Anupama| കുറ്റാരോപിതരാണ്, കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാൻ ശിശുക്ഷേമ സമിതിയെ ഏൽപ്പിച്ചതിൽ ഉത്കണ്ഠയുണ്ടെന്ന് അനുപമ

By Web TeamFirst Published Nov 18, 2021, 5:24 PM IST
Highlights

മതിയായ സംരക്ഷണം നൽകി കുഞ്ഞിനെ തിരിച്ചുകൊണ്ടുവരണം. പൊലീസും ചൈൽഡ് വെൽഫയർ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും തന്നോട് നീതികേട് കാണിച്ചെന്നും അനുപമ പറയുന്നു. 

തിരുവനന്തപുരം: കുട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ ശിശുക്ഷേമ സമിതിയെത്തന്നെ ചുമതലപ്പെടുത്തിയതില്‍ ഉത്കണ്ഠയുണ്ടെന്ന് കാണിച്ച് അനുപമയുടെ (Anupama) പരാതി. ബാലാവകാശ കമ്മീഷനും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കുമാണ് അനുപമ പരാതി നല്‍കിയത്. പോലീസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും (CWC) ശിശുക്ഷേമ സമിതിയും തന്നോട് നീതി കേട് കാട്ടി. കുഞ്ഞിന്‍റെ സുരക്ഷ പരിഗണിച്ച് മതിയായ സംരക്ഷണം നല്‍കി തന്‍റെ കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാനുള്ള സാഹചര്യമുണ്ടാക്കണമെന്നും അനുപമ പരാതിയില്‍ ആവശ്യപ്പെടുന്നു. 

അനുപമയുടെ പരാതിയുടെ ഉള്ളടക്കം

ഞാൻ അനുപമ s ചന്ദ്രൻ. കുഞ്ഞിനെ  അന്വേഷിച്ചു സമരം ചെയ്യുന്ന അമ്മയാണ്. വിവിധ ശിശു സംരക്ഷണ സ്ഥാപനങ്ങൾ, പോലീസ് അടക്കം എന്നോട് നീതികേടാണ് കാണിച്ചത്.  ഇന്നലെ ചൈൽഡ് വെൽഫയർ കമ്മറ്റി(cwc) എന്റെ കുഞ്ഞിനെ തിരിച്ചു കൊണ്ട് വരാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ കുറ്റാരോപിതരായ ശിശുക്ഷേമ സമിതിയെയാണ് ഈ ഉത്തരവാദിത്വം ഏല്പിച്ചിട്ടുള്ളത്. ഇതിൽ എനിക്ക് അതിയായ ഉത്കണ്ഠ ഉണ്ട്. എന്നാൽ കുഞ്ഞിന്റെ സുരക്ഷ പരിഗണിച്ച് മതിയായ സംരക്ഷണം നൽകി ശിശു സൗഹാർദമായ രീതിയിൽ എന്റെ കുഞ്ഞിനെ തിരിച്ചു കൊണ്ടു വരാൻ സാഹചര്യം ഒരുക്കണമെന്ന്  അപേക്ഷിക്കുന്നു. 

അതേസമയം, അനുപമക്ക് കുഞ്ഞിനെ തിരികെ ലഭിക്കുന്നതിൽ  സന്തോഷമെന്ന്  സിപിഐ നേതാവ് ആനി രാജ പ്രതികരിച്ചു. ഒരു സ്ഥാപനം എടുത്ത നടപടിയിൽ തെറ്റുണ്ടെങ്കിൽ അത് തിരുത്തുന്നത് നല്ലതാണ്. ഇത്തരം വീഴ്ചകൾ ഇനിയും സംഭവിക്കാൻ പാടില്ലെന്നും ആനി രാജ പറഞ്ഞു.

Read Also: അമ്മ അറിയാതെ ദത്ത്, മുൻകൂർ ജാമ്യാപേക്ഷയുമായി അനുപമയുടെ അച്ഛൻ കോടതിയിൽ

ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് അനുപമയുടെ കുഞ്ഞിനെ തിരിച്ചെത്തിക്കാനുള്ള ഒരുക്കം. അഞ്ച് ദിവസത്തിനകം തിരിച്ചെത്തിച്ച് എത്രയും പെട്ടെന്ന് ഡിഎന്‍എ പരിശോധന നടത്തണമെന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ഉത്തരവ് അനുപമയ്ക്ക് കൈമാറിയിരുന്നു.

അഞ്ച് ദിവസത്തിനകം കുഞ്ഞിനെ ഹാജരാക്കാനാണ് ശിശുക്ഷേമ സമിതിക്ക് നല്‍കിയ ഉത്തരവ്. കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിക്കാന്‍ ഡിവൈഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ അനുഗമിക്കണം. കുഞ്ഞിനെ നാട്ടിലെത്തിച്ചയുടന്‍ ഡിഎന്‍എ പരിശോധന നടത്തണം. ഇതിനായി കുഞ്ഞിന്‍റെയും അനുപമയുടെയും അജിത്തിന്‍റെയും സാമ്പിളുകള്‍ എടുക്കണം. ഡിഎൻഎ പരിശോധന തിരുവനന്തപുരം രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്നോളജിയില്‍ നടത്തണം. പരിശോധനാ ഫലം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ അറിയിക്കണം. ‍‍ഡിഎൻഎ പരിശോധന ഫലം വരും വരെ തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ സംരക്ഷണയിലായിരിക്കണമെന്നും അനുപമയ്ക്ക് കിട്ടിയ ഉത്തരവില്‍ പറയുന്നു. ഉത്തരവ് വരുമ്പോള്‍ അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ സമരം തുടരുകയായിരുന്നു. കുഞ്ഞിനെ നാട്ടിലെത്തിക്കാനുളള തീരുമാനമായെങ്കിലും സമരം നിര്‍ത്തുന്നില്ല. ശിശുക്ഷേസമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. എന്‍ സുനന്ദയെയും മാറ്റി നിര്‍ത്തുംവരെ സമരം തുടരാനാണ് അനുപമയുടെ തീരുമാനം..

ഒക്ടോബര്‍ 14 ന് ഏഷ്യാനെറ്റ്ന്യൂസിലൂടെയാണ് കുഞ്ഞിനെ അമ്മ അറിയാതെ ദത്ത് നല്‍കിയ സംഭവം പുറത്തെത്തിയത്. പിന്നീട് തുടര്‍ച്ചയായി ന്യൂസ് അവര്‍ ചര്‍ച്ചകള്‍, പൊലീസിന്‍റെയും ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെയും ശിശുക്ഷേമ സമിതിയുടെയും വീഴ്ചകള്‍ ഒന്നൊന്നായി തെളിവ് സഹിതം പുറത്ത്കൊണ്ടുവന്ന തുടര്‍വാര്‍ത്തകള്‍. ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. അനുപമയുടെ പരാതിയെ ഗൗനിക്കാതിരുന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തന്നെ ഒടുവില്‍ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം നാട്ടിലെത്തിക്കാനുള്ള ഉത്തരവും പുറത്തിറക്കുന്നു. കുഞ്ഞിനായി ഒരമ്മ നടത്തുന്ന സമാനതകളില്ലാത്ത സമരം വിജയിക്കുന്നു എന്നതിന്‍റെ സൂചന കൂടിയാണ് ഉത്തരവ്.   


 

click me!