
കൽപറ്റ: മൊബൈല്‍ ഫോണില്‍ സംസാരിച്ചുവെന്ന് ആരോപിച്ച് വയനാട് കല്‍പ്പറ്റയില്‍ യുവാവിനെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ഫൈൻ അടക്കുന്നതിനെ ചൊല്ലി ഉണ്ടായ തർക്കത്തിനൊടുവിലാണ് മലപ്പുറം സ്വദേശിയായ യുവാവിനെ പൊലീസ് കസറ്റഡിയിലെടുത്തത്. മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ടെന്ന് യുവാവിനോട് ട്രാഫിക് എസ്ഐ പറയുന്ന വീഡിയോയും പുറത്ത് വന്നു.
വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു കല്‍പ്പറ്റ ട്രാഫിക് പൊലീസിന്‍റെ നടപടി. എന്നാല്‍ താൻ ബ്ലൂടൂത്ത് വഴിയാണ് സംസാരിച്ചതെന്നായിരുന്നു യുവാവിന്‍റെ വാദം. പിഴയടക്കണമെന്ന് പറഞ്ഞ് പൊലീസും യുവാവും തമ്മില്‍ തർക്കമായി . ഈ തർക്കത്തിനൊടുവിലാണ് മലപ്പുറം സ്വദേശിയായ ഷംനൂനെ ട്രാഫിക്ക് എസ് ഐ ബലംപ്രയോഗിച്ച് കസറ്റിഡിയിലെടുത്തത്. ഇയാളുടെ ഇന്നോവ കാറും പിടിച്ചെടുത്തു.
മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ടെന്ന് യുവാവിനോട് എസ് ഐ പറയുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കേള്‍ക്കാം. എന്നാല്‍ നടപടികളോട് സഹകരിക്കാത്തതാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതിന് കാരണമെന്ന് ട്രാഫിക് എസ് ഐ വിപി ആന്‍റണി പറഞ്ഞു. കസറ്റഡിയിലെടുത്ത യുവാവിന്‍റെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. യുവാവിനെ കസ്റ്റഡിയിലെടുത്ത് പോകവെ പൊലീസ് വാഹനം ഒരു ഓട്ടോറിക്ഷയില്‍ തട്ടിയതും തർക്കത്തിന് കാരണമായി.