'പണ്ട് ചാനൽ ചർച്ചയിലെ ഒന്നോ രണ്ടോ സ്ത്രീകളെ ഉണ്ടായിരുന്നുള്ളൂ'; വാക്പോരുമായി സുരേന്ദ്രനും ശോഭ സുരേന്ദ്രനും

By Web TeamFirst Published Mar 26, 2023, 8:00 PM IST
Highlights

ബിജെപിയിൽ സുരേന്ദ്രനോ ശോഭയോ എന്നത് വിഷയമേയല്ലെന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. സുരേന്ദ്രന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി.

തൃശൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വനിതാ നേതാവ് ശോഭാ സുരേന്ദ്രനും വാക്പോര്. സ്ത്രീ ശക്തി സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗത്തിലെ സുരേന്ദ്രന്റെ പ്രസ്താവനക്കാണ് ശോഭാ സുരേന്ദ്രൻ മറുപടിയുമായി രം​ഗത്തെത്തിയത്. പണ്ട് ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന ഒന്നോ രണ്ടോ വനിതകളെ ബിജെപി യിൽ ഉണ്ടായിരുന്നുള്ളൂവെന്നും എന്നാൽ ഇന്ന് തെരുവിൽ ഇറങ്ങാനും സമരം ചെയ്യാനും നിരവധി വനിതകൾ പാർട്ടിയിലുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

തൊട്ടുപിന്നാലെ മറുപടുമായി ശോഭാ സുരേന്ദ്രനും രം​ഗത്തെത്തി. ബിജെപിയിൽ സുരേന്ദ്രനോ ശോഭയോ എന്നത് വിഷയമേയല്ലെന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. സുരേന്ദ്രന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി. ഒരുപാട് ആളുകളുടെ ത്യാഗം കൊണ്ട് ഉണ്ടാക്കിയ പാർട്ടിയാണ് ബിജെപി. ഒരുപാട് സമരങ്ങളിൽ പങ്കെടുത്തയാളാണ് താൻ. ഒരൽപം വേദന സഹിച്ചിട്ടാണെങ്കിലും പാർട്ടി പ്രവർത്തകയായി മുന്നോട്ട് പോകുമെന്നും കസേരകിട്ടിയാലും ഇല്ലെങ്കിലും പ്രവർത്തിക്കുമെന്നും കൂടുതൽ വിഷമിപ്പിക്കരുതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.  

ബിജെപിയിലെ സജീവ വനിതാ നേതാവായിരുന്നു ശോഭാ സുരേന്ദ്രന്‍. എന്നാല്‍, സമീപകാലത്ത് പാര്‍ട്ടിയില്‍ നിന്ന് അകന്നു നില്‍ക്കുകയാണ്. ബിജെപിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ശോഭാ സുരേന്ദ്രന്‍ നേതൃത്വവുമായി അകലാനുള്ള പ്രധാന കാരണമെന്നാണ് സൂചന. 

ബിജെപി കോര്‍ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിനെതിരെ നേരത്തെ ശോഭാ സുരേന്ദ്രന്‍ അതൃപ്തി പരസ്യമാക്കിയിരുന്നു. പാര്‍ട്ടി കോര്‍ കമ്മിറ്റിയിൽ ഇല്ലെങ്കിലും ജനങ്ങളുടെ കോര്‍ കമ്മിറ്റിയിൽ സ്ഥാനമുണ്ടെന്ന് അന്ന് ശോഭ പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാൻ തയ്യാറാണ്. പക്ഷേ അതിന് അവരസരം നൽകേണ്ടത് അധ്യക്ഷനാണ്. രണ്ടര പതിറ്റാണ്ടിലധികമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുണ്ട്. പാര്‍ട്ടിക്ക് സ്വാധീനം ഇല്ലാതിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് കോട്ടകളിൽ പോയി പ്രവർത്തിച്ചിരുന്നു. സുരേഷ് ഗോപി കോർ കമ്മിറ്റിയിൽ വരുന്നതിൽ സന്തോഷമുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കടുത്ത വിഭാഗീയതക്കിടയിലും ശോഭ സുരേന്ദ്രൻ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യപ്രതികരണം അന്നാണ് നടത്തിയത്.  

'സംസ്ഥാനത്ത് പൊലീസ് ക്രിമിനലുകൾ അഴിഞ്ഞാടുന്നു, നാഥനില്ലാത്ത കളരിയാണ് ആഭ്യന്തരം, പിണറായി സ്ഥാനം ഒഴിയണം'

click me!