
ദില്ലി: പ്രിയ വർഗീസ് ഉൾപ്പെട്ട കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനc പട്ടികയിലെ മറ്റു റാങ്കുകാർക്ക് കേസിന് പോകാതിരിക്കാൻ ഉന്നതപദവികൾ നൽകിയതായി ആരോപിച്ച് സത്യവാങ്മൂലം. ഹർജിക്കാരനായ ജോസഫ് സ്‌കറിയ ആണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. റാങ്ക് ലിസ്റ്റിൽ മൂന്നാം സ്ഥാനക്കാരനായിരുന്ന സി. ഗണേശനും നാലാം റാങ്കിന് ഉടമയായ പി.പി. പ്രകാശനുമാണ് ഉന്നതപദവികൾ നൽകി എന്നാണ് ആരോപണം.
രണ്ട് പേരും പ്രിയ വർഗീസിന്‍റെ നിയമനം നിയമപരമായി ചോദ്യം ചെയ്യാൻ ആലോചിച്ചിരുന്നുവെന്നും എന്നാൽ, ഇത് പിന്നീട് ഉപേക്ഷിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പ്രകാശനെ പി എസ് സി അംഗവും, ഗണേശന് മറ്റൊരു സർവകലാശാലയിലെ പരീക്ഷ കമ്മീഷണറായി നിയമിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അഭിഭാഷകൻ അതുൽ ശങ്കർ വിനോദാണ് ജോസഫ് സ്‌കറിയ്ക്കായി സത്യവാങ്മൂലം സമർപ്പിച്ചത്.