ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: പ്രതിഷേധം ശക്തം, സെക്രട്ടേറിയറ്റ് സമരം പ്രഖ്യാപിച്ച് കേരള മുസ്ലിം ജമാ അത്ത്

Published : Jul 26, 2022, 09:14 AM IST
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: പ്രതിഷേധം ശക്തം, സെക്രട്ടേറിയറ്റ് സമരം പ്രഖ്യാപിച്ച് കേരള മുസ്ലിം ജമാ അത്ത്

Synopsis

ശനിയാഴ്ച സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിലും പ്രതിഷേധ സമരം നടത്തുമെന്ന് കേരള മുസ്ലിം ജമാ അത്ത് പ്രഖ്യാപിച്ചു

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ (KM Basheer) വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിൽ പ്രതിഷേധം ശക്തം. നിയമനത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിലും പ്രതിഷേധ സമരം നടത്തുമെന്ന് കേരള മുസ്ലിം ജമാ അത്ത് പ്രഖ്യാപിച്ചു. ശ്രീറാമിനെ നിയമനത്തിനെതിരെ കോണഗ്രസും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കളക്ടറായുള്ള നിയമനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ആലപ്പുഴ ഡിസിസി കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചിരുന്നു. 

ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളോടുള്ള വെല്ലുവിളിയാണ് ശ്രീറാമിന്റെ നിയമനം. എന്തിന് ഞങ്ങൾ ആലപ്പുഴക്കാരുടെ തലയിൽ എന്തിന് കെട്ടിവയ്ക്കുന്നു. സർക്കാർ ഈ തീരുമാനം പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം എൽഡിഎഫിൽ നിന്നും ശ്രീറാമിന്റെ നിയമനത്തിനെതിരെ എതിർപ്പ് ഉയർന്നിരുന്നു. ബഷീറിന്റെ കുടുംബത്തോട് ഇതുവരെ പരസ്യമായി മാപ്പ്  പറയാൻ പോലും അഹങ്കാരം അനുവദിക്കാത്ത ശ്രീറാമിനെ കളക്ടറാക്കിയതിൽ വേദനയുണ്ടെന്നായിരുന്നു ലോക് താന്ത്രിക് ജനതാദൾ നേതാവ് സലീം മടവൂരിന്റെ വിമർശനം. 

ശ്രീരാം വെങ്കിട്ടരാമനെ  ആലപ്പുഴ ജില്ല കളക്ടറായി നിയമിച്ചതിൽ കേരള പത്രപ്രവർത്തക യൂണിയനും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കൊലപാതക കേസിൽ ഒന്നാം പ്രതിയായി സർക്കാർ തന്നെ കുറ്റപത്രം നൽകിയ വ്യക്തിയാണ് ശ്രീരാം വെങ്കിട്ടരാമൻ. അദ്ദേഹത്തിന്റെ സസ്പെൻഷൻ പിൻവലിച്ച അവസരത്തിലും ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടറായി നിയമിച്ച അവസരത്തിലും യൂണിയൻ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇപ്പോൾ ജനങ്ങളുമായും മാധ്യമ പ്രവർത്തകരുമായും കൂടുതൽ ഇടപെടേണ്ട കളക്ടറായാണ് നിയമിച്ചിരിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ല എന്നും കെയുഡബ്ല്യുജെ വ്യക്തമാക്കി.

ശ്രീറാം പ്രതിയായ കേസ് ഇപ്പോൾ വിചാരണഘട്ടത്തിലാണ്. ശ്രീറാമിനേക്കാൾ ജൂനിയറായ പല ഐഎഎസ് ഉദ്യോഗസ്ഥർക്കും ഇതിനകം കളക്ടർ പദവി നൽകിയെന്നാണ് സർക്കാർ വിശദീകരണം. കേസിന്റെ പേരിൽ ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും അധികനാൾ നാൾ മാറ്റിനിർത്താനാകില്ലെന്ന് പറയുമ്പോഴും  മജിസ്ട്രേറ്റിന്റെ അധികാരമുള്ള കളക്ടർ തസ്തിക നൽകണോ വേണ്ടയോ എന്നത് സർക്കാറിന്റെ നയപരമായ തീരുമാനമാണ്. 

ശ്രീറാമിനെ കളക്ടറാക്കി നിയമിക്കുന്നതിൽ ഐഎഎസ് അസോസിയേഷൻ ശക്തമായ സമ്മർദ്ദം ചെലുത്തിയെന്നാണ് വിവരം. ബഷീറിന്റെ അപകടം ഉണ്ടായപ്പോൾ ശ്രീറാമിന് ഉണ്ടെന്ന് ഡോക്ടർമാർ പറഞ്ഞ മറവിരോഗവും അന്ന് സിപിഎം നേതാക്കൾ ശ്രീറാമിനെതിരെ നടത്തിയ പഴയ വിമർശനങ്ങളും കുത്തിപ്പൊക്കിയാണ് സർക്കാറിനെതിരെ സാമൂഹികമാധ്യമങ്ങളിൽ വിമർശനം തുടരുന്നത്.
 

PREV
click me!

Recommended Stories

കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും പെണ്ണുകേസും, ബഹ്മാസ്ത്രത്തിൽ കണ്ണുവച്ച് എൽഡിഎഫും യുഡിഎഫും, സുവർണാവസരം നോട്ടമിട്ട് ബിജെപി; ഒന്നാം ഘട്ടത്തിൽ ആവോളം പ്രതീഷ
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച'