അനു കൊലക്കേസ്: പ്രതി മുജീബിന്റെ വീട്ടിൽ പൊലീസെത്തും മുൻപ് നിര്‍ണായക തെളിവിന് തീയിട്ട് ഭാര്യ, അന്വേഷണം

Published : Mar 19, 2024, 12:19 PM ISTUpdated : Mar 19, 2024, 12:26 PM IST
അനു കൊലക്കേസ്: പ്രതി മുജീബിന്റെ വീട്ടിൽ പൊലീസെത്തും മുൻപ് നിര്‍ണായക തെളിവിന് തീയിട്ട് ഭാര്യ, അന്വേഷണം

Synopsis

പോലീസ് എത്തിയ വിവരമറിഞ്ഞ് പ്രതിയുടെ ഭാര്യ ചില സാധനങ്ങൾ കത്തിക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞു പരിശോധിച്ചപ്പോഴാണ് കൊല നടത്തിയ സമയത്ത് ധരിച്ച വസ്ത്രങ്ങൾ കണ്ടെടുത്തത്

കോഴിക്കോട്: നൊച്ചാട് അനു കൊലക്കേസിൽ നിര്‍ണായക തെളിവുകൾ തേടി പ്രതി മുജീബിന്റെ വീട്ടിൽ പൊലീസെത്തും മുൻപ് തെളിവ് നശിപ്പിക്കാൻ ഭാര്യയുടെ ശ്രമം. കൊല നടത്തിയ സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങൾ തേടിയാണ് മുജീബ് റഹ്മാന്റെ വീട്ടിൽ പൊലീസെത്തിയത്. ഈ വസ്ത്രങ്ങൾ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പോലീസ് എത്തിയ വിവരമറിഞ്ഞ് പ്രതിയുടെ ഭാര്യ ചില സാധനങ്ങൾ കത്തിക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞു പരിശോധിച്ചപ്പോഴാണ് കൊല നടത്തിയ സമയത്ത് ധരിച്ച വസ്ത്രങ്ങൾ കണ്ടെടുത്തത്. സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ ധരിച്ച പാന്റ് നനഞ്ഞതായി കണ്ടതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഈ വസ്ത്രങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. 

കാണാതായി 24 മണിക്കൂറിന് ശേഷം വീടിന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള അള്ളിയോറത്തോട്ടിലാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുട്ടിന് താഴെ മാത്രം വെള്ളമുള്ള സ്ഥലത്ത് അർധ നഗ്നയായാണ് മൃതദേഹം കിടന്നത്. സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തിൽ ചുവന്ന ബൈക്കിൽ ഒരാൾ കറങ്ങിയത് കണ്ടെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകിയതോടെ ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശി മുജീബ് റഹ്മാൻ പിടിയിലായത്. പിന്നീടുള്ള അന്വേഷണത്തിലാണ് ഇയാൾ കൊടും ക്രിമിനലാണെന്നത് മനസിലായത്.

മനസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങള്‍ നടത്തിയ പ്രതിയാണ് മുജീബ് റഹ്മാന്‍. മോഷണം, പിടിച്ചുപറി എന്നിവയ്ക്കൊപ്പം സ്ത്രീകളെ തന്ത്രപൂര്‍വ്വം വാഹനത്തില്‍ കയറ്റി ആക്രമിച്ച് ബോധം കെടുത്തി ബലാല്‍സംഗം ചെയ്യുകയും സ്വര്‍ണ്ണം കവരുകയുമായിരുന്നു പ്രതി പിന്തുടര്‍ന്ന രീതി. 2020 തില്‍ ഓമശ്ശേരിയില്‍ വയോധികയെ തന്ത്രപൂര്‍വ്വം മോഷ്ട്ടിച്ച ഓട്ടോയില്‍ കയറ്റിയ പ്രതി ഓട്ടോയുടെ കമ്പിയില്‍ തലയിടിപ്പിച്ച് ബോധരഹിതയാക്കിയാണ് കെട്ടിയിട്ട് പീഡിപ്പിച്ചത്. പേരാമ്പ്ര സംഭവത്തില്‍ അനുവിനെ തലയ്ക്കടിച്ച് ബോധം കെടുത്തിയാണ് വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തിയത്.

വയനാട്ടിലും ഏറെക്കുറെ സമാനമായ കുറ്റകൃത്യം ഇയാൾ നടത്തിയെന്ന് സൂചനയുണ്ട്. മോഷണം, പിടിച്ചുപറി ഉള്‍പ്പടെ അറുപതോളം കേസുകളില്‍ പ്രതിയായ മുജീബ് ശിക്ഷിക്കപ്പെട്ടത് ചുരുക്കം കേസുകളില്‍ മാത്രമാണ്. കരുതല്‍ തടങ്കലില്‍ വെക്കാനും ജില്ലകളിലേക്കുള്ള പ്രവേശനം തടയാനുമുള്ള കാപ്പ പോലുള്ള നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇത്രയും കേസുകളില്‍ ഉള്‍പ്പെട്ട മുജീബിന് സ്വര്യവിഹാരം നടത്തിയത്. കൊണ്ടോട്ടിയിലാണ് ഇയാളുടെ വീട്. ഇവിടെ മാത്രം 13 കേസുകളുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്