Asianet News MalayalamAsianet News Malayalam

ഏത്തയ്ക്ക ഉപ്പേരി, ചേന ഉപ്പേരി, ചേമ്പുപ്പേരി, നാലുകൂട്ടം പായസം, 64വിഭവങ്ങൾ, വേറെവിടെയുണ്ട് ഇതുപോലൊരു സദ്യ

ചോറും പായസവും കൂടി തയ്യാറായതോടെ സദ്യയെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ഇനി അത് കരയ്ക്ക് സമർപ്പിച്ചാൽ മതി. 10 മണിയോട് കൂടി ക്ഷേത്രത്തിലേക്ക് വിഭവങ്ങൾ എത്തിക്കാനുള്ള ഒരുക്കമാവും. 
 

aranmula valla sadhya preparation
Author
Aranmula, First Published Aug 20, 2022, 10:27 AM IST

'അട വേണം പഴം വേണം
തെയ്തെയ് തക തെയ്തെയ് തോം
അട വേണം പഴം വേണം അവലും മലരും വേണം...'

ആറന്മുള ക്ഷേത്രത്തിലെ ഊട്ടുപുരയിൽ നിന്നും ഈണത്തിൽ വിളി മുഴങ്ങി. അപ്പോഴേക്കും അടയും പഴവും അവലും മലരും എല്ലാം റെഡിയാണ്. ആറന്മുള വള്ളസദ്യ പോലൊരു സദ്യ ലോകത്തൊരിടത്തും കാണില്ല. വിളമ്പുന്നത് 64 വിഭവങ്ങൾ. പലവിധ ഉപ്പേരി മുതൽ മൂന്ന് നാല് കൂട്ടം പായസം വരെ. വിളമ്പുന്നത് കാണുമ്പോൾ തന്നെ കണ്ണും മനസും വയറും നിറയും. 

aranmula valla sadhya preparation

രണ്ട് ദിവസത്തെ അധ്വാനം തന്നെയാണ് ആറന്മുള വള്ള സദ്യ ഒരുക്കുക എന്നത്. കണ്ണും മനസും കയ്യും എല്ലാം ഒരുപോലെ ഒരേയിടത്ത് ചെന്നെത്തേണ്ടുന്ന അധ്വാനം.

രാവിലെ ഒമ്പത് മണി: വിളക്ക് കൊളുത്തിക്കൊണ്ട് സദ്യയ്ക്കുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു. തുടക്കം മുഖ്യപാചകക്കാരന്റെ നേതൃത്വത്തിൽ തന്നെ. ആദ്യം വറുത്തെടുത്തത് ഉപ്പേരി. ഏത്തയ്ക്കാ ഉപ്പേരി, ശർക്കര വരട്ടി, ചേനയുപ്പേരി, ചേമ്പ് ഉപ്പേരി, എള്ളുണ്ട, ഉണ്ണിയപ്പം, അട അങ്ങനെയങ്ങനെ അത് നീളുന്നു. 

ഉച്ചയോടെ അച്ചാറ് തയ്യാറാക്കാനുള്ള തയ്യാറെടുപ്പുകളാണ്. വെളുത്തുള്ളി അച്ചാർ, ഇഞ്ചി, നാരങ്ങ, അമ്പഴങ്ങ തുടങ്ങി അനേകം അച്ചാറുകളുടെ എരിവ് പാചകപ്പുര കീഴടക്കി കഴിഞ്ഞു.

ആവേശം ചോരാതെ ആറന്മുള, ഓരോ കരക്കാരും കാത്തിരിക്കുന്ന ഉത്സവകാലം, ഇത് വള്ളസദ്യയുടെ നാളുകൾ

സമയം വൈകുന്നേരം അഞ്ച് മണി: അടുക്കളയ്ക്കിപ്പോൾ പച്ചടിയുടേയും കിച്ചടിയുടേയും മണമാണ്. പുളിശ്ശേരി അടക്കമുള്ള വിഭവങ്ങൾ തയ്യാറാക്കുന്നതിന്റെ തിരക്കുകളിലേക്ക് പാചകക്കാർ തിരിഞ്ഞു കഴിഞ്ഞു. അതിന് ശേഷം അവിയൽ, സാമ്പാർ, വറുത്ത എരിശ്ശേരി തുടങ്ങിയവയ്ക്കുള്ള പച്ചക്കറികളരിഞ്ഞ് തുടങ്ങി. രാത്രിയേറെയായാലും ജോലി തീരുന്നേയില്ല. പിറ്റേന്ന് ആളുകൾ ഉണ്ടെഴുന്നേറ്റ് മടങ്ങുന്നത് വരെ എവിടെ വിശ്രമം.

aranmula valla sadhya preparation

വെളുപ്പിന് നാല് മണി: അരിഞ്ഞ് വച്ച പച്ചക്കറികൾ അടുപ്പിൽ കേറിത്തുടങ്ങി. സാമ്പാർ, അവിയൽ, വറുത്ത എരിശ്ശേരി എന്നിവയൊക്കെ തയ്യാറായി വരാനുള്ള സമയമാണിനി. അതിൽ തന്നെ വറുത്ത എരിശ്ശേരി ആറന്മുളക്കാരുടെ സ്വന്തമാണ്. ഒരുപക്ഷ, വള്ളസദ്യയിലെ പ്രത്യേക വിഭവം. ചേന, ഏത്തയ്ക്ക, വൻപയർ എന്നിവയാണ് പ്രധാനമായും ഇതിൽ ഉപയോ​ഗിക്കുന്നത്. പിന്നെ തേങ്ങ തിരുമ്മി വറുത്ത് ചേർക്കുന്നു. മറ്റു സദ്യക്കൊക്കെ കൂട്ടുകറിയാണ് എങ്കിൽ ആറന്മുള വള്ളസദ്യയിൽ അത് വറുത്ത എരിശ്ശേരി എന്ന വിഭവമാണ്.

aranmula valla sadhya preparation

പിന്നാലെ ചോറും പായസവും കൂടി തയ്യാറായതോടെ സദ്യയെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ഇനി അത് കരയ്ക്ക് സമർപ്പിച്ചാൽ മതി. 10 മണിയോട് കൂടി ക്ഷേത്രത്തിലേക്ക് വിഭവങ്ങൾ എത്തിക്കാനുള്ള ഒരുക്കമാവും. 

വിവിധ കോൺട്രാക്ടർമാരാണ് വള്ളസദ്യ ഏറ്റെടുത്ത് ചെയ്യുന്നത്. അതിലൊരാളാണ് പാർത്ഥസാരഥി കാറ്ററിം​ഗ് സർവീസ്  നടത്തുന്ന എസ് എൻ സദാശിവൻ പിള്ള. 22 വർഷമായി വള്ളസദ്യ മേഖലയിലുണ്ട് അദ്ദേഹം. ഇതൊരു തൊഴിലല്ല, വിശ്വാസവും വികാരവുമാണ് സദാശിവൻ പിള്ളയ്ക്ക്. ഇന്ന് നാല് പള്ളിയോടങ്ങൾക്കുള്ള സദ്യയാണ് അദ്ദേഹം തയ്യാറാക്കുന്നത് - തെക്കേമുറിക്കിഴക്ക്, കുന്നുന്തോട്ടം, ഇടനാട്, നെല്ലിക്കൽ. 

നാലുപേരുടെ വള്ളസദ്യക്ക് വേണ്ടി 15 പേരാണ് ജോലിയെടുക്കുന്നത് എന്നും അവരെല്ലാം വർഷങ്ങളായി കൂടെയുള്ളവരാണ് എന്നും കൂടി അദ്ദേഹം പറയുന്നു. ഈ 22 വർഷത്തിനിടയിൽ ഒരുപാട് മാറ്റങ്ങളുണ്ടായി സമൂഹത്തിലും ആറന്മുളയിലും. അൽപസ്വൽപം വിഭവങ്ങളൊക്കെ കൂടി എന്നല്ലാതെ വിഭവങ്ങളിൽ വലിയ മാറ്റങ്ങളൊന്നുമില്ല. ​ഗ്രൈൻഡറടക്കം മെഷീൻ വന്നു. തൊഴിൽ എളുപ്പമായി. എങ്കിലും പഴയൊരു ​ഗുമ്മില്ല സദ്യയൊരുക്കുന്നതിൽ എന്ന് സദാശിവൻ പിള്ള തുറന്ന് സമ്മതിക്കുന്നു. 

'പഴയകാലത്തെ പാചകക്കാർ അവിയലിനുള്ളതൊന്നും ​ഗ്രൈൻഡറിലൊന്നും അരക്കത്തില്ല. ഇപ്പോൾ അതെല്ലാം മാറി. എന്നാൽ, അന്ന് സദ്യയും വിരളമായിരുന്നു. എന്നാൽ, ഇന്ന് ഒരുപാട് സദ്യകളുണ്ട്. ഇന്ന് തന്നെ 12 പള്ളിയോടങ്ങളാണ് ക്ഷേത്രത്തിലെത്തുന്നത്' എന്നും അദ്ദേഹം പറയുന്നു. 

aranmula valla sadhya preparation

സദാശിവൻ പിള്ളയ്ക്കൊപ്പമുള്ള ​ഗോപാല കൃഷ്ണനാണ് അദ്ദേഹത്തിന്റെ മുഖ്യപാചകക്കാരൻ. സംസാരിക്കാനൊന്നും സമയമില്ലാത്തവണ്ണം അദ്ദേഹം പാചകത്തിന്റെ തിരക്കിലാണ്. ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല ​ഗോപാല കൃഷ്ണനിത്. പത്തോ പതിനൊന്നോ വയസുള്ളപ്പോൾ മുതൽ താൻ ആറന്മുള അമ്പലവുമായി ബന്ധപ്പെട്ട എല്ലാത്തിനുമുണ്ട് എന്ന് അദ്ദേഹം പറയുന്നു. നാൽപത് വർഷമായി ആറന്മുള വള്ളസദ്യയൊരുക്കുന്നതിന് ഒപ്പമുണ്ട്. അത് അദ്ദേഹത്തിന് ഒരു ശീലവും ഒഴിച്ചു കൂടാനാവാത്ത സന്തോഷവും തന്നെ. 

ഓളത്തിന്റെ താളമാണ് വഞ്ചിപ്പാട്ടിന്, ആറന്മുളയിലെ ആ വള്ളപ്പാട്ടിനുമുണ്ട് പ്രത്യേകത

ഉച്ചയ്ക്ക് 12 മണി കഴിയുന്നതോടെ വള്ളസദ്യ ക​ഴിക്കാനായി കരക്കാരും ആളുകളുമെത്തി തുടങ്ങി. ഭ​ഗവാനുണ്ട ശേഷമാണ് സദ്യ വിളമ്പുന്നത്. ചൊല്ലിനും പറച്ചിലിനും വിഭവം വിളമ്പലിനും ആസ്വദിച്ചുണ്ണലിനും ശേഷം കരക്കാരും വള്ളവും യാത്രയാവുന്നു. 

ഏറ്റവും ഒടുവിൽ മടങ്ങുന്നത് പാചകക്കാരനാവും. പക്ഷേ, സദാശിവന്റെയും പാചകക്കാരുടെയും കണ്ണിലും മനസിലും ആ ചിരി കാണാം. അതേ ചിരിയോടെ സദാശിവൻ ചോദിക്കുന്നു, 'മനുഷ്യൻ മനസ് നിറഞ്ഞുണ്ണുന്നത് കാണുന്നതിനേക്കാൾ സന്തോഷം വെറെന്തുണ്ട്?'

Follow Us:
Download App:
  • android
  • ios