
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് രാത്രി 10 മണി വരെ തുടരും. ദൗത്യവുമായി ബന്ധപ്പെട്ട് കരസേനയും നാവികസേനയും ആക്ഷൻ പ്ലാൻ മുന്നോട്ട് വച്ചു. ട്രക്ക് പുറത്ത് എടുക്കുക എന്നതിനല്ല പ്രഥമ പരിഗണന അർജുനെ കണ്ടെത്തുന്നതിനാണെന്ന് സൈന്യം അറിയിച്ചു. ഡൈവർമാരെ ഇറക്കി ക്യാബിനിൽ അർജുൻ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആദ്യ പരിഗണന. പിന്നീട് ട്രക്ക് പുറത്തെടുക്കാൻ ശ്രമിക്കും.
മുങ്ങല്‍ വിദഗ്ധര്‍ പുഴയില്‍ ഇറങ്ങി പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ലോറി പുറത്തെടുക്കാനുള്ള വഴി കൊളുത്തിട്ട് ഉയർത്തലാണെന്ന് സൈന്യം അറിയിച്ചു. അതിനും സ്കൂബാ ഡൈവേഴ്സ് താഴേക്ക് ഇറങ്ങി ട്രക്കിൻമേൽ കൊളുത്ത് ഇട്ട് ഉറപ്പിച്ച് തിരികെ കയറണം. അതിന് ശേഷം ഭാര ഉപകരണങ്ങൾ ഉപയോഗിച്ച് ട്രക്ക് ഉയർത്തണം. അതിനുള്ള അടിസ്ഥാനം എത്രയും പെട്ടെന്ന് ഒരുക്കുമെന്നും നടപടി പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു. നാളത്തെ കാലാവസ്ഥ അനുസരിച്ച് ജില്ലാ ഭരണകൂടവുമായി ചർച്ച ചെയ്ത് അന്തിമ പ്ലാൻ നടപ്പിലാക്കാനാണ് തീരുമാനം. സ്ഥലത്തേക്ക് ഡ്രോണുകൾ അടക്കം കൂടുതല്‍ സന്നാഹങ്ങള്‍ നാളെ എത്തിക്കും.
Also Read: നദിക്കടിയില്‍ നിന്ന് അര്‍ജുന്‍റെ ട്രക്ക് കണ്ടെത്തി; സ്ഥിരീകരിച്ച് ജില്ലാ പൊലീസ് മേധാവി
കരയിൽ നിന്നും 40 മീറ്റർ അകലെയാണ് 15 മീറ്റർ താഴ്ചയിലാണ് ട്രക്ക് കണ്ടെത്തിയിരിക്കുന്നത്. കനത്ത മഴക്കൊപ്പം തന്ന ശക്തമായ കാറ്റും വീശുന്നത് തെരച്ചിലിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഗംഗാവലി പുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണുള്ളത്. ഷിരൂരിലെ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് 9 ദിവസം പിന്നിടുകയാണ്. ഇത്രയും ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിൽ ഇന്നാണ് അർജുന്റെ ലോറി പുഴയിൽ തന്നെയുണ്ടെന്ന് സ്ഥിരീകരിക്കാൻ സാധിച്ചത്. പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബായരെ ഗൗഡയാണ് ആദ്യം സ്ഥിരീകരിച്ചത്. പിന്നാലെ കണ്ടെത്തിയത് അർജുന്റെ ലോറി തന്നെയാണെന്ന് ജില്ലാ പൊലീസ് മേധാവിയും സ്ഥിരീകരിച്ചു. അർജുന്റെ ട്രക്ക് ഗംഗാവലി നദിയിൽ തലകീഴായി മറിഞ്ഞ നിലയിലാണ് ഉള്ളതെന്ന് ഉത്തര കന്നട എസ്പി നാരായണ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam