'മനോഹരമായ സ്ഥലങ്ങളും നല്ല കുറെ ആളുകളും'; കളക്ടർ ബ്രോ ഇവിടെ ഹാപ്പിയാണ്, അര്‍ജുൻ പാണ്ഡ്യൻ തൃശൂര്‍ കളക്ടറായി ചുമതലയേറ്റ് ഒരു വര്‍ഷം

Published : Jul 19, 2025, 02:14 PM IST
thrissur collector arjun pandiyan

Synopsis

തൃശൂര്‍ പൂരം ഉൾപ്പെടെയുള്ള ചുമതലകൾ മനോഹരമായി നിറവേറ്റാനും പദ്ധതികൾ വിജയകരമായി മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചതിന്‍റെയും സന്തോഷമാണ് അര്‍ജുൻ പാണ്ഡ്യൻ പങ്കുവെക്കുന്നത്

തൃശൂര്‍: ജോലി ചെയ്തതിൽ ഏറ്റവും മനോഹരമായ സ്ഥലവും മനുഷ്യരെയും കണ്ടത് തൃശൂർ ആണെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുൻ പാണ്ഡ്യൻ. ഇടുക്കി എസ്റ്റേറ്റ് മേഖലയിലെ സാധാരണ കുടുംബത്തിൽ ജനിച്ച അർജുൻ പ്രതിസന്ധികളോടും പരാധീനതകളോടും പൊരുതിയാണ് ഐ എ എസ് നേടിയെടുത്ത്.

സംസാരവും പെരുമാറ്റവും കൊണ്ട് ജനകീയനായ തൃശൂരുകാരുടെ സ്വന്തം കളക്ടർ ബ്രോ തൃശൂർ കളക്ടറായി ചുമതലയേറ്റിട്ട് ഒരു വർഷം പിന്നിടുകയാണ്. തൃശൂര്‍ പൂരം ഉൾപ്പെടെയുള്ള ചുമതലകൾ മനോഹരമായി നിറവേറ്റാനും വാ വായിക്കാം, മീറ്റ് ദി കളക്ടർ പോലുള്ള പദ്ധതികൾ വിജയകരമായി മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചതിന്‍റെയും സന്തോഷവും സമാധാനവുമാണ് കളക്ടർക്ക് ഒന്നാം വാർഷികത്തിൽ പങ്കുവെക്കാനുള്ളത്.

പെട്ടെന്നാണ് ഒരു വര്‍ഷം കടന്നുപോയതെങ്കിലും വളരെ നല്ല ഓര്‍മകളാണ് തൃശൂരിൽനിന്നുണ്ടായതെന്ന് അര്‍ജുൻ പാണ്ഡ്യൻ പറഞ്ഞു. ജീവിതത്തിലെ തന്നെ ഏറ്റവും നല്ല സമയമാണ് കടന്നുപോയത്. തൃശൂര്‍ പൂരത്തിലെ എല്ലാം ആദ്യമായിട്ടാണ് കാണുന്നത്. പൂരത്തിൽ പങ്കെടുക്കുന്നതും കാണുന്നതും സംഘാടനത്തിന്‍റെ ഭാഗമാകുന്നതുമെല്ലാം ആദ്യത്തെ അനുഭവമാണ്. പൂരത്തിന്‍റെ സാമ്പിള്‍ വെടിക്കെട്ട് കണ്ടപ്പോള്‍ അത് സാമ്പിള്‍ ആണോയെന്ന് അതിശയിച്ച് പോയി. കാര്യങ്ങള്‍ നിരീക്ഷിക്കേണ്ടതിനാൽ അടുത്തുനിന്നാണ് വെടിക്കെട്ട് അടക്കം കണ്ടത്. അപ്പോള്‍ തന്നെ നല്ല എഫക്ടുള്ള വെടിക്കെട്ടാണെന്ന് മനസിലായി. പിന്നീട് പ്രധാന വെടിക്കെട്ടും നടന്നു.

എല്ലാം കൃത്യസമയത്ത് തന്നെ നടത്തണമെന്നതായിരുന്നു ആദ്യം മുതലെ തീരുമാനിച്ചിരുന്നത്. അതിനനുസരിച്ചാണ് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയിരുന്നത്. അവസാന സമയം ആയപ്പോള്‍ ആന കുറച്ച പ്രശ്നമുണ്ടാക്കിയപ്പോള്‍ കുറച്ചുസമയം വ്യത്യാസം വന്നു. എങ്കിലും എല്ലാം കൃത്യമായി ഭംഗിയായി തന്നെ നടന്നു. തൃശൂരിലെ ഗതാഗതകുരുക്കിന്‍റെ കാരണം എല്ലായിടത്തും റോഡിന്‍റെ പ്രവൃത്തി നടക്കുന്നതിനാലാണ്. ഏതുഭാഗത്തുനിന്നും തൃശൂരിലേക്ക് കയറിയാലും അവിടെയൊക്കെ റോഡിന്‍റെ പണി നടക്കുന്നുണ്ട്. നിര്‍മാണ പുരോഗതയിലടക്കം പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.

ദേശീയപാത നിര്‍മാണത്തിലെ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം നൽകിയിരുന്നു. അക്കാര്യങ്ങള്‍ പാലിക്കാതെ വന്നപ്പോഴാണ് മുന്നറിയിപ്പായി ഒരു ദിവസത്തേക്ക് പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തിവെക്കാൻ ഉത്തരവിട്ടത്. പിന്നീട് ഉറപ്പുലഭിച്ചതിനെതുടര്‍ന്നും സര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്നും മുന്നറിയിപ്പായി നൽകിയ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. ഫീൽഡിൽ പോകുമ്പോഴും പരിപാടികള്‍ക്ക് പോകുമ്പോഴും ജനങ്ങള്‍ക്കിടയിൽ നിന്ന് നല്ലരീതിയിലുള്ള സ്വീകരണമാണ് ലഭിക്കാറുള്ളത്.

ഓഫീസര്‍ എന്ന നിലയിലുള്ള സ്നേഹമാണ് അവര്‍ പങ്കുവെക്കുന്നത്. പ്രായമായിട്ടുള്ളവര്‍ ഒരു മോനെപോലെയും ചെറിയകുട്ടികളാണെങ്കിൽ ചേട്ടായെന്നോക്കെയാണ് വിളിക്കുന്നത്. സാര്‍ എന്നൊന്നും വിളിക്കാറില്ല. അതിലൊക്കെ ഒരുപാട് സന്തോഷമുണ്ട്. പ്രായമായിട്ടുള്ളവരൊക്കെ ടോക്കണ്‍ എടുത്ത് ഓഫീസിൽ കാണാൻ വരും. അപേക്ഷ എവിടെയെന്ന് ചോദിച്ചാൽ വെറുതെയൊന്ന് കാണാൻ വന്നതാണെന്ന മറുപടിയാണ് അവര്‍ നൽകാറുള്ളത്. തൃശൂരിലെ ആളുകളുടെ സ്നേഹം തന്നെയാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. പിന്നെ സ്ഥലങ്ങളും നല്ലതാണ്. കോള്‍ പാടങ്ങള്‍, തീരദേശം, കുന്നിൻപ്രദേശം തുടങ്ങിയ വിവിധതരത്തിലുള്ള ഭൂപ്രകൃതിയുള്ള സ്ഥലങ്ങളാണുള്ളതെന്നും അര്‍ജുൻ പാണ്ഡ്യൻ പറഞ്ഞു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത