
തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായുള്ള എൻ ശേഷാദ്രിനാഥന്റെ നിയമനത്തിനെതിരെ വീണ്ടും കെപിസിസി ജനറൽ സെക്രട്ടറി പിഎം നിയാസ്. ബിജെപി അനുകൂല സമൂഹമാധ്യമ പോസ്റ്റുകളടക്കം ചൂണ്ടിക്കാട്ടിയാണ് നിയാസിൻ്റെ ആരോപണം. ഇന്ന് ആഭ്യന്തരമന്ത്രിയെ കണ്ട് പരാതിയറിയിക്കാനാണ് നീക്കം. നിയമനത്തിന് ശേഷം പോസ്റ്റുകൾ മാറ്റിയെന്നും നിയാസ് പറയുന്നു.
അതേസമയം, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള തീരുമാനം തന്‍റെ അറിവോടെയാണെന്ന് തദ്ദേശ വകുപ്പ് മന്ത്രി കെഎം ഷാജി പ്രതികരിച്ചു. മന്ത്രിസഭയുടെ കൂട്ടായ തീരുമാനമായിരുന്നു ഇതെന്നും മന്ത്രി വ്യക്തമാക്കി. ശേഷാദ്രിനാഥന്‍റേത് കോൺഗ്രസ് വിരുദ്ധ പശ്ചാത്തലമെന്നും നിയമനം പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തിന് എതിരാണെന്നും ആരോപിച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.
2021മുതല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതല നിര്‍വഹിച്ചിരുന്ന എ. ഷാജഹാന്‍ വിരമിച്ച ഒഴിവിലാണ് മുന്‍ ജില്ലാ ജഡ്ജി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കോണ്‍ഗ്രസ് അനുഭാവികളായ പലരുടെയും പേരുകള്‍ പരിഗണനയ്ക്ക് വന്നിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ നിലപാടാണ് ശേഷാദ്രി നാഥന്‍റെ നിയമനത്തിന് അനുകൂലമായതെന്നാണ് വിവരം.
മുന്‍ എസ്എഫ്ഐക്കാരനായ ശേഷാദ്രി നാഥന്‍ നേരത്തെ എസ്എഫ്ഐ ആയിരുന്നെങ്കില്‍ നിലവില്‍ സംഘപരിവാര്‍ ബന്ധവും ഉണ്ടെന്നാണ് നിയാസിന്‍റെ ആരോപണം. ഈ വിഷയത്തില്‍ നേരത്തെ എഐസിസി നേതൃത്വത്തിന് ഉള്‍പ്പടെ കത്ത് നല്‍കിയ പിഎം നിയാസ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിലപാടിനെതിരെ പരസ്യ വിമര്‍ശനമവും ഉന്നയിച്ചിരുന്നു. എറണാകുളം സ്വദേശിയായ എന്‍ ശേഷാദ്രിനാഥന്‍ പ്രത്യേക സിബിഐ കോടതി ജഡ്ജി, കുടുംബകോടതി ജഡ്‍ജി തുടങ്ങിയ ചുമതലതകളും വഹിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam