തിരുവനന്തപുരം: അന്തർ സംസ്ഥാന ബസ്സുകളുടെ ചട്ടലംഘനങ്ങൾ തുടരുന്നതിനിടെ മോട്ടോർ വാഹന വകുപ്പിന് പിഴ ഇനത്തിൽ കുടിശ്ശികയായി കിട്ടാനുള്ളത് കോടികൾ. വിവിധ തരം വാഹനങ്ങൾ നൽകാനുള്ള കുടിശ്ശിക 600 കോടിയലധികമാണെന്ന് ഗതാഗത കമ്മീഷണർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കല്ലട ബസ്സിൽ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ ഉടമയ്ക്കുള്ള പങ്കിനെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
ഗതാഗത നിയമലംഘനങ്ങളിൽ മോട്ടോർ വാഹനവകുപ്പിന്‍റെ മെല്ലെപ്പോക്കിന്‍റെ ഉദാഹരണമാണ് കോടികളുടെ കുടിശ്ശിക. 20 വർഷം വരെ പഴക്കമുള്ള ഗതാഗത നിയമലംഘന കേസുകളാണ് നടപടിയാവാതെ കിടക്കുന്നത്. കേസ് തീർപ്പാക്കാനോ വാഹന ഉടമകളിൽ നിന്നും പിഴ നിശ്ചിത സമയത്ത് ഈടാക്കാനോ വകുപ്പിന് കഴിയുന്നില്ല. ആവശ്യത്തിന് ജീവനക്കാരില്ലെന്ന പരാതി അടക്കമാണ് വകുപ്പ് നിരത്തുന്നത്.
മാർച്ചിൽ നടത്തിയ പ്രത്യേക ദൗത്യത്തിലൂടെ 6 കോടി രൂപ പിരിച്ചെടുത്തതാണ് സമീപകാലത്തെ നേട്ടം. അന്തർസംസ്ഥാന സ്വകാര്യബസുകളുടെ നിയമലംഘനങ്ങൾ തടയാനായി തുടങ്ങിയ ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് പോലെ പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നാണ് ഗതാഗത കമ്മീഷണർ പറയുന്നത്.
ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് തുടങ്ങിയ ശേഷം ദിവസം ശരാശരി 14 ലക്ഷം രൂപയാണ് പിഴ ഇനത്തിൽ ലഭിക്കുന്നത്. അതിനിടെ കല്ലട ബസിലെ യാത്രക്കാർക്കുനേരെയുണ്ടായ ആക്രമണത്തെകുറിച്ച് ബസ് ഉടമയ്ക്ക് അറിവുണ്ടായിരുന്നോ എന്ന് പരിശോധിച്ച് വരികയാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, മോട്ടോർ വാഹനവകുപ്പിന്‍റെ വ്യാപകമായ പരിശോധനയില്‍ പ്രതിഷേധിച്ച് കോഴിക്കോടു നിന്നുള്ള അന്തർ സംസ്ഥാന ലക്ഷ്വറി ബസ് സർവീസുകൾ നിർത്തിവയ്ക്കാന്‍ ഉടമകൾ തീരുമാനിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam