സിപിഐ പ്രതിനിധി സമ്മേളനത്തിൽ തർക്കം, അൽപ്പ സമയം നിർത്തി വെച്ചു, നേതാക്കളെ നിർത്തിപ്പൊരിച്ച് പ്രതിനിധികൾ 

By Web TeamFirst Published Oct 2, 2022, 10:14 PM IST
Highlights

സ്ഥാനമാനങ്ങളോ ഒരു നേട്ടമോ ഇല്ലാത്ത ആയിരങ്ങൾ പാർട്ടിക്ക് വേണ്ടി വിയർപ്പ് ഒഴുക്കുന്നുണ്ട്. എല്ലാ നേട്ടങ്ങളും ഇരു നേതാക്കൾക്കും കിട്ടിയിട്ടുണ്ടെന്നിരിക്കെ എന്തിന് പരസ്യ വിമർശനവും വിവാദവുമുണ്ടാക്കിയെന്ന ചോദ്യമാണ് പ്രതിനിധികൾ ഉന്നയിച്ചത്.

തിരുവനന്തപുരം : തിരുവനന്തപുരത്ത് പുരോഗമിക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനത്തിൽ തർക്കം. പ്രായ പരിധിയിലും പരസ്യ പ്രതികരണത്തിലും മുതിർന്ന നേതാക്കളായ സി ദിവാകരനെയും കെ ഇ ഇസ്മയിലിനേയും എതിർത്തും അനുകൂലിച്ചും പ്രതിനിധികൾ സംസാരിച്ചതോടെയാണ് തർക്കം ആരംഭിച്ചത്. തുടർന്ന് പ്രതിനിധി സമ്മേളനം അൽപ്പ സമയം നിർത്തി വെച്ചു. പിന്നീട്  പ്രസീഡിയം ഇടപെട്ടാണ് സമ്മേളനം പുനരാരംഭിച്ചത്.

സമ്മേളനത്തിന് മുമ്പ് പ്രായപരിധിയിൽ വിവാദമുണ്ടാക്കിയ മുതിർന്ന നേതാക്കളായ സി ദിവാകരേയും കെ ഇ ഇസ്മയിലിനേയും പല ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികൾ രൂക്ഷ ഭാഷയിലാണ് വിമർശിച്ചത്. വിവാദ പ്രതികരണങ്ങളിലൂടെ നേതാക്കൾ സംസ്ഥാന സമ്മേളനത്തിന്റെ ശോഭ കെടുത്തിയെന്ന് എറണാകുളത്ത് നിന്നുള്ള പ്രതിനിധികൾ കുറ്റപ്പെടുത്തി. പ്രായപരിധി തീരുമാനത്തിൽ ആർക്കും വിട്ടുവീഴ്ച വേണ്ടെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. 

സ്ഥാനമാനങ്ങളോ ഒരു നേട്ടമോ ഇല്ലാത്ത ആയിരങ്ങൾ പാർട്ടിക്ക് വേണ്ടി വിയർപ്പ് ഒഴുക്കുന്നുണ്ട്. എല്ലാ നേട്ടങ്ങളും വിമർശനമുയർത്തിയ ഇരു നേതാക്കൾക്കും കിട്ടിയിട്ടുണ്ടെന്നിരിക്കെ എന്തിന് പരസ്യ വിമർശനവും വിവാദവുമുണ്ടാക്കിയെന്ന ചോദ്യമാണ് പ്രതിനിധികൾ ഉന്നയിച്ചത്. പ്രായപരിധി തീരുമാനം നേതാക്കളറിഞ്ഞത് സമ്മേളനം തുടങ്ങുന്നതിന് മുൻപാണോയെന്ന ചോദ്യവും പ്രതിനിധികൾ ഉന്നയിച്ചു. സ്വർണം കായ്ക്കുന്ന മരമായാലും പുരയ്ക്ക് ചാഞ്ഞാൽ വെട്ടണമെന്നാണ് ഒരു ഘട്ടത്തിൽ ആലപ്പുഴ പ്രതിനിധി വിമത സ്വരം പരസ്യമായി ഉയർത്തിയ നേതാക്കളെ കുറിച്ച് പറഞ്ഞത്.

എറണാകുളത്തുനിന്നുള്ള പ്രതിനിധികൾ ഇസ്മയിലിനേയും സി ദിവാകരനേയും എതിർത്തും അനുകൂലിച്ചും എത്തിയതോടെയാണ് ബഹളമായത്. രൂക്ഷ ഭാഷയിലുള്ള വിമർശനങ്ങളുയർന്നതോടെ ഇരു കൂട്ടരും തമ്മിൽ വലിയ തർക്കമുണ്ടായി. സമ്മേളനം അൽപ്പ സമയം നേരം നിർത്തിവെച്ചു. എന്നാൽ ഈ സമയമത്രയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഒന്നും പ്രതികരിച്ചില്ലെന്നും ശ്രദ്ധേയമാണ്. 

tags
click me!