
മലപ്പുറം: എആർ നഗർ സർവ്വീസ് സഹകരണബാങ്കിന്റെ പൂഴ്ത്തി വെച്ചിരുന്ന ഓഡിറ്റ് റിപ്പോർട്ട് പുറത്ത്. ബാങ്കിന് 115 കോടി രൂപയുടെ കിട്ടാക്കടമുണ്ടെന്നാണ് സഹകരണവകുപ്പ് കണ്ടെത്തിയിരുക്കുന്നത്. 103 കോടി രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് കണ്ടു കെട്ടിയ സാഹചര്യത്തിൽ ബാങ്ക് വൻ പ്രതിസന്ധിയിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം നാലരക്കോടിയുടെ പ്രവർത്തന നഷ്ടമാണ് ബാങ്കിനുണ്ടായത്.
2019-2020 വർഷത്തെ സഹകരണവകുപ്പിന്റെ ഓഡിറ്റിൽ വിവാദ ബാങ്കിനെതിരെ കണ്ടെത്തിയിരിക്കുന്നത് ഗുരുതരമായ കാര്യങ്ങളാണ്. 290 കോടിയാണ് ബാങ്കിലെ ആകെ നിക്ഷേപം. ഇതിൽ 259.28 കോടി രൂപ വായ്പയായി നൽകിയതിൽ 115 കോടിയും കിട്ടാക്കടമാണ്.103 കോടി രൂപ കള്ളപ്പണമാണെന്ന് ആദായനികുതി വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. അതിന് 60 ശതമാനം വരെ പിഴ നൽകേണ്ടി വരും. അപ്പോൾ നിക്ഷേപകരുടെ പണം തിരികെ നൽകാത്ത സാഹചര്യമുണ്ടാകുമെന്നും ബാങ്ക് വൻ പ്രതിസന്ധിയാലാണെന്നും വ്യക്തം.
ഓഡിറ്റ് സാമ്പത്തികവാർഷത്തിൽ ബാങ്കിന്റെ പ്രവർത്തന നഷ്ടം 4.53 കോടി രൂപയാണ്. ഗുരുതരമായ കാര്യം, ഈ ബാങ്കിന്റെ തകർച്ച ജില്ലാ സഹകരണബാങ്കിനെയും ബാധിക്കും എന്നതാണ്. 104 കോടി രൂപ ക്രെഡിറ്റ് കാഷ് വായ്പയെടുത്താണ് ബാങ്ക് പ്രവർത്തിക്കുന്നത്. പ്രതിസന്ധിയിലായ ബാങ്കിന് ഈ തുക തിരിച്ചടിക്കാൻ പറ്റാതായാൽ ജില്ലാ ബാങ്കും കടക്കെണിയിലാകും. നേരത്തെ ആദായനികുതി വകുപ്പ് കണ്ടെത്തിയ ബിനാമി അക്കൗണ്ടുകളുടെ കാര്യവും സഹകരണവകുപ്പ് ശരിവെക്കുന്നുണ്ട്.
ബാങ്ക് മുൻ സെക്രട്ടറി ഹരികുമാറിനെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിച്ചത് ക്രമവിരുദ്ധമാണെന്നും റിപ്പോർട്ടിലുണ്ട്. ഇത്രയും ഗുരുതരമായ പ്രതിസന്ധിയുണ്ടായിട്ടും ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ട് ഭരണം ഏറ്റെടുക്കാനോ സഹകരണ നിയമ പ്രകാരം കേസെടുക്കാനോ സർക്കാർ തയ്യാറായിട്ടില്ലെന്നത് വിചിത്രമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam