
ചെന്നൈ: അരിക്കൊമ്പന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ടു തമിഴ്നാട് വനം വകുപ്പ്. അരിക്കൊമ്പൻ ആരോഗ്യവാനാണന്നും ഭക്ഷണവും വെള്ളവും ശരിയായ രീതിയിൽ കഴിക്കുന്നുണ്ടെന്നും തമിഴ്നാട് വനംവകുപ്പ് പറയുന്നു. രണ്ട് ദിവസം മുമ്പാണ് വനംവകുപ്പ് അരിക്കൊമ്പനെ കണ്ടെത്തിയത്. അന്നെടുത്ത ദൃശ്യങ്ങളാണ് വനംവകുപ്പ് പുറത്ത് വിട്ടിരിക്കുന്നത്.
ഫോറസ്റ്റ് കൺസർവേറ്ററും ഫീൽഡ് ഡയറക്ടറും ഉൾപ്പെടെയുള്ള സംഘമാണ് അപ്പർ കോതയാർ മേഖലയിലുള്ള വനത്തിലാണ് അരിക്കൊമ്പനെ കണ്ടത്. അരിക്കൊമ്പൻ ആരോഗ്യവാനാണന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും വനംവകുപ്പ് പുറത്തുവിട്ട റിലീസിൽ പറയുന്നു. കൂടാതെ മൂന്ന് കുട്ടികൾ ഉൾപ്പെടെയുള്ള പത്താനകളുള്ള സംഘം അരിക്കൊമ്പൻ നിലയുറപ്പിച്ചതിന്റെ എഴുന്നൂറ് മീറ്റർ അടുത്ത് കണ്ടെത്തിയിരുന്നു. റേഡിയോ കോളർ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും സിഗ്നലുകൾ കൃത്യമായി ലഭിക്കുന്നുണ്ടെന്നും തമിഴ്നാട് പറയുന്നു.
അതേസമയം, ഇടുക്കിയിൽ അരിക്കൊമ്പനെ കാടുകയറ്റിയെങ്കിലും അരിക്കൊമ്പന് പിന്നാലെ അരി തേടിയിറങ്ങിയിരിക്കുകയാണ് കാട്ടുകൊമ്പന്‍ പടയപ്പയും. മറയൂര്‍ പാമ്പന്‍ മലയിലെ ലയത്തില്‍ നിന്ന് ഒരു ചാക്ക് അരിയാണ് പടയപ്പ അടിച്ചുമാറ്റി തിന്നത്. ജനവാസ കേന്ദ്രങ്ങളിലിറങ്ങി വീടുകളിലെ അരിയെടുത്ത് തിന്നുന്ന അരികൊമ്പന്‍റെ അതേ പാത പിന്തുടരുകയാണ് മൂന്നാറിലെ കൊമ്പൻ പടയപ്പ. മറയൂര്‍ പാമ്പന്‍ മലയിൽ തോട്ടം തൊഴിലാളികളുടെ താമസിക്കുന്ന ലയങ്ങളുടെ വാതിലുകള്‍ തകർത്താണ് പടയപ്പ വീടിനുള്ളിലെ ചാക്കരിയെടുത്ത് അകത്താക്കിയത്.
ആനയുടെ ശല്യം കൂടിയതോടെ പടയപ്പയെ കാട്ടിലേക്ക് തുരത്താന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. രണ്ടാഴ്ച്ചയായി പടയപ്പ മറയൂരിലാണ്. പാമ്പന്‍മലയിലും ചട്ടമുന്നാറിലുമായി വനാതിര്‍ത്ഥിയില്‍ കഴിയുന്ന പടയപ്പ ഇടയ്ക്ക ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങാറുണ്ടെങ്കിലും കാര്യമായ നാശനഷ്ടമുണ്ടാക്കിയിരുന്നില്ല. പക്ഷെ അരിക്കൊമ്പനെ പോലെ വീടുകളില്‍ കയറി അരി തിന്നാല്‍ തുടങ്ങി. അഞ്ചുവീടുകള്‍ക്കാണ് ആനയുടെ ആക്രമണത്തിൽ നാശമുണ്ടായത്. മൂന്നാറിലെ രാജേന്ദ്രന്‍റെ വീട് ഭാഗീകമായി തകര്‍ത്ത് ആന ഒരു ചാക്ക് അരി പുറത്തിട്ട് തിന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കിയാണ് ആനയെ ഓടിച്ചത്.
https://www.youtube.com/watch?v=-xoitL2RQN8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam