പാട്ട് പാടി വിഭവങ്ങള്‍ ചോദിക്കുന്ന സദ്യ; ആറൻമുളയിൽ ഇന്ന് അഷ്ടമി രോഹിണി വള്ളസദ്യ; രാവിലെ 11 മണിക്ക് തുടക്കം

Published : Sep 06, 2023, 06:23 AM ISTUpdated : Sep 06, 2023, 11:06 AM IST
പാട്ട് പാടി വിഭവങ്ങള്‍ ചോദിക്കുന്ന സദ്യ; ആറൻമുളയിൽ ഇന്ന് അഷ്ടമി രോഹിണി വള്ളസദ്യ; രാവിലെ 11 മണിക്ക് തുടക്കം

Synopsis

സദ്യക്ക് വിളമ്പാൻ ചേനപ്പാടിക്കാരുടെ പാളത്തൈരുമായി ഇന്നലെ ഘോഷയാത്ര നടന്നു. 300 ഓളം വിദഗ്ധ പാചക തൊഴിലാളികളുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കിയിരിക്കുന്നത്.

പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. രാവിലെ 11 ന് തുടങ്ങുന്ന സദ്യയിൽ പള്ളിയോട കരക്കാരും ഭക്തരും ഉൾപ്പെടെ നിരവധിപേർ പങ്കെടുക്കും. ക്ഷേത്രമുറ്റത്തും ഊട്ടുപുരകളിലുമായാണ് സദ്യ വിളമ്പുന്നത്. സദ്യക്ക് വിളമ്പാൻ ചേനപ്പാടിക്കാരുടെ പാളത്തൈരുമായി ഇന്നലെ ഘോഷയാത്ര നടന്നു. 300 ഓളം വിദഗ്ധ പാചക തൊഴിലാളികളുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കിയിരിക്കുന്നത്.

നിരവധിക്കണക്കിന് ആചാരങ്ങളടങ്ങിയ ചടങ്ങാണ് ആറന്മുള വള്ളസദ്യ. ആദ്യം വഴിപാട് നടത്താൻ പള്ളിയോട കരയിൽ നിന്നും അനുവാദം വാങ്ങണം. അനുവാദം വാങ്ങിയ ശേഷം വഴിപാടുകാർ സദ്യക്കുള്ള ഒരുക്കമാരംഭിക്കും. വള്ളസദ്യ ദിവസം, ആരാണോ വഴിപാട് നടത്തുന്നത് അവർ രാവിലെ ക്ഷേത്രത്തിലെത്തി നിറപറ സമർപ്പിക്കുന്നു. രണ്ട് പറകളായിരിക്കും ഈ ഭക്തർ നിറക്കുന്നത്. ഒന്ന് ഭ​ഗവാനാണെങ്കിൽ മറ്റൊന്ന് പള്ളിയോടത്തിനാണ്. 

ഓരോ പള്ളിയോട കടവിൽ നിന്നും ആചാരപ്രകാരം പള്ളിയോടത്തെ യാത്രയാക്കും. ആരുടെയാണോ വഴിപാട് അവർ കരമാർ​ഗം ക്ഷേത്രത്തിലെത്തും. വഞ്ചിപ്പാട്ടും പാടി പള്ളിയോടങ്ങൾ പമ്പാനദിയിലൂടെ ക്ഷേത്രസമീപമെത്തി ചേരുന്നു. ക്ഷേത്രത്തിലെത്തുന്ന വള്ളത്തെ വിളക്ക്, താലപ്പൊലി, മുത്തുക്കുട എന്നിവയൊക്കെയായിട്ടാണ് വഴിപാടുകാർ സ്വീകരിക്കുന്നത്. ഇവിടെയൊന്നും പുരോഹിതരുടെ സാന്നിധ്യമില്ല. വഴിപാടുകാരും കരക്കാരുമാണുള്ളത്. 

ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച ശേഷം നേരെ കൊടിമരച്ചുവട്ടിലേക്ക്. പറ അർപ്പിച്ചിരിക്കുന്ന സ്ഥലത്തെത്തിയ ശേഷം മുത്തുക്കുടയും ഒരു തുഴയും ആറന്മുള തേവർക്ക് സമർപ്പിക്കും. ശേഷം വഞ്ചിപ്പാട്ടും പാടി വള്ളസദ്യ ഉണ്ണാൻ നേരെ ഊട്ടുപുരയിലേക്ക്. ഊട്ടുപുരയിലെത്തിയാലും ചടങ്ങ് തീരുന്നില്ല. ഓരോ പാട്ട് പാടിയാണ് വിഭവങ്ങൾ ചോദിക്കുന്നത്. അവയെല്ലാം വഴിപാടുകാരൻ വിളമ്പുന്നു. 

സദ്യക്ക് ശേഷം കൊടിമരച്ചുവട്ടിലെത്തി ഭ​ഗവാനെ തൊഴുത ശേഷം നേരത്തെ നിറച്ചു വച്ചിരിക്കുന്ന പറ മറിക്കും. ദക്ഷിണ വാങ്ങിയ ശേഷം വഴിപാടുകാരെ അനു​ഗ്രഹിച്ച് പള്ളിയോട കരക്കാർ മടങ്ങുന്നു. ഇന്നും അഭീഷ്ട സിദ്ധിക്ക് വേണ്ടി അനവധി പേരാണ് വള്ളസദ്യ നടത്തുന്നത്. ഇന്നലെ മാത്രം 12 പള്ളിയോടങ്ങളാണ് കരയിലെത്തിയത്. അറുപത്തിമൂന്ന് വിഭവങ്ങളടങ്ങിയ സദ്യയാണ് വള്ളസദ്യയ്ക്ക് വിളമ്പുന്നത് എന്നതാണ് ആറന്മുള വള്ളസദ്യയുടെ ഏറ്റവും വലിയ പ്രത്യേകത. 

ഏത്തയ്ക്ക ഉപ്പേരി, ചേന ഉപ്പേരി, ചേമ്പുപ്പേരി, നാലുകൂട്ടം പായസം, 64വിഭവങ്ങൾ, വേറെവിടെയുണ്ട് ഇതുപോലൊരു സദ്യ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും