വഴി മാറ്റി അരിക്കൊമ്പൻ; വീണ്ടും ആനയിറങ്കൽ അണക്കെട്ട് ഭാ​ഗത്തേക്ക്; നിരീക്ഷിച്ച് ദൗത്യസംഘം

By Web TeamFirst Published Mar 26, 2023, 8:14 PM IST
Highlights

29-ന് മോക്ക് ഡ്രില്ല് നടത്തിയാലും കോടതി വിധി അനുകൂലമായാലേ മയക്കുവെടി വയ്ക്കൂ.

ഇടുക്കി: മയക്കുവെടി വെക്കാൻ ഒരുക്കങ്ങൾ പുരോ​ഗമിക്കുന്നതിനിടെ അരിക്കൊമ്പൻ തിരികെ പെരിയ കനാൽ എസ്റ്റേറ്റ് ആനയിറങ്കൽ അണക്കെട്ട് ഭാഗത്തേക്ക്‌ നീങ്ങുന്നു. കഴിഞ്ഞ ദിവസം പെരിയ കനാലിൽ ഒരു ജീപ്പ് അരിക്കൊമ്പൻ തകർത്തിരുന്നു. കോടതി വിധി അനുസരിച്ച് ദൗത്യം മുന്നോട്ടു കൊണ്ടു പോകുമെന്ന്  വനംമന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
 
അരിക്കൊമ്പൻ ഒരാഴ്ചയിലധികമായി തമ്പടിച്ചിരുന്ന പെരിയ കനാൽ എസ്റ്റേറ്റിലെ ചോലക്കാടിനു  താഴെ ദേശീയ പാതയിലാണ് ജീപ്പ് തകർത്തത്. പൂപ്പാറ സ്വദേശികളായ നാല് പേരാണ് ജീപ്പിലുണ്ടായിരുന്നത്. പുറകോട്ടെടുത്ത ജീപ്പിന്റെ പിൻചക്രങ്ങൾ ഓടയിലേക്ക് വീണപ്പോൾ കൊമ്പൻ ജീപ്പ് വലിച്ച് റോഡിന് കുറുകെയിട്ടു. ജീപ്പിലുണ്ടായിരുന്നവർക്ക് നിസ്സാര പരിക്കുകളേറ്റു. കാട്ടാനയുടെ പിടിയിലകപ്പെടാതെ തലനാരിഴക്കാണ് ഇവർ രക്ഷപ്പെട്ടത്. ആക്രമണശേഷം കൊമ്പൻ ആനയിറങ്കൽ അണക്കെട്ട് കടന്ന്  ദൗത്യ മേഖലക്ക് അടുത്തെത്തിയിട്ടുണ്ട്. 

വനപാലകർ കൊമ്പനെ നിരീക്ഷിച്ചു വരുകയാണ്. തിരികെ പെരിയ കനാൽ എസ്റ്റേറ്റിലേക്ക് പോകുന്നത് തടയാൻ കുങ്കിയാനകളെ ഉപയോഗിക്കും. 29-ന് മോക്ക് ഡ്രില്ല് നടത്തിയാലും കോടതി വിധി അനുകൂലമായാലേ മയക്കുവെടി വയ്ക്കൂ.  അതേസമയം മുത്തങ്ങയിൽ നിന്നെത്തിയ കുങ്കിയാനകളെ കാണാൻ ജനം കൂട്ടത്തോടെ എത്തി തുടങ്ങിയതോടെ വനംവകുപ്പ് ആനകൾക്ക് അടുത്തേക്ക് പൊതുജനങ്ങളെ വിലക്കിയിരിക്കുകയാണ്. 


ജീപ്പ് തക‍ർത്ത് അരിക്കൊമ്പൻ ദൗത്യമേഖലയിലേക്ക് പ്രവേശിച്ചു: വഴിയടച്ച് തടയാൻ കുങ്കിയാനകൾ

click me!