
കൊച്ചി: മാനേജ്മെന്‍റിന്‍റെ അനാസ്ഥമൂലം 29 വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയാതെ പോയ കൊച്ചിയിലെ അരൂജാസ് സ്കൂളിന് പ്രവർത്തിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ എന്‍ഒസി ലഭിച്ചിരുന്നില്ലെന്ന് സമ്മതിച്ച് അരൂജാസ് സ്കൂൾ മാനേജ്മെന്റ്. സ്കൂൾ നടത്താൻ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് കാണിച്ചാണ് സർക്കാർ ക്ലിയറൻസ് നൽകാതിരുന്നത്. അതിനാലാണ് സ്കൂളിന് സിബിഎസ്ഇയും അംഗീകാരം നല്‍കാതിരുന്നത്. ഇതിനെതിരെ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയാണ് സ്കൂൾ പ്രവർത്തിച്ചതെന്നും സ്കൂൾ നടത്തുന്ന അരൂജാസ് എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിള്‍ ട്രസ്ടിന്റെ പ്രസിഡന്റ് മെൽബിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കോടതിയിൽ നിന്ന് സ്റ്റേ ഉണ്ടെന്നാണ് മാനേജ്മെന്റിന്റെ അവകാശവാദമെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയില്ല.
മാനേജ്മെന്‍റിന്‍റെ അനാസ്ഥ, കൊച്ചിയില്‍ പത്താം ക്ലാസ്സ് പരീക്ഷ എഴുതാനാവാതെ 29 കുട്ടികൾ
അതേസമയം സ്കൂളില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിദ്യാര്‍ത്ഥിസംഘടനകളും നടത്തുന്ന പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. സ്കൂള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് അരൂജാസ് സ്കൂളിലേക്ക് എസ്എഫ്ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാർച്ച് നടത്തുന്നുണ്ട്. അതിനിടെ അരൂജാസ് സ്കൂളിന് സംസ്ഥാന സര്‍ക്കാരിന്‍റെ അംഗീകാരം ഇല്ലെന്നതിനൊപ്പിം 2018 ല്‍ അടച്ചു പൂട്ടാൻ സംസ്ഥാന സര്‍ക്കാര്‍ നിർദേശിച്ചിരുന്നതായുമുളള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. എന്നാല്‍ അംഗീകാരം ഇല്ലാത്ത സ്കൂളിന്റ് കാര്യത്തിൽ ഇടപെടാൻ ആകില്ലെന്ന് സിബിഎസ് സി റീജണല്‍ ഡയറക്ടർ സച്ചിൻ ഠാക്കൂർ ഏഷ്യാനെറ് ന്യൂസിനോട് വ്യക്തമാക്കി.
"
കൊച്ചിയില്‍ സ്കൂള്‍ മാനേജ്മെന്റ് വീഴ്ച കാരണം 29 വിദ്യാർത്ഥികൾക്കാണ് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാതെ പോയത്. കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷയെഴുതാന്‍ സാധിക്കാത്തത്. തോട്ടുംപടി മൂലംകുഴി സ്കൂളിന് മുന്നിൽ വിദ്യാർത്ഥികളും മാതാപിതാക്കളും പ്രതിഷേധിക്കുകയാണ്. രജിസ്ട്രേഷന്‍ അപ്രൂവ് ആയില്ലെന്നാണ് മാനേജ്മെന്‍റ് അറിയിച്ചതെന്നും സ്കൂളിൽ മാനേജ്മെന്റിന്റെ വീഴ്ചയെ തുടർന്നാണ് പരീക്ഷ എഴുതാൻ സാധിക്കാത്തതെന്നും സ്കൂളിൽ കവാടം ഉപരോധിക്കുന്ന മാതാപിതാക്കൾ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam