കൊവിഡ് രോഗിയെ പീഡിപ്പിച്ചത് പിപിഇ കിറ്റ് ഊരിവച്ച ശേഷം; പ്രതി കുറ്റം സമ്മതിച്ചു

By Web TeamFirst Published Sep 6, 2020, 1:32 PM IST
Highlights

തൊട്ടടുത്തുള്ള പന്തളത്തേക്ക് പോകാതെ രണ്ട് സ്ത്രീകളുമായി നൗഫൽ ആംബുലൻസ് നേരെ കോഴഞ്ചേരിക്ക് വിട്ടു. 18 കിലോമീറ്ററോളം സഞ്ചരിച്ച് സ്ത്രീയെ കോഴഞ്ചേരിയിൽ ഇറക്കിയ ശേഷം പെൺകുട്ടിയുമായി നൗഫൽ പന്തളത്തേക്ക് മടങ്ങി. 

പത്തനംതിട്ട: കൊവിഡ് രോഗിയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം ആസൂത്രിതമെന്ന സൂചന നൽകി പൊലീസ്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് അടൂരിൽ നിന്നും പെൺകുട്ടിയെ നൗഫൽ ആംബുലൻസിൽ കേറ്റിയത്. കൊവിഡ് പൊസിറ്റീവായ നാൽപ്പത് വയസുള്ള മറ്റൊരു സ്ത്രീയേയും നൗഫൽ ആംബുലൻസിൽ കേറ്റിയിരുന്നു. 

പെൺകുട്ടിയെ പന്തളത്തെ കൊവിഡ് കെയ‍ർ സെൻ്ററിലും സ്ത്രീയെ കോഴഞ്ചേരി ജനറൽ ആശുപത്രിയിലും ഇറക്കാനായിരുന്നു ആരോ​ഗ്യവകുപ്പിൽ നിന്നും നൗഫലിന് കിട്ടിയ നി‍ർദേശം. എന്നാൽ തൊട്ടടുത്തള്ള പന്തളത്തേക്ക് പോകാതെ രണ്ട് സ്ത്രീകളുമായി നേരെ കോഴഞ്ചേരിയിലേക്ക് പോകുകയാണ് നൗഫൽ ചെയ്തത്. നാൽപ്പതുകാരിയെ കോഴഞ്ചേരിയിൽ ഇറക്കിയ ശേഷമുള്ള മടക്കയാത്രയിലാണ് ആറന്മുളയ്ക്ക് സമീപം വിജനമായ സ്ഥലത്ത് വച്ചു പെൺകുട്ടിയെ പീഡിപ്പിച്ചത്. 

ആറന്മുളയിൽ സംഭവിച്ചത്...

അച്ഛനും അമ്മയ്ക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതിനെ തുട‍ർന്ന് അടൂ‍ർ വടക്കേടത്തുള്ള ബന്ധുവീട്ടിൽ കഴിയുകയായിരുന്ന പെൺകുട്ടി. ഇന്നലെ നടന്ന പരിശോധനയിൽ കൊവിഡ് പൊസിറ്റീവായ വിവരം  വൈകിട്ടോടെയാണ് ആരോ​ഗ്യവകുപ്പ് അറിയിച്ചത്. തുട‍ർന്ന് കൊവിഡ് കെയർ സെന്ററിലേക്ക് പെൺകുട്ടിയെ മാറ്റുകയാണെന്നും ഇതിനായി തയ്യാറായി നിൽക്കാനുമുള്ള നി‍ർദേശം വന്നു. രാത്രി പതിനൊന്നരയോടെ അടൂർ ജനറൽ ആശുപത്രിയിലെ 108 ആംബുലൻസ് പെൺകുട്ടിയെ കൊണ്ടു പോകാനെത്തി ഈ ആംബുലൻസിൻ്റെ ഡ്രൈവറായിരുന്നു കായംകുളം സ്വദേശി നൗഫൽ. 

ആംബുലൻസിൽ പെൺകുട്ടിയെ കൂടാതെ നാൽപ്പത് വയസുള്ള കൊവിഡ് പൊസീറ്റീവായ ഒരു സ്ത്രീയും ഉണ്ടായിരുന്നു. ഇവരെ കോഴഞ്ചേരി ജനറൽ ആശുപത്രിയിലും പെൺകുട്ടിയെ പന്തളത്തെ കൊവിഡ് കെയർ സെൻ്ററിലും പ്രവേശിപ്പിക്കാനായിരുന്നു നി‍ർദേശം. എന്നാൽ തൊട്ടടുത്തുള്ള പന്തളത്തേക്ക് പോകാതെ രണ്ട് സ്ത്രീകളുമായി നൗഫൽ ആംബുലൻസ് നേരെ കോഴഞ്ചേരിക്ക് വിട്ടു. 18 കിലോമീറ്ററോളം സഞ്ചരിച്ച് സ്ത്രീയെ കോഴഞ്ചേരിയിൽ ഇറക്കിയ ശേഷം പെൺകുട്ടിയുമായി നൗഫൽ പന്തളത്തേക്ക് മടങ്ങി. 

തിരിച്ചു വരും വഴി രാത്രി 12.30-ഓടെ ആറന്മുള വിമാനത്താവള പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്തിന് സമീപം നൗഫൽ ആംബുലൻസ് നിർത്തി. തുട‍ർന്ന് ധരിച്ചിരുന്ന പിപിഇ കിറ്റ് ഡ്രൈവിം​ഗ് സീറ്റിൽ ഊരിവച്ച ശേഷം പിറകിലെ ഡോർ തുറന്ന് അകത്തു കയറി ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.  

പീഡനത്തിന് ശേഷം നടന്ന സംഭവങ്ങൾ ആരോടും പറയരുതെന്നും അബദ്ധത്തിൽ സംഭവിച്ചതാണിതെന്നും നൗഫൽ പെൺകുട്ടിയോട് പറഞ്ഞിരുന്നു. ഈ സംഭാഷണം പെൺകുട്ടി രഹസ്യമായി ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു. പീഡനത്തിന് ശേഷം പെൺകുട്ടിയുമായി നൗഫൽ പന്തളത്തെ കൊവിഡ് കെയർ സെന്ററിലെത്തി. ഇവിടെ വച്ചു പെൺകുട്ടി ആംബുലൻസിൽ നിന്നും ഇറങ്ങിയോടി എഫ്.എൽ.സി.ടിയിൽ എത്തി.

പീഡനവിവരം പെൺകുട്ടി  കൊവിഡ് കെയ‍ർ സെൻ്ററിലെ അധികൃതരെ അറിയിക്കുകയും അവ‍ർ പന്തളം പൊലീസിനെ വിളിച്ചു വരുത്തുകയും ചെയ്തു. തുടർന്ന് വനിത പൊലീസ് അടക്കം പന്തളം സ്റ്റേഷനിൽ നിന്നുള്ള സംഘം കൊവിഡ് സെൻ്ററിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അപ്പോഴേക്കും സമയം ഒരു മണിയായിരുന്നു.

പെൺകുട്ടിയിൽ നിന്നും ആംബുലൻസ് വിവരങ്ങൾ ശേഖരിച്ച പൊലീസ് പ്രതിയായ നൗഫലിനെ തിരിച്ചറിഞ്ഞു. ഇയാളുടെ ആംബുലൻസ് അടൂ‍ർ ആശുപത്രിയിൽ ഉള്ളതായി വിവരം ലഭിച്ചതിനെ തുട‍ർന്ന് പന്തളം പൊലീസ് അടൂ‍ർ പൊലീസിനെ വിവരം അറിയിക്കുകയും അവ‍ർ ആശുപത്രിയിലെത്തി നൗഫലിനെ പിടികൂടുകയുമായിരുന്നു. 

നിലവിൽ അടൂർ പൊലീസ് സ്റ്റേഷനിൽ പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് നൗഫൽ ഉള്ളത്. പെൺകുട്ടിയെ തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്നാണ് നൗഫൽ പൊലീസിന് മൊഴി നൽകിയെങ്കിലും ഇതു കള്ളമാണെന്നാണ് പൊലീസ് പറയുന്നത്. നിരവധി ക്രിമിനൽ  കേസുകളിൽ പ്രതിയായ ആളാണ് നൗഫലെന്നും അന്വേഷണത്തിൽ പൊലീസിന് വ്യക്തമായിട്ടുണ്ട്. ആദ്യം റാന്നിയിൽ ജോലി ചെയ്ത ഇയാൾ പിന്നീട് പന്തളത്തേക്ക് മാറുകയായിരുന്നുവെന്നാണ് വിവരം. അടൂർ സ്റ്റേഷനിൽ എസ്.പിയുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യല്ലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്

കൊവിഡ് രോ​ഗികളെ ചികിത്സാകേന്ദ്രത്തിലേക്ക് കൊണ്ടു പോകുമ്പോൾ ഡ്രൈവ‍ർക്കൊപ്പം ഒരു ആരോ​ഗ്യപ്രവ‍ർത്തകൻ കൂടി വേണം എന്നാണ് പ്രോട്ടോക്കോൾ. എന്നാൽ പന്തളം സംഭവത്തിൽ ഇതു പാലിച്ചില്ല എന്നതിനാൽ ആരോ​ഗ്യവകുപ്പിനെതിരെ രൂക്ഷവിമ‍ർശനവുമായി യുഡിഎഫും ബിജെപിയും രം​ഗത്തു വന്നിട്ടുണ്ട്. 

ഇയാളെ ആംബുലൻസ് ജോലിയിൽ പിരിച്ചു വിടാൻ ആരോഗ്യമന്ത്രി നിർദേശം നൽകി. നൗഫലിനെതിരെ എല്ലാ തെളിവുകളും ശേഖരിച്ച് കഴിഞ്ഞതായി ജില്ല പൊലീസ് മേധാവി കെജി സൈമൺ പറഞ്ഞു. പീഡനം തെളിയിക്കാനുള്ള ശക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് കേസിൽ കുറ്റപത്രം സമർപ്പിച്ച് ഇയാൾക്ക് ശിക്ഷ വാങ്ങി നൽകാനാണ് ഇനിയുള്ള പരിശ്രമമെന്നും കെജി സൈമൺ പറഞ്ഞു. പന്തളം കൊവിഡ് കെയർ സെൻ്ററിലെ പ്രത്യേക റൂമിലാണ് പീഡനത്തിന് ഇരയായ പെൺകുട്ടി ഇപ്പോൾ. ഇവരുടെ ആരോ​ഗ്യനില തൃപ്തികരമാണെന്നും വൈദ്യപരിശോധന ഉടനെ നടത്തുമെന്നും കെജി സൈമൺ അറിയിച്ചു. 

click me!