Appu's dream: ജയിലില്‍ ജനിച്ചെങ്കിലും ജയിലിന് പുറത്തേക്ക് ലോങ്ങ് ഷോട്ട് പായിച്ച് അപ്പുവിന്‍റെ സ്വപ്നങ്ങള്‍

Published : Dec 15, 2021, 02:31 PM ISTUpdated : Dec 15, 2021, 03:18 PM IST
Appu's dream: ജയിലില്‍ ജനിച്ചെങ്കിലും  ജയിലിന് പുറത്തേക്ക് ലോങ്ങ് ഷോട്ട് പായിച്ച് അപ്പുവിന്‍റെ സ്വപ്നങ്ങള്‍

Synopsis

അവന്‍ ജുവനൈല്‍ ഹോമിലുള്ള കുട്ടികൾക്ക് ഒപ്പം കളിച്ചു വളർന്നു. അതിനിടെ, ശിക്ഷ കഴിഞ്ഞ് അപ്പുവിന്‍റെ അമ്മ ജയിലിൽ നിന്ന് ഇറങ്ങി. എന്നാല്‍, മകനെ ഒന്ന് കാണാന്‍ പോലും ആ അമ്മ തയ്യാറായില്ല. 


തിരുവനന്തപുരം: പിറന്നു വീണത് ജയിലിൽ ആണെങ്കിലും, അപ്പുവിന്‍റെ സ്വപ്നങ്ങൾ ജയിലിന് പുറത്തേക്ക് ചിറക്ക് വിരിച്ചുയരുകയാണ്. അപ്പുവിനെ കുറിച്ച് തൃശൂർ ജില്ലാ കളക്ടറെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും ചർച്ച ആയിരിക്കുന്നു. അപ്പുവിന്‍റെ അമ്മ തൃശൂർ വിയ്യൂർ ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിടെയാണ് അപ്പു ജയിലിൽ ജനിക്കുന്നത്. അമ്മക്കൊപ്പം ആ ജയിലിൽ തന്നെ അവനും വളര്‍ന്നു. അപ്പുവിന് അഞ്ച് വയസായപ്പോള്‍ അവനെ ജയിലില്‍ നിര്‍ത്തുന്നത് അസാധ്യമായി. ഇതോടെ അവനെ നിയമപ്രകാരം ജ്യൂവനൈയിൽ ഹോമിലേക്ക് മാറ്റി.

അവന്‍ ജുവനൈല്‍ ഹോമിലുള്ള കുട്ടികൾക്ക് ഒപ്പം കളിച്ചു വളർന്നു. അതിനിടെ, ശിക്ഷ കഴിഞ്ഞ് അപ്പുവിന്‍റെ അമ്മ ജയിലിൽ നിന്ന് ഇറങ്ങി. എന്നാല്‍, മകനെ ഒന്ന് കാണാന്‍ പോലും ആ അമ്മ തയ്യാറായില്ല. തുടര്‍ന്ന് അധികാരികൾ അമ്മയെ പല തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പക്ഷേ, പ്രതിസന്ധികളിൽ തളരാതെ അവന്‍ കാൽപന്തിനെ സ്നേഹിച്ചു. ആ കാല്‍പന്ത് അവനിന്ന് ലഭിച്ച സ്നേഹം തിരിച്ച് നല്‍കുകയാണ്. അതെ, അപ്പുവിന് മുന്നില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ റിസര്‍വ് ടീമിലേക്കുള്ള വാതില്‍ തുറന്നു. ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ കളിക്കാരനാണ് അപ്പു. 

തൃശൂർ ജില്ലാ കളക്ടർ ഹരിത വി കുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: 

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിലേക്കൊരു ലോംഗ് പാസ് നൽകി നാടിന് അഭിമാനമായ അപ്പു ഇന്ന് കളക്ട്രേറ്റിലെത്തി ആദരം ഏറ്റുവാങ്ങി. പത്താം വയസില്‍ രാമവര്‍മപുരത്തെ ചില്‍ഡ്രന്‍സ് ഹോമിലെത്തിയ അപ്പു കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസര്‍വ് ടീമിന്റെ ഭാഗമായത് അഭിമാന നേട്ടമായി. കുഞ്ഞുനാളിലേ തുടങ്ങിയ ജീവിത പ്രതിസന്ധികളെയെല്ലാം തരണം ചെയ്തു വിജയം മാത്രം ലക്ഷ്യമിട്ട് കുതിക്കുന്ന അപ്പു എന്ന കുഞ്ഞുമിടുക്കനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഫുട്‌ബോളിലെ ഉയരങ്ങള്‍ കീഴടക്കാന്‍ അപ്പുവിന് ഇനിയും കഴിയട്ടെ. അപ്പുവിന് ഇഷ്ടപ്പെട്ട ഫുട്‌ബോളും മോമന്റോയും തന്നെ ഉപഹാരമായി നൽകി. നിലവില്‍ വില്ലടം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയാണ് അപ്പു.

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമിലെ ജീവിതമാണ് അപ്പുവിലെ കളിക്കാരനെ വളര്‍ത്തിയത്. എഫ് സി കേരളയുടെ ഭാഗമായായിട്ടായിരുന്നു പ്രൊഫഷനല്‍ ഫുട്‌ബോളിലെ തുടക്കം. തുടര്‍ന്ന് സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍ ഫുട്‌ബോള്‍ ടീമിനൊപ്പം ചേര്‍ന്നു. തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ ഫൈനല്‍ സെലക്ഷന്‍ ക്യാമ്പാണ് അപ്പുവിലെ കളിക്കാരനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുന്നത്.

ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ വച്ച് അപ്രതീക്ഷിതമായി അപ്പുവിന്റെ കളിമികവ് കാണാനിടയായ ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലകന്‍ ഇവാന്‍ വുക്കോ മനോവിക് ആണ് ഈ കുരുന്നു പ്രതിഭയെ തിരിച്ചറിഞ്ഞത്. ഈ കണ്ടെത്തല്‍ അപ്പുവിന് ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീമിലേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു. സന്തോഷ് ട്രോഫി റിസര്‍വ്വ് ഗോളിയായിരുന്ന കിരണ്‍ ജി കൃഷ്ണന്റെ നേതൃത്വത്തിലാണ് അപ്പുവിന്റെ പരിശീലനം. നേരത്തേ ആലപ്പുഴ ശിശുഭവനില്‍ നിന്നാണ് അപ്പു രാമവര്‍മപുരം ശിശുഭവന്റെ തണലിലെത്തിയത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു, സംഭവം തൃശൂരില്‍