കാര്‍ ആരേയും മര്‍ദ്ദിച്ചിട്ടില്ലെന്നും തള്ളിമാറ്റുക മാത്രമാണ് ചെയ്തതെന്നും കെഎസ്ആര്‍ടിസി സിഐടിയു യൂണിയൻ നേതാവ് സി.കെ.ഹരികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. കാട്ടാക്കടയിൽ യാത്രാ കണ്‍സെഷൻ അപേക്ഷിക്കാനെത്തിയ പിതാവിനേയും മകളേയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചിട്ടില്ല, തള്ളിമാറ്റുകയാണ് ചെയ്തത്. എന്നാൽ അതു പോലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഓഫീസിലുണ്ടായിരുന്ന  വനിതാ ജീവനക്കാരോട് വരെ പ്രേമനൻ അപമര്യാദയായി സംസാരിച്ചെന്നും ഹരികൃഷ്ണൻ പറഞ്ഞു.

click me!