
തിരുവനന്തപുരം: പ്രസവിക്കുന്നതിന് മുമ്പ് തന്നെ കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഉപേക്ഷിക്കാന്‍ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍ (jayachandran) ഒപ്പിട്ടുവാങ്ങിയ സമ്മതപത്രം ഏഷ്യാനെറ്റ് ന്യൂസിന്. കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച് അനുപമ (anupama) ഏപ്രില്‍ 19 ന് പേരൂര്‍ക്കട പൊലീസിലും പിന്നാലെ ഡിജിപിക്കും നല്‍കിയ പരാതി കേസെടുക്കാതെ ഒതുക്കിയത് നിയമപരമായി നിലനില്‍ക്കാത്ത ഈ സമ്മതപത്രത്തിന്‍റെ അടിസ്ഥാനത്തിലാണ്. തന്‍റെ സമ്മതമില്ലാതെ ഭീഷണിപ്പെടുത്തിയാണ് ഇതില്‍ ഒപ്പുവെപ്പിച്ചതെന്നാണ് അനുപമ പറയുന്നത്.
ഒക്ടോബര്‍ 19 നാണ് നെയ്യാര്‍ മെഡിസിറ്റിയില്‍ അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അതിന് നാല് ദിവസം മുമ്പ് നോട്ടറി ഹരിലാലും അച്ഛന്‍ ജയചന്ദ്രന്‍റെ സുഹൃത്തും അനുപമയെ കാണാന്‍ വീട്ടിലെത്തി. അനുപമയെക്കൊണ്ട് ഇതില്‍ ഒപ്പുവെപ്പിച്ചു. തന്നെ ഭീഷണിപ്പെടുത്തി ഒപ്പ് വെപ്പിച്ചു എന്നാണ് അനുപമ നേരത്തെ തന്നെ ഇതിനെക്കുറിച്ച് പറഞ്ഞത്.
Read More: ദത്ത് വിവാദം; 'തെളിവുകൾ ഹാജരാക്കി', അനുപമയുടെ മൊഴി രേഖപ്പെടുത്തി
പ്രസവിച്ച് കഴിഞ്ഞാല്‍ കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഉപക്ഷിക്കാനുള്ള സമ്മതപത്രമാണ് അനുപമയുടെ അച്ഛന്‍ നോട്ടറിയുടെ സഹായത്തോടെ തയ്യാറാക്കിയത്. അതേസമയം തനിക്ക് കുഞ്ഞിനെ വേണമെന്ന് തോന്നിയാല്‍ തിരിച്ചെടുത്ത് വളര്‍ത്താന്‍ അവകാശമുണ്ടാകുമെന്നും ഈ സമ്മത പത്രത്തില്‍ പറയുന്നു. എന്നാല്‍ പ്രസവിക്കുന്നതിന് മുമ്പ് ഇങ്ങനെയൊരു സമ്മതപത്രത്തില്‍ ഒപ്പിട്ടാല്‍ തന്നെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ നിയമപ്രകാരം കഴിയില്ല. മാതാപിതാക്കള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുമ്പില്‍ ഹാജരായി കുട്ടിയെ വളര്‍ത്താനാകില്ലെന്ന് പറഞ്ഞാല്‍ മാത്രമേ കുഞ്ഞിനെ സറണ്ടര്‍ ചെയ്യാനാകൂ. നിയമപരമായി ഒരു സാധുതതയുമില്ലാത്ത ഈ സമ്മതപത്രം പക്ഷേ പൊലീസിനുമുമ്പില്‍ ജയചന്ദ്രന്‍ ഹാജരാക്കി.
ഈ സമ്മത പത്രത്തിന്‍റെ പേരില്‍ അനുപമ തന്‍റെ കുഞ്ഞിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതികളെല്ലാം കേസില്ലാതെ ഒതുക്കിത്തീര്‍ക്കുകയും ചെയ്തു. എല്ലാം അനുപമയുടെ സമ്മതത്തോടെയാണ് ചെയ്തത് എന്ന് വരുത്തിത്തീര്‍ക്കാന്‍ അച്ഛന്‍ ജയചന്ദ്രന്‍ നടപ്പാക്കിയ പദ്ധതി പക്ഷേ ജയചന്ദ്രന് തന്നെ തിരിച്ചടിയാവുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam