
കൊച്ചി: വിശ്വാസികൾക്കെതിരായ കടന്നുകയറ്റത്തിൽ ആഞ്ഞടിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മതപരിവർത്തന നിരോധന നിയമമടക്കം ചൂണ്ടികാട്ടിയാണ് പാംപ്ലാനിയുടെ വിമർശനം. തപരിവർത്തന നിരോധന നിയമം ഭരണഘടന ലംഘനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. 11 സംസ്ഥാനങ്ങൾ രാജ്യത്ത് മതപരിവർത്തന നിരോധന നിയമം പാസാക്കി. നിർബന്ധിത മതപരിവർത്തനം ആണോയെന്ന് തീരുമാനിക്കുന്നത് കാപാലിക സംഘമാണെന്നും അവരാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടു. മതപരിവർത്തന നിരോധന നിയമം പിൻവലിക്കണമെന്നും സിസ്റ്റർ പ്രീതിക്കും സിസ്റ്റർ വന്ദനക്കും ഐക്യദാർഢ്യവുമായി എറണാകുളം അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിയ റാലിക്ക് ശേഷമുള്ള പൊതു സമ്മേളനത്തിൽ പാംപ്ലാനി ആവശ്യപ്പെട്ടു.
ന്യൂനപക്ഷങ്ങളോട് കരുതലുണ്ടെങ്കിൽ മതപരിവർത്തന നിരോധന നിയമം പിൻവലിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേക്കും ലഡുവും തന്നത് കൊണ്ട് സുവിശേഷത്തിന്റെ ആദർശം മറക്കില്ല. സ്നേഹപൂർവ്വം തരുന്നത് സ്വീകരിക്കും. തൂമ്പായെ തൂമ്പാ എന്ന് വിളിക്കാനുള്ള ധൈര്യമുണ്ട്. തെറ്റ് കണ്ടാൽ തെറ്റെന്ന് പറയുമെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന കിരാതത്വം തിരിച്ചറിയാനുള്ള ബുദ്ധി ഞങ്ങൾക്കുണ്ട്. എല്ലാവരും തുല്യരും ചിലർ കൂടുതൽ തുല്യരാവുകയും ചെയ്യുന്ന വ്യവസ്ഥിതിയാണ് നിലവിലുള്ളത്. അത് മാറണം. നിങ്ങൾ വരയ്ക്കുന്ന വരയിലൂടെ നടക്കാനും നിങ്ങൾ പറയുന്നവരെ കല്ലെറിയാനും ഈ സമുദായത്തിന് മനസില്ലെന്നും പാംപ്ലാനി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam