വൈദ്യുത പോസ്റ്റുകൾ ഒടിയാൻ കാരണം കനം കുറഞ്ഞ കമ്പികൾ? വിശദീകരണവുമായി കെഎസ്ഇബി

Published : Jun 02, 2025, 09:49 PM ISTUpdated : Jun 02, 2025, 09:58 PM IST
വൈദ്യുത പോസ്റ്റുകൾ ഒടിയാൻ കാരണം കനം കുറഞ്ഞ കമ്പികൾ? വിശദീകരണവുമായി കെഎസ്ഇബി

Synopsis

മഴക്കാലത്ത് മരങ്ങൾ വീണ് വൈദ്യുത പോസ്റ്റുകൾ ഒടിയുന്നതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾക്ക് കെഎസ്ഇബി മറുപടി നൽകുന്നു. 

തിരുവനന്തപുരം: വാഹനമിടിച്ചും മഴയിൽ മരം വീണും ഒക്കെ വൈദ്യുത പോസ്റ്റുകൾ ഒടിയുമ്പോൾ പൊതുവെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി കെഎസ്ഇബി. പോസ്റ്റിനുള്ളിലെ കമ്പിക്ക് കനം കുറവായതുകൊണ്ടാണ് വൈദ്യുത പോസ്റ്റ് ഒടിയുന്നത് എന്നാണ് ഒരു ആരോപണം. കഴിഞ്ഞ ദിവസങ്ങളിൽ തീവ്ര മഴയും കാറ്റും കാരണം മരം വീണ് പോസ്റ്റുകൾ തകർന്നപ്പോൾ ചിലർ വാട്സാപ്പിലൂടെയും യുട്യൂബിലൂടെയും ഈ തെറ്റിദ്ധാരണ പരത്തുകയാണെന്ന് കെഎസ്ഇബി ആരോപിച്ചു. എന്നാൽ ഈ ആരോപണത്തിൽ കഴമ്പില്ലെന്ന് കെഎസ്ഇബി പ്ലാനിംഗ് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയറായ മനോജ് ബി നായർ വിശദീകരിച്ചു.

കുറിപ്പിന്‍റെ പൂർണരൂപം

കെഎസ്ഇബി പോസ്റ്റുകളിലെ കനം കുറഞ്ഞ കമ്പികൾ!
മഴക്കാലത്ത്, പ്രത്യേകിച്ച് വലിയ കാറ്റുള്ളപ്പോൾ മരങ്ങളും മറ്റും വൈദ്യുതി ലൈനില്‍ വീണ് പോസ്റ്റുകള്‍ ഒടിയാറുണ്ട്. പലരും പറയുന്നത് നിര്‍മ്മാണത്തില്‍ കൃത്രിമം കാണിക്കുന്നത് കൊണ്ടാണ് - കനം കുറഞ്ഞ കമ്പികള്‍ കെഎസ്ഇബി ഉപയോഗിച്ചത് കാരണം ആണ് പോസ്റ്റ് പൊട്ടുന്നത് എന്നാണല്ലോ. കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ഈ പ്രാവശ്യവും യൂട്യുബിലും വാട്ട്സ്ആപ്പിലും അത്തരം ചില വീഡിയോകള്‍ കണ്ടു! എന്താണ് വാസ്തവം?

കനം കൂടിയ സ്റ്റീല്‍ കമ്പികള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന റീഇൻഫേഴ്സ്ഡ് സിമന്‍റ് കോണ്‍ക്രീറ്റ് (ആർസിസി) പോസ്റ്റുകള്‍ ആണ് മുന്‍കാലങ്ങളില്‍ വൈദ്യുതി ലൈന്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്നത്. പരമ്പരാഗത രീതിയെക്കാള്‍ മെച്ചപ്പെട്ട ഘടനയുള്ള പിഎസ്‍സി അല്ലെങ്കിൽ പ്രീ സ്ട്രെസ്ഡ് സിമന്‍റ് കോണ്‍ക്രീറ്റ് പോസ്റ്റുകള്‍ ആണ് ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നത്. സാധാരണ കോൺക്രീറ്റ് നിര്‍മ്മിതിയില്‍ ഉപയോഗിക്കുന്ന കനം കൂടിയ പിരിയന്‍ കമ്പികള്‍ക്ക് പകരം, കരുത്തുള്ള, എന്നാല്‍ കനം തീരെ കുറഞ്ഞ പ്രത്യേകതരം സ്റ്റീൽ കമ്പികൾ ആണ് (ഹൈ ടെൻസൈൽ സ്ട്രെങ്ത് സ്റ്റീൽ അഥവാ എച്ച്ടിഎസ്) ഇവയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് (4 മിമീ വ്യാസമുള്ള 14 കമ്പികള്‍ ആണ് 8/9 മീറ്റര്‍ പോസ്റ്റുകളില്‍ കെഎസ്ഇബി ഉപയോഗിക്കുന്നത്). ഉയർന്ന വലിവ് ബലത്തെ പ്രതിരോധിക്കാനും കോൺക്രീറ്റിലുടനീളം ഏകീകൃത സമ്മര്‍ദ്ദ ശക്തി നൽകാനും ഘടനാപരമായ സ്ഥിരത ഉറപ്പാക്കാനും ഇത്തരം കമ്പികള്‍ക്ക് കഴിയും. 

നിർമ്മാണ രീതി: എച്ച്ടിഎസ് കമ്പികൾ ആദ്യം നിശ്ചിത അച്ചിന് ഉള്ളില്‍ യന്ത്രസഹായത്താല്‍ വലിച്ച് നീട്ടി ഉറപ്പിച്ച ശേഷം അവയ്ക്ക് ചുറ്റും കോൺക്രീറ്റ് ഒഴിക്കും. കോൺക്രീറ്റ് സെറ്റ് ചെയ്തുകഴിഞ്ഞാൽ - ഇതിന് ഏകദേശം ഒരാഴ്ച സമയം എടുക്കും – വലിച്ച് കെട്ടിയ കമ്പിയിലെ ടെന്‍ഷന്‍ ഒഴിവാക്കി കോണ്‍ക്രീറ്റില്‍ സമ്മര്‍ദ്ദം നല്‍കിയശേഷം അച്ചിന് പുറമേ വച്ച് കമ്പികള്‍ മുറിക്കുന്നു. പ്രീ-സ്ട്രെസിംഗ് എന്നറിയപ്പെടുന്ന ഈ പ്രക്രിയ പോസ്റ്റിന്റെ ഘടനാപരമായ ശേഷി വര്‍ദ്ധിപ്പിച്ച്, കൂടുതൽ ഭാരം താങ്ങാന്‍ സാധിക്കും വിധം ശക്തമാക്കുകയും തൂണില്‍ വിള്ളല്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. അങ്ങനെ ഇത്തരം പോസ്റ്റുകള്‍ക്ക് കൂടുതല്‍ ഈട് ലഭിക്കും.

ആർസിസി തൂണുകളെക്കാൾ താരതമ്യേനെ കുറഞ്ഞ ചെലവില്‍ തന്നെ തുല്യമായ ഭാരം വഹിക്കാനുള്ള ശേഷിയുള്ള പിഎസ്‍സി തൂണുകൾ നിര്‍മ്മിക്കാനാകും . ആർസിസി തൂണുകളെക്കാൾ ഭാരം വളരെ കുറവാണെന്നതാണ് മറ്റൊരു വലിയ സവിശേഷത. ഭാരം കുറവായതിനാല്‍ പോസ്റ്റ്‌ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്നതും കുഴിച്ചിടുന്നതും എളുപ്പമാകുന്നു. ഈ സവിശേഷ ഗുണങ്ങൾ കൊണ്ടാണ് ലോകമെമ്പാടും പിഎസ്‍സി പോസ്റ്റുകൾ വ്യാപകമായി ഉപയോഗിച്ചുവരുന്നത്. നിര്‍മ്മാണ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ അൽപ്പം ചെലവേറും എങ്കിലും, തുടര്‍ചെലവുകള്‍ ഗണ്യമായി കുറയ്ക്കാം - ഒപ്പം ഉയർന്ന വിശ്വാസ്യതയും. 

ഈ ഗുണങ്ങൾ എല്ലാം ഉണ്ടെന്ന് പറഞ്ഞാലും, ചില സാഹചര്യങ്ങളിൽ പിഎസ്‍സി തൂണുകൾ പൊട്ടിപ്പോകും. വൈദ്യുതി കമ്പികളില്‍ വലിയ മരം വീഴുകയോ വാഹനം പോസ്റ്റില്‍ ഇടിക്കുകയോ ചെയ്യുമ്പോൾ, പെട്ടെന്നുള്ള, ഉയർന്ന തീവ്രതയുള്ള പാർശ്വബലം പോസ്റ്റില്‍ അനുഭവപ്പെടുന്നു. വൈദ്യുതി പോസ്റ്റുകള്‍ ഇത്തരം ആഘാതങ്ങള്‍ പ്രതിരോധിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല എന്നതിനാല്‍ തന്നെ ഇത്തരം സാഹചര്യങ്ങളില്‍ അവ പൊട്ടിപ്പോകാം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉണ്ണികൃഷ്‌ണൻ പോറ്റിക്കുവേണ്ടി പത്‌മകുമാറിനൊപ്പം വിജയകുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്ഐടി; വിജയകുമാർ റിമാൻ്റിൽ
ഇടപാടുകാരെന്ന വ്യാജേന ആദ്യം 2 പേരെത്തി, പിന്നാലെ 3 പേർ കൂടി കടയിലേക്ക്, 6 മിനിറ്റിനുള്ളിൽ കവർന്നത് 7 കിലോ സ്വർണം