അർജുന്റെ കുട്ടിയുടെ പ്രതികരണം; യൂട്യൂബ് ചാനലിനെതിരെ കേസ്, ചാനൽ ഉടമയ്ക്ക് നോട്ടീസ് നൽകും

Published : Jul 28, 2024, 05:38 PM ISTUpdated : Jul 28, 2024, 06:45 PM IST
അർജുന്റെ കുട്ടിയുടെ പ്രതികരണം; യൂട്യൂബ് ചാനലിനെതിരെ കേസ്, ചാനൽ ഉടമയ്ക്ക് നോട്ടീസ് നൽകും

Synopsis

പോക്സോ വകുപ്പിന്റെ പരിധിയിൽ പെടുന്ന കുറ്റമാണ് അവതാരക ചെയ്തതെന്നും പരാതിയിൽ പറയുന്നു. അർജുന്റെ കുട്ടിയുടെ പ്രതികരണമെടുത്തതിൽ വ്യാപകമായി വിമർശനം ഉയർന്നിരുന്നു.   

കോഴിക്കോട്: അർജുന്റെ കുട്ടിയുടെ പ്രതികരണം എടുത്ത യു ട്യൂബ് ചാനലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു. മഴവിൽ കേരളം എക്സ് ക്ലൂസീവ് എന്ന യൂട്യൂബ് ചാനലിനെതിരെ പാലക്കാട് സ്വദേശിയായ സിനിൽ ദാസാണ് പരാതി നൽകിയത്. അവതാരക കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിച്ചു റിപ്പോർട്ട്‌ നൽകാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. ചാനൽ ഉടമക്ക് നാളെ നോട്ടീസ് നൽകും. 

അവതാരകയ്ക്കും ചാനലിനുമെതിരെ കേസെടുക്കണമെന്നായിരുന്നു ആവശ്യം. പോക്സോ വകുപ്പിന്റെ പരിധിയിൽ പെടുന്ന കുറ്റമാണ് അവതാരക ചെയ്തതെന്നും പരാതിയിൽ പറയുന്നു. അർജുന്റെ കുട്ടിയുടെ പ്രതികരണമെടുത്തതിൽ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് പരാതി ഉയരുന്നതും പൊലീസ് കേസെടുക്കുന്നതും. കഴിഞ്ഞ ദിവസം അർജുൻ്റെ കുടുംബത്തിനെതിരെയുള്ള സൈബർ ആക്രമണത്തിൽ കോഴിക്കോട് സൈബർ പൊലീസും കേസെടുത്തിരുന്നു. പരാതിക്കാരുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിരുന്നു. അർജുൻ്റെ അമ്മയുടെ പ്രതികരണം എഡിറ്റ് ചെയ്തു കൊണ്ടായിരുന്നു പ്രചരണം.  

അതിനിടെ, ഷിരൂരിൽ അർജുന് വേണ്ടിയുള്ള തെരച്ചിൽ താത്ക്കാലികമായി അവസാനിപ്പിച്ച വിവരം ഔദ്യോ​ഗികമായി അറിയിച്ചില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. തീരുമാനം കൂടിയാലോചനകൾ ഇല്ലാതെയാണെന്നും സാധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇന്നലെ വരെ പറയാത്ത കാര്യമാണ് ഇപ്പോൾ പെട്ടെന്ന് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. കര്‍ണാടക സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ അര്‍ജുന്‍റെ ബന്ധു ജിതിനും എം വിജിന്‍ എംഎല്‍എയും പ്രതിഷേധമറിയിച്ചിട്ടുണ്ട്. 

ദൗർഭാ​ഗ്യകരമായ ഒരു നിലപാടാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു. തെരച്ചിൽ സ്ഥിരമായി നിർത്തുകയാണോ എന്ന് സംശയിക്കുന്നതായി എം വിജിൻ എംഎൽഎയും പറഞ്ഞു. അർജുൻ ഇല്ലാതെ എങ്ങനെ പോകും എന്നായിരുന്നു ബന്ധു ജിതിന്‍റെ ചോദ്യം. കുടുംബത്തോട് എന്ത് പറയും? തെരച്ചിൽ സ്ഥിരം ആയി നിർത്തുകയാണോ എന്ന് സംശയിക്കുന്നതായും ജിതിന്‍  ചൂണ്ടിക്കാട്ടി. സർക്കാർ ഔദ്യോഗികമായി തീരുമാനം അറിയിക്കും വരെ തുടരും. 

രക്ഷാപ്രവർത്തനം നിർത്തി വെക്കരുതെന്നും മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. യോഗ തീരുമാനം നടപ്പാക്കേണ്ടത് കർണാടക സർക്കാരാണ്. കേരള മന്ത്രിമാർക്ക് അവിടെ പോകാനേ പറ്റൂ. കേരള സർക്കാർ ആകുന്നത് പോലെ ചെയ്തു. മറ്റൊരു സംസ്ഥാനത്തെ ദൗത്യത്തിൽ ഇടപെടുന്നതിൽ കേരളത്തിന് പരിമിതി ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രക്ഷാദൗത്യം  തുടരണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു.

അടിയൊഴുക്ക് കാരണം പുഴയില്‍ ഇറങ്ങാനാകില്ലെന്നും അതിനാല്‍ താത്ക്കാലികമായി തെരച്ചില്‍ നിര്‍ത്തുകയാണെന്നും കാര്‍‌വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറിയിച്ചു. ഇനി തെരച്ചില്‍ തുടരണമെങ്കില്‍ ബാര്‍ജ് എത്തിക്കണം. തമിഴ്നാട്ടില്‍ നിന്ന് ബാര്‍ജ് എത്തിക്കാന്‍ കുറഞ്ഞത് 4 ദിവസം എടുക്കും. റോഡ് മാര്‍ഗമേ ബാര്‍ജ് എത്തിക്കാന്‍ സാധിക്കൂ. ഇതിനുള്ള ശ്രമം നടത്തുന്നുവെന്നും എംഎല്‍എ അറിയിച്ചു. കേരളത്തിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും എംഎല്‍എ പറഞ്ഞു. 

'ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് തെരച്ചില്‍ തുടരണം'; സിദ്ധരാമയ്യയോട് അഭ്യര്‍ത്ഥിച്ച് പിണറായി, കത്തയച്ചു

https://www.youtube.com/watch?v=Ko18SgceYX8

 


 

PREV
Read more Articles on
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം