
കൊച്ചി: ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ചുമത്തി അറസ്റ്റിലായ കന്യാസ്ത്രീകൾ നിരപരാധികളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കന്യാസ്ത്രീകൾക്ക് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സഭ പാർട്ടിയുടെ സഹായം തേടിയത് മൂന്ന് ദിവസം മുൻപാണ്. എല്ലാവിധ സഹായങ്ങളും പാർട്ടിയുടെ ഭാഗത്തുനിന്നും ചെയ്യുന്നുണ്ട്. പ്രധാനമന്ത്രിയെയും അമിത് ഷായെയും കണ്ടിരുന്നു. ചില രാഷ്ട്രീയ പാർട്ടികൾ അവിടെ പോയി രാഷ്ട്രീയ നാടകം കളിക്കുന്നുണ്ട്. ഛത്തീസ്ഗഡിന് അവരുടേതായ നിയമങ്ങൾ ഉണ്ട്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അതേസമയം, സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലുമായി രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി. പ്രധാന മന്ത്രിയുടെ സന്ദേശം അറിയിച്ചതായും എത്രയും വേഗം ജാമ്യം ലഭിക്കണമെന്നാണ് റാഫേൽ തട്ടിൽ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇന്ന് യുഡിഎഫ്- എൽഡിഎഫ് എംപിമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കന്യാസ്ത്രീകളുടെ ജാമ്യത്തിന് വിചാരണക്കോടതിയെ വീണ്ടും സമീപിക്കാനായിരുന്നു അമിത് ഷാ നിർദേശിച്ചത്. ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നൽകി. എൻഐഎ കോടതിക്ക് വിട്ട സെഷൻസ് കോടതി നടപടി തെറ്റാണെന്നും ആഭ്യന്തരമന്ത്രി കേരള എംപിമാരോട് പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam