
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ കാലാവധി രണ്ടുവര്‍ഷം ദീര്‍ഘിപ്പിച്ചു വിഞാപനമിറക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി ആന്റണി രാജു. കൊവിഡ് മഹാമാരിയുടെ കാലയളവില്‍ പരിമിതമായി മാത്രം സര്‍വീസ് നടത്താന്‍ കഴിഞ്ഞിരുന്ന സ്വകാര്യ ബസുകള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് ഇത്തരം വാഹനങ്ങളുടെ കാലാവധി 20 വര്‍ഷത്തില്‍ നിന്നും 22 വര്‍ഷമായി നീട്ടുന്നത്. കൊവിഡ് കാലഘട്ടത്തില്‍ സര്‍വീസ് നടത്തിയിട്ടില്ലാത്തതിനാല്‍ വാഹനങ്ങളുടെ കാലാവധി രണ്ടു വര്‍ഷം വര്‍ധിപ്പിച്ച് നല്‍കണമെന്ന സ്വകാര്യ ബസ് സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു.
കനത്ത മഴ: പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ച പനികള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണം ഒരുക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലപ്പുഴ കുട്ടനാട് അടിയന്തിര സാഹചര്യം നേരിടുന്നതിന് വെള്ളത്തില്‍ സഞ്ചരിക്കുന്ന 3 മൊബൈല്‍ ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികള്‍, വാട്ടര്‍ ആംബുലന്‍സ് എന്നിവ സജ്ജമാക്കിയിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി.
'മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യതയുണ്ട്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. എലിപ്പനി പ്രതിരോധം പ്രധാനമാണ്. ചെളിയിലോ മലിന ജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങിയാല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. ആഹാരവും വെള്ളവും അടച്ച് സൂക്ഷിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യം.' പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ലെന്നും എത്രയും വേഗം ചികിത്സ തേടണമെന്നും വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam