
തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിലെ ഗൂഢാലോചന വാദം കള്ളമാണെന്ന് തെളിഞ്ഞതായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ. ഗൂഢാലോചനാക്കുറ്റം ആരോപിക്കപ്പെട്ട എല്ലാവരെയും വെറുതേവിട്ടെന്നും കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും അവർ പ്രതികരിച്ചു.
'ഷുക്കൂർ വധം നിർഭാഗ്യകരമായ സംഭവമാണ്. അന്ന് സംഘർഷമുണ്ടായ സ്ഥലങ്ങൾ സന്ദര്‍ശിക്കാൻ പോയ സംഘത്തില്‍ ഞാനും ഉണ്ടായിരുന്നു. ഓട്ടോയിലാണ് പോയത്. ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. കുടുംബങ്ങളെ ആശ്വസിപ്പിക്കാനാണ് പോയത്. ഓട്ടോയിൽനിന്ന് ഇറങ്ങുമ്പോൾ തന്നെ ലീഗ് പ്രവര്‍ത്തകര്‍ എറിയുകയായിരുന്നു. ഞാൻ ഇറങ്ങിയില്ല, ജയരാജൻ ഇറങ്ങിയിരുന്നു. അതുകൊണ്ടാണ് ജയരാജനടക്കം ഏറ് കിട്ടിയത്. ആശുപത്രിയില്‍ ആളുകൾക്കിടയില്‍ നിന്ന് എന്ത് ഗൂഢാലോചന നടത്താനാണ് പറ്റുക? 14 വര്‍ഷത്തോളം അനുഭവിച്ച പ്രയാസത്തിന് അറുതി ഉണ്ടായിരിക്കുന്നു'- കെ കെ ശൈലജ പറഞ്ഞു.
കണ്ണൂരിലെ യൂത്ത് ലീഗ് പ്രവർത്തകനും തളിപ്പറമ്പ് മണ്ഡലം എംഎസ്എഫ് ട്രഷറുമായിരുന്ന അരിയിൽ അബ്ദുൾ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ വ്യാഴാഴ്ചയാണ് എറണാകുളത്തെ സിബിഐ പ്രത്യേക കോടതി വിധി പറഞ്ഞത്. കേസിൽ 13 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ, സംസ്ഥാന സമിതി അംഗം ടി വി രാജേഷ്, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് ഉൾപ്പെടെ 18 പ്രതികളെ കോടതി വെറുതേവിട്ടു. പി ജയരാജനും ടി വി രാജേഷിനും എതിരേ ഗൂഢാലോചനാക്കുറ്റമാണ് ചുമത്തിയിരുന്നത്. രണ്ട് പ്രതികൾ വിചാരണയ്ക്കിടെ മരിച്ചിരുന്നു.
കുറ്റക്കാരെന്ന് കണ്ടെത്തിയവരിൽ ഏഴ് പ്രതികളെ ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷിച്ചത്. ഒന്നാം പ്രതി കെ വി സുമേഷ്, മൂന്നാംപ്രതി അനൂപ്, ഏഴാംപ്രതി പവിത്രൻ, ഒൻപതാംപ്രതി പി വി മനോഹരൻ, പത്താംപ്രതി എം പി ദിനേശൻ എന്ന മൈന ദിനേശൻ, 12-ാം പ്രതി ബിജുമോൻ എന്ന വടി ബിജു, 15-ാം പ്രതി ഷിജിൽ മോഹൻ എന്നിവർക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളെന്ന് കണ്ടെത്തിയാണ് ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. അതേസമയം, മൂന്നുവർഷം താഴെ ശിക്ഷ ലഭിച്ച ആറ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. 14-ാം പ്രതി രാധാകൃഷ്ണൻ, 16-ാം പ്രതി സജിത്, 25-ാം പ്രതി വി വി മോഹനൻ, 26-ാം പ്രതി പുരുഷോത്തമൻ, 27-ാം പ്രതി അജിത് കുമാർ, 28-ാം പ്രതി പി പി സുരേശൻ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam