'അന്ന് കള്ളക്കഥ മെനഞ്ഞു, ഇത് കാലം കരുതി വെച്ച പ്രതിഫലം'; സുരേന്ദ്രനെതിരെ തിരുവഞ്ചൂരിന്‍റെ മകന്‍

By Web TeamFirst Published Jun 7, 2021, 4:48 PM IST
Highlights

''രാഷ്ട്രീയ നേതാക്കളെ രാഷ്ട്രീയമായി നേരിടാതെ അവരെക്കുറിച്ചും, അവരുടെ മക്കളെ കുറിച്ചു പോലും കള്ള കഥകൾ മെനഞ്ഞുണ്ടാക്കി സമൂഹ മധ്യത്തിൽ സംശയത്തിന്റെ നിഴലിൽ നിറുത്തി അപമാനിക്കുന്നതിൽ ഒന്നാം സ്ഥാനത്തുള്ള ആളാണ് സുരേന്ദ്രന്‍''

കോട്ടയം: ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും മകന്‍ ഹരികൃഷ്ണനുമെതിരായ കുഴല്‍പ്പണ ആരോപണങ്ങള്‍ കാലം കാത്തുവച്ച പ്രതിഫലമാണെന്ന് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് തനിക്കെതിരെ കെ സുരേന്ദ്രന്‍ നടത്തിയ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി ഫേസ്ബുക്കിലൂടെയാണ് അര്‍ജുന്‍റെ പ്രതികരണം.

ഗുജറാത്തിൽ എനിക്ക് എന്തൊക്കെയോ ബിസിനസ് ഉണ്ടെന്നും അവിടുത്തെ മന്ത്രിമാരുമായി ഞാൻ ചർച്ച നടത്തിയെന്നും ഉള്ള ആരോപണങ്ങളിൽ യാഥാർഥ്യത്തിന്റെ ഒരു കണിക പോലുമുണ്ടായിരുന്നില്ല. എങ്കിലും എന്നെ സംശയത്തിന്റെ നിഴലിൽ നിറുത്തി അച്ഛനെ പ്രതിരോധത്തിലാക്കാന്‍ ആ ആരോപണങ്ങളെ ഉപയോഗിച്ചു. അന്ന് അത് എത്ര പേരെ മാനസീകമായി തളർത്തി എന്ന് അദ്ദേഹത്തിന് അറിവുണ്ടാകാൻ വഴിയില്ല. സുരേന്ദ്രനെതിരായ ആരോപണം കാലം കരുതി വെച്ച പ്രതിഫലം ആണ് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു-  അര്‍ജുന്‍ രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

രാഷ്ട്രീയ നേതാക്കളെ രാഷ്ട്രീയമായി നേരിടാതെ അവരെക്കുറിച്ചും, അവരുടെ മക്കളെ കുറിച്ചു പോലും കള്ള കഥകൾ മെനഞ്ഞുണ്ടാക്കി സമൂഹ മധ്യത്തിൽ സംശയത്തിന്റെ നിഴലിൽ നിറുത്തി അപമാനിക്കുന്നതിൽ ഒന്നാം സ്ഥാനത്തുള്ള ആളാണ് ബിജെപി നേതാവ് ശ്രീ കെ സുരേന്ദ്രൻ.  ഇപ്രകാരം  ചെയ്യുമ്പോൾ അവർക്കും അവരുടെ കുടുംബാങ്ങങ്ങൾക്കും ഉണ്ടായേക്കാവുന്ന മാനസീക സമ്മർദ്ദങ്ങളെ കുറിച്ച് ആരും ആലോചിക്കാറുണ്ടാകില്ല. 

"നിത്യവും ചെയ്യുന്ന കർമ്മ ഗുണഫലം 
കർത്താവൊഴിഞ്ഞു താൻ അന്യൻ ഭുജിക്കുമോ 
താന്താൻ  നിരന്തരം ചെയുന്ന കർമ്മങ്ങൾ 
താന്താൻ അനുഭവിച്ചീടുകെന്നേ വരൂ" - എന്ന രാമായണത്തിലെ വരികൾ ആണ് ശ്രീ സുരേന്ദ്രന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് .

2013 - ൽ എന്റെ അച്ഛൻ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ ഇദ്ദേഹം എനിക്ക് എതിരെ നട്ടാൽ കുരുക്കാത്ത കെട്ടു കഥകൾ മാധ്യമങ്ങളിൽ അഴിച്ചു വിട്ടത് കുറച്ചു പേരെങ്കിലും ഓർക്കുന്നുണ്ടാകും. ഗുജറാത്തിൽ എനിക്ക് എന്തൊക്കെയോ ബിസിനസ് ഉണ്ടെന്നും അവിടുത്തെ മന്ത്രിമാരുമായി ഞാൻ ചർച്ച നടത്തിയെന്നും ഉള്ള ആരോപണങ്ങളിൽ യാഥാർഥ്യത്തിന്റെ ഒരു കണിക പോലുമില്ല എന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു എങ്കിലും എന്നെ സംശയത്തിന്റെ നിഴലിൽ നിറുത്തി ആഭ്യന്തര മന്ത്രി ആയിരുന്ന എന്റെ അച്ഛനെ ഒരു ദിവസമെങ്കിലും പ്രതിരോധത്തിൽ  ആക്കാൻ അദ്ദേഹത്തിന്റെ വളഞ്ഞ ബുദ്ധി ഉപയോഗിച്ചു. 

അന്ന് അത് എത്ര പേരെ മാനസീകമായി തളർത്തി എന്ന് അദ്ദേഹത്തിന് അറിവുണ്ടാകാൻ വഴിയില്ല . കാലം കരുതി വെച്ച പ്രതിഫലം ആണ് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ഇന്ന് അദ്ദേഹം നേരിടുന്ന ഈ പ്രതിസന്ധികൾ. അദ്ദേഹത്തിന്റെ മകൻ ഒരു പക്ഷെ നിരപരാധി ആയേക്കാം, അറിയില്ല ! അങ്ങനെ ആണെങ്കിൽ അയാൾ ഇപ്പോൾ അനുഭവിക്കുന്ന മാനസീക സംഘർഷം എനിക്ക് മനസിലാകും, അത് ശ്രീ സുരേന്ദ്രനും മനസിലാകുന്നുണ്ടാകും!!! ഇനി എങ്കിലും താത്ക്കാലിക നേട്ടങ്ങൾക്കായി വായിൽ വരുന്നത് വിളിച്ചു പറയുന്ന ശീലം അവസാനിപ്പിക്കാൻ ശ്രീ സുരേന്ദ്രന് സാധിക്കട്ടെ എന്നു  ആശംസിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

click me!