മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും വരുമെന്ന തന്റെ മുൻപരാമർശത്തിൽ വിശദീകരണവുമായി എം.എ. യൂസഫലി. താൻ ഒരു കച്ചവടക്കാരൻ മാത്രമാണെന്നും ആര് വന്നാലും ആശംസ നേരുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ആരുവന്നാലും ആശംസ നേരുമെന്ന് മലയാളി കോടീശ്വരൻ എം.എ. യൂസഫലി. കഴിഞ്ഞ തവണത്തെ സന്ദർശന വേളയിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകാൻ ആശംസ നേർന്നതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു മറുപടി. ആരുവന്നാലും ആശംസ നേരും. രാഷ്ട്രീയമായി പ്രത്യേകമായ താൽപര്യമൊന്നുമില്ല. ജയിക്കുന്നതും തോൽക്കുന്നതും തീരുമാനിക്കുന്നത് ജനങ്ങളാണല്ലോ. പക്ഷേ നമുക്ക് ആശംസ പറയുന്നത് കൊണ്ട് ബുദ്ധിമുട്ടില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായി എത്തുന്നതിനെ കുറിച്ച് ദുബായിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞിരുന്നു. ദുബായിൽ മുഖ്യമന്ത്രി പങ്കെടുത്ത ഓർമ കേരലോത്സവത്തിൽ ആയിരുന്നു പരാമര്‍ശം. മുഖ്യമന്ത്രി വീണ്ടും മുഖ്യമന്ത്രിയായി മടങ്ങി എത്തുന്നതിനുള്ള സാഹചര്യമാണെന്ന് പറഞ്ഞ എം എ യൂസഫലി, പിന്നീട് തനിക്ക് രാഷ്ട്രീയം അറിയില്ല എന്ന് പറഞ്ഞാണ് പരാമർശം പൂർത്തിയാക്കിയത്. രാഷ്ട്രീയക്കാർ അവരുടെ ജീവിതം ഉഴിഞ്ഞു വെച്ചവരാണെന്നും യുസഫ് അലി പറഞ്ഞു.
എനിക്ക് രാഷ്ട്രീയമില്ല. ഞാന്‍ കച്ചവടക്കാരന്‍ മാത്രമാണ്. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഒരുപോലെ സ്വാഗതം പറയുന്ന നാടാണിത്. ഏവരും സന്തോഷത്തോടെ മത സൗഹാർദത്തോടെ ഒത്തൊരുമിച്ചു ജീവിക്കുന്ന രാജ്യമാണിതെന്നും എം എ യൂസഫലി പറഞ്ഞു.
