
തിരുവനന്തപുരം: ആറന്മുള വള്ളസദ്യ വിവാദത്തിൽ വിശദീകരണവുമായി ദേവസ്വം മന്ത്രി വി എൻ വാസവൻ. ആചാരലംഘനം നടത്തിയിട്ടില്ലെന്ന് പറഞ്ഞ മന്ത്രി വിവാദം ആസൂത്രിതമാണെന്നും കുബുദ്ധിയിൽ ഉണ്ടായതാണെന്നും ചൂണ്ടിക്കാട്ടി. പള്ളിയോട സംഘമാണ് സദ്യക്ക് കൊണ്ടുപോയത്. ചടങ്ങുകൾ പൂർത്തിയാക്കാൻ സദ്യ കഴിക്കണം എന്ന് പറഞ്ഞു. 31 ദിവസത്തിനു ശേഷം കത്ത് വന്നത് ആസൂത്രിതമാണെന്നും മന്ത്രി വിമര്‍ശിച്ചു. ശബരിമല സ്വർണക്കൊളള കേസിൽ അന്വേഷണത്തെ വിമർശിക്കുന്നത് ശരിയല്ലെന്നും കോടതിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും വിഎൻ വാസവൻ അഭിപ്രായപ്പെട്ടു.
‘’വളരെ അവാസ്തവവും അടിസ്ഥാന രഹിതവുമായ കാര്യങ്ങളാണ് വന്നിട്ടുള്ളത്. അഷ്ടമി രോഹിണി ദിവസം നടന്ന സംഭവമാണ്. 31 ദിവസങ്ങള്‍ക്ക് ശേഷം ഇങ്ങനെയൊരു വാര്‍ത്ത വന്നതിന്‍റെ യുക്തി മനസിലാകുന്നില്ല. സാമാന്യബുദ്ധിക്ക് ആലോചിച്ചാൽ ആസൂത്രിതമായ രൂപത്തിലൊരു കത്ത് കൊടുത്ത് ഒരു മര്യാദരഹിതമായ വാര്‍ത്തയുണ്ടാക്കി എന്നുള്ളതാണ് വസ്തുത. അവിടെ മറ്റൊരു തരത്തിലുള്ള കാര്യങ്ങളും ലംഘിക്കാനോ ആചാരം ലംഘിക്കാനോ ഒന്നും പോയിട്ടില്ല. അവര്‍ പറഞ്ഞതനുസരിച്ച്, ഇതിന്‍റെ സംഘാടകര്‍ പള്ളിയോടം കമ്മിറ്റി പ്രസിഡന്‍റും അതിന്‍റെ ഭാരവാഹികളും, അവരെല്ലാമുണ്ടായിരുന്നു. അവരാണ് ഭക്ഷണം കഴിപ്പിച്ചതും എല്ലാം.'' വി എൻ വാസവൻ പറഞ്ഞു.