ശിശുക്ഷേമ സമിതിയിലെ ജീവനക്കാരുടെ മൊഴി ഒറ്റയ്ക്ക് ഒറ്റയ്ക്ക് രേഖപ്പെടുത്തണം. മുൻ ജീവനക്കാരൻ ശശിധരനും കാര്യങ്ങൾ അറിയാം. അദ്ദേഹത്തിന്റെ മൊഴിയെടുക്കാൻ തയ്യാറാകണമെന്നും അനുപമ ആവശ്യപ്പെട്ടു. 

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ ആരോപണങ്ങൾ ആവർത്തിച്ച് അനുപമ (ANUPAMA).ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാന് പങ്ക് ഉണ്ടെന്നതിൽ ഉറച്ചുനിൽക്കുന്നുവെന്ന് അനുപമ പറഞ്ഞു. ശിശുക്ഷേമ സമിതിയിലെ ജീവനക്കാരുടെ മൊഴി ഒറ്റയ്ക്ക് ഒറ്റയ്ക്ക് രേഖപ്പെടുത്തണം. മുൻ ജീവനക്കാരൻ ശശിധരനും കാര്യങ്ങൾ അറിയാം. അദ്ദേഹത്തിന്റെ മൊഴിയെടുക്കാൻ തയ്യാറാകണമെന്നും അനുപമ ആവശ്യപ്പെട്ടു. 

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ മൊഴി ഇന്ന് രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥയായ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടിവി അനുപമയാണ് മൊഴിയെടുത്തത്. അജിത്തിന്റെ മൊഴിയും രേഖപ്പെടുത്തി. കുട്ടിയെ കിട്ടാന്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി കിട്ടിയ രസീതുകളും മറ്റ് രേഖകളും ഇരുവരും ഹാജരാക്കി. വിശദമായ മൊഴി നൽകിയെന്നും തെളിവുകൾ ഹാജരാക്കിയെന്നും അനുപമ പ്രതികരിച്ചു. 

അതിനിടെ ദത്തുവിവാദത്തില്‍ അനുപമയുടെ അച്ഛന്‍ പി എസ് ജയചന്ദ്രന് എതിരെ സിപിഎം നടപടിയെടുത്തു. പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ജയചന്ദ്രനെ നീക്കി. പാര്‍ട്ടി പരിപാടികളില്‍ ഇനി ജയചന്ദ്രനെ പങ്കെടുപ്പിക്കെണ്ടന്നാണ് തീരുമാനം. അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് പരിശോധിക്കാൻ മൂന്നംഗ അന്വേഷണ കമ്മീഷനെ പാർട്ടി നിയോഗിച്ചു. വട്ടപ്പാറ ബിജു, വേലായുധൻ നായർ, ജയപാൽ എന്നിവർ കമ്മീഷൻ അംഗങ്ങൾ. രണ്ടാഴ്ചയ്ക്ക് അകം അന്വേഷണറിപ്പോർട്ട് നൽകാനാണ് സമിതിയയോട് നിർദേശിച്ചിട്ടുണ്ടെന്ന് സിപിഎം പേരൂർക്കട ഏരിയ സെക്രട്ടറി രാജലാൽ അറിയിച്ചു.

പാര്‍ട്ടി നടപടിയില്‍ സന്തോഷം; സംസ്ഥാന തലത്തിൽ അന്വേഷണം വേണമെന്ന് അനുപമ

താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അനുപമയുടെ അറിവോടെയാണ് കുട്ടിയെ കൈമാറിയതെന്നും ദത്ത് വിഷയം ചർച്ച ചെയ്യാൻ വിളിച്ച രാവിലെ ചേർന്ന സിപിഎം പേരൂർക്കട ലോക്കൽ കമ്മറ്റി യോഗത്തില്‍ ജയചന്ദ്രന്‍ വിശദീകരിച്ചു. എന്നാല്‍ പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് ജയചന്ദ്രന് എതിരെ വലിയ എതിര്‍പ്പുയര്‍ന്നു. വിഷയം ജയചന്ദ്രന് ശരിയായ രീതിയില്‍ കൈകാര്യ ചെയ്യാമായിരുന്നു എന്നാണ് യോഗത്തിലുണ്ടായ പൊതുഅഭിപ്രായം.