ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ നിയോഗിച്ച എസ്ഐടിയില്‍ സിപിഎം ബന്ധമുള്ള രണ്ട് സിഐമാരെ ഉള്‍പ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ ഹൈക്കോടതി നിയോഗിച്ച എസ്ഐടിയില്‍ സിപിഎം നേതൃത്വവുമായി ബന്ധമുള്ള രണ്ട് സിഐമാരെ നിയോഗിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിപിഎം ബന്ധമുള്ള സിഐമാരെ നിയോഗിച്ചത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്നും സതീശൻ ആരോപിച്ചു. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം ഫ്രാക്ഷനില്‍ ഉള്‍പ്പെട്ടവരെ എസ്ഐടിയില്‍ നിയോഗിച്ചതെന്നും അദ്ദേഹം ചോദിച്ചു.
ഹൈക്കോടതിയുടെ മുന്നില്‍ വന്ന രണ്ട് പേരുകളാണ് അംഗീകരിക്കപ്പെട്ടതെന്ന് മനസിലാക്കുന്നു. ഈ പേരുകള്‍ വന്നതിന് പിന്നില്‍ സംസ്ഥാനത്തെ രണ്ട് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ആസ്ഥാനത്തിരുന്ന് സിപിഎമ്മിനു വേണ്ടി വിടുപണി ചെയ്യുന്ന ഉന്നതനുമാണ്. ക്രമസമാധാന ചുമതലയില്‍ ഇരുന്നപ്പോള്‍ ഇതേ ഉദ്യോഗസ്ഥന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി കുപ്രസിദ്ധനായ വ്യക്തിയാണ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഇരുന്ന് സിപിഎമ്മിനു വേണ്ടി അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇയാള്‍ നടത്തുന്നതെന്നും സതീശൻ ആരോപിച്ചു.
മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ എസ്ഐടിയെ സ്വാധീനിക്കാള്‍ ശ്രമിക്കുന്നെന്ന് കഴിഞ്ഞ ദിവസം ഞാന്‍ ആരോപണം ഉന്നയിച്ചു. അവരുടെ ഇടപെടലും എസ്ഐടിയെ നിര്‍വീര്യമാക്കാനും അന്വേഷണം അട്ടിമറിക്കാനുമുള്ള നീക്കത്തിന് പിന്നിലുണ്ട്.
എസ്ഐടിയുടെ നീക്കങ്ങള്‍ സര്‍ക്കാരിലേക്ക് ചോര്‍ത്തുകയും അന്വേഷണത്തെ വഴിതിരിച്ചു വിട്ട് യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയുമാണ് സംഘത്തിന്റെ ലക്ഷ്യം. ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നീക്കത്തിന് പൊലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നു. ഹൈക്കോടതിയുടെ ഇടപെടല്‍ പോലും അട്ടമറിക്കാനാണ് ഇവരുടെ നീക്കം. ഇക്കാര്യത്തില്‍ ഹൈക്കോടതി അടിയന്തിര പരിശോധനയും ഇടപെടലും നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു.
