APP FRAUD| മലയാളിയെ 'ആപ്പിലാക്കി' തട്ടിപ്പുകാർ; നാണക്കേട് ഭയന്ന് പരാതിയില്ല, കൊടുത്ത പരാതികളിൽ നടപടിയുമില്ല

By Web TeamFirst Published Nov 13, 2021, 11:11 AM IST
Highlights

പണം കൊടുത്ത് പണം നേടാം എന്ന് പറയുന്ന ന്യൂജന്‍ ആപ്പുകളിലും ഓണ്‍ലൈന്‍ സൈറ്റുകളിലും തലയിടുന്നവര്‍ ഒന്നോര്‍ക്കുക. നിങ്ങള്‍ ഏത് നിമിഷവും പറ്റിക്കപ്പെടാം. സൈബര്‍ ലോകത്ത് എവിടെയോ ഒളിച്ചിരിക്കുന്ന തട്ടിപ്പുകാര്‍ക്ക് വേണ്ടി പണമെറിഞ്ഞ് കൊടുക്കാതിരിക്കുക.

തിരുവനന്തപുരം: മലയാളികളെ സമര്‍ത്ഥമായി പറ്റിക്കുന്ന നൂറുകണക്കിന് ഓണ്‍ലൈന്‍, ആപ് തട്ടിപ്പുകളില്‍ ചിലതുമാത്രമാണ് 'ആപ്പിലാകുന്നവർ' പരമ്പരയിലൂടെ ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. കിട്ടുന്ന പരാതികളില്‍ കേസെടുക്കാന്‍ തയ്യാറാവാതെ പോലീസും, നാണക്കേട് ഭയന്ന് ആരും പരാതിപ്പെടാത്തതും തട്ടിപ്പുകാര്‍ക്ക് തണലൊരുക്കുകയാണ്. 

ആപ്പിലായവര്‍ പരമ്പരയിലൂടെ ഞങ്ങള്‍ പ്രേക്ഷകരെ പരിചയപ്പെടുത്തിയത് ആറ് രീതിയിലുള്ള തട്ടിപ്പുകളായിരുന്നു. ലൈക്കടിച്ചാല്‍, നടന്നാല്‍, പരസ്യം കണ്ടാല്‍, എഴുതിയാല്‍ എല്ലാം പണം കിട്ടുന്ന തട്ടിപ്പ് ആപ്പുകള്‍. ഓരോ ആപ്പുകളും പരമാവധി ആളുകളെ പറ്റിച്ച ശേഷം പെട്ടെന്ന് ഒരു ദിവസം അപ്രത്യക്ഷമാകുന്നു. അപ്പോഴേക്ക് പുതിയ പേരില്‍ പുതിയ തട്ടിപ്പ് തുടങ്ങിക്കാണും.

തട്ടിപ്പിലേക്ക് ആകര്‍ഷിക്കാന്‍ ആദ്യം ചേരുന്ന കുറച്ച് പേര്‍ക്ക് കുറച്ച് പണം കൊടുക്കുന്നതോടെ പണം കിട്ടിയവരുടെ വാട്സ്ആപ് സ്റ്റാറ്റസില്‍ കണ്ണു തള്ളി പുതിയ ആളുകള്‍ തട്ടിപ്പിന് തലവെച്ച് കൊടുക്കും. അപ്പോഴേക്ക് നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ട് തുടങ്ങിയിട്ടുണ്ടാകും. പരാതി കൊടുത്താലോ പലപ്പോഴും പോലീസ് അനങ്ങില്ല. 

Read More: 'ആപ്പി'ലാവുന്നവർ; പണമടച്ച് പരസ്യം കണ്ടാൽ വരുമാനം, ജാ ലൈഫിന്റേ പേരിൽ പറ്റിക്കപ്പെട്ടത് പതിനായിരങ്ങള്‍

നാട്ടിലുള്ളവര്‍ക്ക് കേരളീയ വസ്ത്രങ്ങള്‍ ബുക്ക് ചെയ്ത് പറ്റിക്കപ്പെട്ട ഓസ്ട്രേലിയയില്‍ ജോലിചെയ്യുന്ന പ്രശോഭ് കൊടുത്ത പരാതിയില്‍ പോലീസ് ഒന്നും ചെയ്തില്ല. കൊവിഡിനെത്തുടര്‍ന്നുള്ള കടക്കെണിയില്‍ കുടുങ്ങി പണത്തിന് വേണ്ടി പണം കൊടുത്ത് തട്ടിപ്പിനിരയായ ഷൈലജയുടെ പരാതിയിലും പോലീസ് അനങ്ങിയില്ല.

ഇങ്ങനെ എത്രയെത്രപേരുടെ പരാതികളാണ് ഒന്നുമാകാതെ നമ്മുടെ പോലീസ് സ്റ്റേഷനുകളില്‍ വെറുതെ കിടക്കുന്നത്. തട്ടിപ്പിനിരയാവുന്ന 1000 പേരില്‍ ഒരാള്‍ പോലും പരാതി കൊടുക്കാന്‍ പോയിട്ട് ഒന്ന് പുറത്തുപറയാന്‍ പോലും തയ്യാറാവുന്നില്ല എന്നതാണ് ഇത്തരം തട്ടിപ്പുകള്‍ പല രീതിയില്‍ പണം തട്ടാനുള്ള പ്രധാന കാരണവും.

പണം കൊടുത്ത് പണം നേടാം എന്ന് പറയുന്ന ന്യൂജന്‍ ആപ്പുകളിലും ഓണ്‍ലൈന്‍ സൈറ്റുകളിലും തലയിടുന്നവര്‍ ഒന്നോര്‍ക്കുക. നിങ്ങള്‍ ഏത് നിമിഷവും പറ്റിക്കപ്പെടാം. സൈബര്‍ ലോകത്ത് എവിടെയോ ഒളിച്ചിരിക്കുന്ന തട്ടിപ്പുകാര്‍ക്ക് വേണ്ടി പണമെറിഞ്ഞ് കൊടുക്കാതിരിക്കുക.

click me!